കടകംപള്ളി ഭൂമി തട്ടിപ്പുകേസില്‍ സലിംരാജിനെ സംരക്ഷിക്കാന്‍ സിബിഐയുടെ ശ്രമം; ചുമത്തിയിരിക്കുന്നത് പരാതിക്കാരെ ഭീഷണിപ്പെടുത്തിയെന്ന നിസാരകുറ്റം മാത്രം

single-img
2 November 2016

 

salim

കടകംപള്ളി ഭൂമി തട്ടിപ്പ് കേസില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഗണ്‍മാനെ രക്ഷപ്പെടുത്താവുന്ന വിധത്തില്‍ സിബിഐയുടെ കുറ്റപത്രം. പരാതിക്കാരെ ഭീഷണിപ്പെടുത്തിയെന്ന നിസാര വകുപ്പ് മാത്രമാണ് കുറ്റപത്രത്തില്‍ സലിംരാജിനെതിരെ ചുമത്തിയിരിക്കുന്നത്.

ഭൂമി തട്ടിയെടുക്കാനുള്ള ഗൂഢാലോചനയില്‍ സലിംരാജും ഉള്‍പ്പെട്ടിരുന്നു എന്ന് സിബിഐ തന്നെ വ്യക്തമാക്കുമ്പോഴാണ് പ്രധാന കുറ്റങ്ങളില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നത്. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ കോടതിയിലാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്. സലിംരാജിനെതിരെ ഇന്ത്യന്‍ പീനല്‍ കോഡിലെ 506-ാം വകുപ്പ് മാത്രമാണ് ചുമത്തിയിരിക്കുന്നത്. കൂടിപ്പോയാല്‍ രണ്ട് വര്‍ഷം മാത്രം തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പ് ആണിത്. കേസിലെ 23-ാം പ്രതി കെ കെ ദിലീപ് വസ്തു ഉടമയുടെ പവര്‍ ഓഫ് അറ്റോണി എസ് ബാലുവിനെ ഭീഷണിപ്പെടുത്തിയാണ് നേടിയതെന്നും സലിംരാജാണ് ഇതിന് സഹായിച്ചതെന്നും കുറ്റപത്രത്തില്‍ പറയുന്നു.

കുറ്റപത്രത്തിന്റെ പകര്‍പ്പ് റിപ്പോര്‍ട്ടര്‍ ചാനലാണ് ഇന്ന് രാവിലെ പുറത്തുവിട്ടത്. അന്വേഷണത്തിലെ കണ്ടെത്തലുകള്‍ സിബിഐ വിശദീകരിക്കുന്നത് ഇങ്ങനെയാണ്. ‘2012 ഡിസംബര്‍ മാസത്തില്‍ സലിംരാജും ദിലീപും ഭൂമി തട്ടിപ്പില്‍ ഉള്‍പ്പെട്ടവരും തിരുവനന്തപുരം പൂജപ്പുരയില്‍ പുഷ്പവനത്തുള്ള ഡോ. അശോക് കുമാറിന്റെ ഓഫീസില്‍ കൂടിക്കാഴ്ച നടത്തി. വ്യാജരേഖ ചമച്ച് തട്ടിയെടുത്ത ഭൂമിയുടെ ഉടമസ്ഥാവകാശം സ്വന്തമാക്കുന്നതിനെക്കുറിച്ച് ആലോചിക്കാനായിരുന്നു ഒത്തുചേരല്‍. ഭൂഉടമകളുടെ പവര്‍ ഓഫ് അറ്റോണി എസ് ബാലുവിനെ ഇവിടേക്ക് വിളിച്ചുവരുത്തി ഭൂമി ഉടമസ്ഥാവകാശത്തില്‍ നിന്നും പിന്മാറിയില്ലെങ്കില്‍ നശിപ്പിച്ച് കളയുമെന്ന് ഭീഷണിപ്പെടുത്തി. തങ്ങള്‍ക്ക് ഉന്നതബന്ധമുണ്ടെന്ന് പ്രതികള്‍ ഭീഷണിപ്പെടുത്തിയതായും സിബിഐ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

അതേസമയം മുഖ്യമന്ത്രിയുടെ ഗണ്‍മാന് ഭൂമി തട്ടിപ്പുകാരുമായി എന്താണ് ബന്ധമെന്ന് സിബിഐ വിശദീകരിക്കുന്നില്ല. ഗുരുതരമായ ഗൂഢാലോചനാ കുറ്റത്തില്‍ നിന്നും സിബിഐ സലിംരാജിനെ ഒഴിവാക്കുകയായിരുന്നെന്ന് വ്യക്തം. മറ്റ് ഇടപാടുകളില്‍ സലിംരാജിന് ബന്ധമുണ്ടോയെന്നും സിബിഐ പരിശോധിച്ചിട്ടില്ല.

കേസിലെ ഉന്നത ബന്ധം ഹൈക്കോടതി തന്നെ ചൂണ്ടിക്കാട്ടിയിട്ടും സലിംരാജിനെ തൊടാനുള്ള ധൈര്യം സിബിഐയ്ക്കുണ്ടായിരുന്നില്ലെന്നും വ്യക്തമാണ്. പ്രോസിക്യൂഷന്‍ അനുമതി ആവശ്യപ്പെട്ട് സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ സലിംരാജിനെതിരെ ഗുരുതര കുറ്റങ്ങള്‍ ചുമത്തിയ സിബിഐ അന്തിമ റിപ്പോര്‍ട്ടില്‍ കേസ് ദുര്‍ബലമാക്കിയത് ദുരൂഹമാണ്.