സിമി പ്രവർത്തകരെ കൊലപ്പെടുത്തിയ സംഭവം;പൊലീസ് വിശദീകരണങ്ങളിൽ വൈരുധ്യം;ഭോപ്പാലിലേത് വ്യാജ ഏറ്റുമുട്ടല്‍ തന്നെയെന്ന് ജസ്റ്റിസ് കട്ജു

single-img
1 November 2016

14875416_10154587127112456_519759835_nഭോപ്പാല്‍ സെന്‍ട്രല്‍ ജയില്‍ ചാടിയ എട്ട് സിമി പ്രവര്‍ത്തകരെ ഏറ്റമുട്ടില്‍ വധിച്ചുവെന്ന പൊലീസ് വിശദീകരണങ്ങളിൽ വൈരുധ്യം.സിമി പ്രവർത്തകർ ആയുധധാരികളായിരുന്നുവെന്നും പൊലീസിനു നേരെ നിറയൊഴിച്ചെന്നും ഭോപാൽ ഐജി യോഗേഷ് ചൗധരി പറഞ്ഞപ്പോൾ, അവർ നിരായുധരായിരുന്നുവെന്നാണു ഭീകരവിരുദ്ധ സ്ക്വാഡ് ഐജി സഞ്ജീവ് ശമി പറഞ്ഞത്. പൊലീസ് ഒരാൾക്കു നേരെ തൊട്ടടുത്തുനിന്നു വെടിയുണ്ടകൾ പായിക്കുന്ന ദൃശ്യം പുറത്ത് വന്നിട്ടുണ്ട്.ദൃശ്യത്തിൽ ഒരാൾ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ കത്തിയെന്നു തോന്നിക്കുന്ന വസ്തു പുറത്തെടുക്കുകയും തിരിച്ചുവയ്ക്കുകയും ചെയ്തതിനു പിന്നാലെയാണു പൊലീസ് നിറയൊഴിക്കുന്നത്.

രണ്ടാമത്തെ വീഡിയോയില്‍ ഒരു കൂട്ടം ആള്‍ക്കാര്‍ കുറേ അകലത്തില്‍ നില്‍ക്കുന്നതിന്റെ ദൃശ്യമാണുള്ളത്. നിര്‍ത്തൂ. അഞ്ചു പേര്‍ നമ്മളോട് സംസാരിക്കാന്‍ ഒരുങ്ങുന്നു. എന്നും തൊട്ടുപിന്നാലെ മൂന്ന് പേര്‍ ഓടിരക്ഷപ്പെടാന്‍ ഒരുങ്ങുന്നു അവരെ വളയൂ എന്നും പറയുന്നു. പിന്നീട് കേള്‍ക്കുന്നത് വെടിശബ്ദമാണ്

 

ജയിലിൽനിന്നുള്ള സ്പൂണുകളും പ്ലേറ്റുകളും ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നു മധ്യപ്രദേശ് ആഭ്യന്തരമന്ത്രി ഭൂപേന്ദ്രസിങ് മാധ്യമപ്രവർത്തകരോടു പറഞ്ഞു. നിരായുധനായ ആളെ പൊലീസ് വെടിവയ്ക്കുന്ന ടിവി ദൃശ്യത്തെക്കുറിച്ചു ചോദിച്ചപ്പോൾ ഏറ്റുമുട്ടലിൽ പൊലീസിന് ഉന്മൂലനമല്ലാതെ വഴിയില്ലെന്നായിരുന്നു ആഭ്യന്തര മന്ത്രിയുടെ മറുപടി. ജയിൽച്ചാട്ടവും ഏറ്റുമുട്ടലും ഒട്ടേറെ ചോദ്യങ്ങൾ ഉയർത്തുന്നതായി സിമി പ്രവർത്തകരുടെ അഭിഭാഷകൻ പർവേസ് അലം പറഞ്ഞു. ‘അതീവ സുരക്ഷാജയിലിൽനിന്ന് അർധരാത്രിക്കുശേഷം എട്ടുപേർ രക്ഷപ്പെട്ടത് അദ്ഭുതമായിരിക്കുന്നു. അവർ ജയിലിൽനിന്നു പുറത്തുവന്നത് ആരുടെ പ്രേരണയിലാണ്, ആരാണുപിന്നിൽ എന്ന് അന്വേഷിക്കണം’– അലം ആവശ്യപ്പെട്ടു.

വിചാരണ പൂര്‍ത്തിയാകാന്‍ ആഴ്ച്ചകള്‍ മാത്രം ശേഷിക്കെയാണ് വിചാരണത്തടവുകാരായ പ്രതികള്‍ കൊല്ലപ്പെട്ടത്.അതീവ സുരക്ഷയുള്ള ജയിലില്‍ നിന്നും പ്രതികള്‍ രക്ഷപ്പെട്ടുവെന്ന വാദത്തില്‍ സംശയം പ്രകടിപ്പിച്ച് കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളും രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തില്‍ ജൂഡീഷ്യല്‍ അന്വേഷണം വേണമെന്ന് സിപിഐഎം ആവശ്യപ്പെട്ടു.

അതേസമയം ഭോപ്പാല്‍ സെന്‍ട്രല്‍ ജയില്‍ ചാടിയ എട്ട് സിമി പ്രവര്‍ത്തകരെ ഏറ്റമുട്ടില്‍ വധിച്ചുവെന്ന പൊലീസ് ഭാഷ്യം തള്ളി സൂപ്രീംകോടതി മുന്‍ ജഡ്ജിയും പ്രസ്സ് കൗണ്‍സില്‍ ചെയര്‍മാനുമായി ജസ്റ്റീസ് മാര്‍ക്കണ്ഡേയ കട്ജു. ഭോപ്പാലിലേത് വ്യാജ ഏറ്റുമുട്ടലാണെന്ന് കട്ജു ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ഭോപ്പാലിലെ ഏറ്റുമുട്ടല്‍ വ്യാജമാണെന്നാണ് മനസ്സിലാകുന്നത്. അതിന് ഉത്തരവാദികളായ എല്ലാവര്‍ക്കും, വെടിവെച്ച പൊലീസുകാര്‍ക്ക് മാത്രമല്ല, അതിന് ഉത്തരവിട്ട രാഷ്ട്രീയക്കാര്‍ക്കും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കും വധശിക്ഷ നല്‍കണമെന്നും കട്ജു ആവശ്യപ്പെട്ടു.