വാട്സാപ്പിൽ നഗ്നസെൽഫി അയച്ച സംഭവം;ലോക്കൽ സെക്രട്ടറിയോട് സിപിഎം വിശദീകരണം തേടി.

single-img
1 November 2016

whatsapp-red-edition

കൊച്ചി: വാട്‌സാപ്പ് വഴി നഗ്ന സെല്‍ഫി പ്രചരിപ്പിച്ച സംഭവത്തില്‍ സി.പി.എം മുടക്കുഴ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയോട് ജില്ലാ നേതൃത്വം വിശദീകരണം തേടി. നവംബര്‍ മൂന്നിനകം വിശദീകരണം നല്‍കണമെന്നാണ് നിര്‍ദേശം. തിങ്കളാഴ്ച ജില്ലാ സെക്രട്ടറി പി. രാജീവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തര കമ്മിറ്റിയിലാണ് തീരുമാനം. വിശദീകരണത്തിനു ശേഷം സെക്രട്ടറിക്കെതിരെ നടപടി പാര്‍ട്ടി ആലോചിക്കും.

ത്രിവേണിയെന്ന വാട്സാപ് ഗ്രൂപ്പിലെത്തിയ ചിത്രത്തെ ചൊല്ലിയാണ് വിവാദം. ലോക്കൽ കമ്മിറ്റിയിൽ സംഭവം ചർച്ചയായെങ്കിലും നടപടിയുണ്ടായില്ല.മുടക്കുഴ ലോക്കല്‍ സെക്രട്ടറി സാജു വി.പോളിനെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. സ്വന്തം നഗ്നത മൊബൈലില്‍ പകര്‍ത്തി ലോക്കല്‍ കമ്മിറ്റിയിലെ ഒരു വനിതാ അംഗത്തിന് അയച്ചുകൊടുത്തത് വാട്‌സാപ്പ് മാറിയതിനെ തുടര്‍ന്ന് സി.പി.എം നേതൃത്വം നല്‍കുന്ന ത്രിവേണി എന്ന കൂട്ടായ്മയിലേക്ക് എത്തുകയായിരുന്നു. 250 ഓളം അംഗങ്ങളുള്ള കൂട്ടായ്മയാണ് ത്രിവേണി.

തനിക്ക് അബദ്ധം സംഭവിച്ചതാണെന്നും അഡ്രസ് മാറിയതാണെന്നും മറ്റുമാണ് ഇതുസംബന്ധിച്ച് ലോക്കല്‍ കമ്മിറ്റിയില്‍ നടന്ന ചര്‍ച്ചയില്‍ സെക്രട്ടറി വിശദീകരണം നല്‍കിയത്.ത്രിവേണി വാട്സാപ് ഗ്രൂപ്പിൽ ലോക്കൽ കമ്മിറ്റിയംഗമായ വനിതയുമുണ്ട്. മുടക്കുഴയിലെ സ്ഥലപ്പേരാണ് ത്രിവേണി. വാട്സാപ്പ് ഗ്രൂപ്പിനും ഈ പേരാണ്. വനിത അംഗത്തിന്റെ പേര് ത്രിവേണിയെന്നു കൂടി ചേർത്താണ് സേവ് ചെയ്തിരുന്നതെന്നും പറയുന്നു.