ഫ്‌ളാറ്റ് തട്ടിപ്പ് കേസില്‍ നടന്‍ ജോണിന്റെ പിതാവ് അറസ്റ്റില്‍;ജോണും സഹോദരനും ഒളിവിൽ;ജോണിന്റെ ഭാര്യയായ നടി ധന്യ മേരി വർഗീസിനെതിരേയും അന്വേഷണം

single-img
1 November 2016

14885780_623033491238690_2138541885_n
ഫ്‌ളാറ്റ് തട്ടിപ്പ് കേസില്‍ നടന്‍ ജോണിന്റെ പിതാവ് ജേക്കബ് സാംസണെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്തു നിന്നും ക്രൈം ഡിറ്റാച്ച്‌മെന്റ് വിഭാഗമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഉപഭോക്താക്കളുടെ പരാതിയിലാണ് അറസ്റ്റ്. സാംസണ്‍ ആന്‍ഡ്‌ സണ്‍സ് ബില്‍ഡെയ്സ് ഗ്രൂപ്പിന്റെ ചെയര്‍മാനാണ് ജേക്കബ്‌ സാംസണ്‍. ഈ സ്ഥാപനത്തിന്റെ തന്നെ മാനേജിംഗ് ഡയറക്ടറാണ് നടൻ ജോണ്‍ ജേക്കബ്‌ .
തട്ടിപ്പ് കേസില്‍ പെട്ട നടന്‍ ജോൺ ജേക്കബ് ഒളിവിലാണെന്ന് ക്രൈം ഡിറ്റാച്ച്മെന്റ് എ.സി.പി സന്തോഷ് ഇ-വാർത്തയോട് പറഞ്ഞു.പി.ആർ.ഡി ആഡീഷണൽ ഡയറക്ടർ ആയി വിരമിച്ച ഉദ്യോഗസ്ഥനാണു ജേക്കബ് സാംസൺ.ഇയാളുടെ മക്കളായ ജോണും സാമും ചേർന്നാണു കമ്പനി നടത്തുന്നത്.ജോണിന്റെ ഭാര്യയാണു സിനിമാ താരം ധന്യ മേരി വർഗീസ്.സിനിമാ താരം കൂടിയായ ജോണിന്റേയും ധന്യയുടേയും സെലിബ്രിറ്റി പശ്ചാത്തലം ഉപയോഗിച്ചാണു കമ്പനി വളർന്നത്.

40 കോടിയോളം രൂപയുടെ തട്ടിപ്പാണു ഇവർ ചേർന്ന് നടത്തിയതെന്ന് പോലീസ് പറഞ്ഞു.മുപ്പതിലധികം പേർ ഇവർക്കെതിരേ പരാതിയുമായി രംഗത്ത് വന്നിട്ടുണ്ട്.ഫ്ലാറ്റ് നിർമ്മിച്ച് നൽകാമെന്ന് പറഞ്ഞാണു ഇവർ ഇടപാടുകാരിൽ നിന്നും പണം വാങ്ങിയത്.രണ്ട് വർഷം കഴിഞ്ഞിട്ടും ഫ്ലാറ്റ് ലഭിക്കാതായപ്പോൾ പണം നൽകിയവർ പോലീസിൽ പരാതി നൽകുക ആയിരുന്നു.

ജോണിന്റെ ഭാര്യയായ നടി ധന്യ മേരി വർഗീസായിരുന്നു കമ്പനിയുടെ സെയിൽസ് വിഭാഗം നിയന്ത്രിച്ചിരുന്നത്.നടി ധന്യയ്ക്കെതിരായും അന്വേഷണം നടക്കുന്നതായി പോലീസ് പറഞ്ഞു.2012 ജനുവരിയിലായിരുന്നു ജോണും ധന്യയും തമ്മിലുള്ള വിവാഹം നടന്നത്.

അമൃത ടെലിവിഷന്‍ ചാനലിലെ സൂപ്പര്‍ ഡാന്‍സര്‍ റിയാലിറ്റി ഷോയിലൂടെയാണ് ജോൺ പ്രശസ്തിയിലേയ്ക്ക് ഉയർന്നത്.ധന്യ മധുപാലിന്റെ തലപ്പാവ് എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയില്‍ സജീവമായത്. പിന്നീട് വൈരം, കേരളാ കഫെ, കോളേജ് ഡെയ്‌സ് തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടു.