അന്യമതസ്ഥനെ വിവാഹം കഴിച്ച അധ്യാപികയെ സ്‌കൂളില്‍ നിന്ന് പുറത്താക്കി:ടീച്ചര്‍ പഠിപ്പിച്ചാല്‍ കുട്ടികള്‍ വഴിതെറ്റിപോകും എന്ന് അധികൃതര്‍

single-img
1 November 2016

saranyaharis
പാലക്കാട്: അന്യമതസ്ഥനെ വിവാഹം ചെയ്തതിന്റെ പേരില്‍ അധ്യാപികയെ ജോലിയില്‍ നിന്നു പിരിച്ചു വിട്ടു. കഴിഞ്ഞ ശനിയാഴ്ച സി.പി.ഐ.എമ്മിന്റെ പാലക്കാട് വാണിയംകുളം ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ വെച്ചായിരുന്നു മുഹമ്മദ് ഹാരിസിന്റേയും ശരണ്യയുടേയും വിവാഹം.
വിവാഹത്തിന് ശേഷം ഒരാഴ്ചത്തെ അവധി അപേക്ഷിക്കാന്‍ സ്‌കൂളിലേക്ക് വിളിച്ചപ്പോള്‍ ‘ഇനി സ്‌കൂളിലേക്കു വരണ്ട’ എന്ന മറുപടിയായിരുന്നു ഇവര്‍ക്ക് ലഭിച്ചത്.

ആറ് വര്‍ഷമായി ഹാരിസും ശരണ്യയും പ്രണയത്തിലായിരുന്നു. എന്നാല്‍ രണ്ട് വീട്ടുകാരും വിവാഹം എതിര്‍ത്തതോടെയാണ് പാര്‍ട്ടി ഓഫീസില്‍ വച്ച് വിവാഹം നടത്തിയത്.

വിവാഹവാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചയായിരുന്നു. തൃശ്ശൂര്‍ ചെറുതുരുത്തി അല്‍ ഇര്‍ഷാദ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ എല്‍.പി വിഭാഗം അദ്ധ്യാപികയായിരുന്നു ശരണ്യ. എം.എ ബി.എഡ് യോഗ്യതയുള്ള ശരണ്യ കഴിഞ്ഞ രണ്ട് വര്‍ഷമായി ഈ സ്‌കൂളിലെ അധ്യാപികയായിരുന്നു.
പ്രേമം വിവാഹം മതം മാറിയുള്ള കല്യാണം എന്നിവയെല്ലാം പ്രശ്‌നമാണ്. കുട്ടികള്‍ വഴിതെറ്റിപോകും എന്ന വാദമാണു ശരണ്യയെ പുറത്താക്കാനുള്ള കാരണമായി സ്കൂൾ അധികൃതർ പറയുന്നത്.