സംസ്ഥാനത്തുടനീളം സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഫീസ് പിരിക്കുന്നതിന്റെ കൂടുതല്‍ തെളിവുകള്‍ ഇ വാര്‍ത്തയ്ക്ക്; ചൂഷണം ചെയ്യുന്നത് സാധാരണക്കാരായ മാതാപിതാക്കളുടെ അറിവില്ലായ്മയും നിസ്സഹായാവസ്ഥയും

single-img
31 October 2016

 

kanjikodu-1

പാലക്കാട് കഞ്ചിക്കോട് സര്‍ക്കാര്‍ പ്രൈമറി സ്‌കൂളില്‍ കുട്ടികളില്‍ നിന്നും അമിത ഫീസ് ഈടാക്കുന്നതായി കഴിഞ്ഞ ദിവസം ഇ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതിന് പിന്നാലെ സംസ്ഥാത്തുടനീളം വിവിധ സര്‍ക്കാര്‍ സ്‌കൂളുകളില്‍ കുട്ടികളില്‍ അഡ്മിഷന്‍ ഫീസ് ഉള്‍പ്പെടെ വാങ്ങുന്നതായി ഇ വാര്‍ത്തയ്ക്ക് തെളിവു ലഭിച്ചു. രക്ഷിതാക്കള്‍ തന്നെയാണ് വിവരം കൈമാറിയത്. അതേസമയം സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിന്നും പുറത്താക്കപ്പെട്ടാല്‍ വന്‍ തുക ഫീസായി കൊടുത്ത് മക്കളെ പഠിപ്പിക്കാന്‍ കഴിവില്ലാത്ത മാതാപിതാക്കള്‍ പ്രതികരിക്കാന്‍ സാധിക്കാതെയിരിക്കുകയാണ്. ഏതാനും മാതാപിതാക്കളെങ്കിലും ഇതിനെതിരെ പരാതി കൊടുക്കാന്‍ തയ്യാറായി രംഗത്തെത്തിയിട്ടുണ്ട്.

മാതാപിതാക്കളുടെ അറിവില്ലായ്മയെയും ഗതികേടിനെയും ചൂഷണം ചെയ്യുകയാണ് സര്‍ക്കാര്‍ സ്‌കൂളുകള്‍ ചെയ്യുന്നത്. സാധാണക്കാരില്‍ സാധാരണക്കാരായ കുട്ടികള്‍ പഠിക്കുന്ന സര്‍ക്കാര്‍ സ്‌കൂളുകളില്‍ കൊള്ളപിരിവാണുള്ളതെന്ന് മാതാപിതാക്കള്‍ അറിയുന്നില്ല എന്നതാണ് വാസ്തവം. പ്രാഥമിക വിദ്യാഭാസ കാലയളവായ 14 വയസ്സു വരെ കുട്ടികളില്‍ നിന്ന് ഒരു ഫീസും വാങ്ങിക്കരുത് എന്ന് കാണിച്ച് ബാലാവകാശ കമ്മീഷന്‍ സര്‍ക്കുലര്‍ പുറവടിച്ചിരുന്നു.

സ്റ്റാമ്പ് പിരിവ്, യുവജനോല്‍സവ പിരിവ്, പി.ടി.എ.ഫണ്ട്, സ്‌കൂള്‍ വാര്‍ഷിക ഫണ്ട് എന്നിങ്ങനെയുള്ള ഒരു ധനസമാഹരണവും പാടില്ല. 2009ലെ വിദ്യാഭാസ അവകാശ നിയമപ്രകാരം കുട്ടികളുടെ എല്ലാ ചിലവുകളും വഹിക്കേണ്ടത് സര്‍ക്കാറും തദ്ദേശ സ്ഥാപനങ്ങളുമാണ്. ഒന്‍പത്,പത്ത് ക്ലാസിലെ കുട്ടികളില്‍ നിന്ന് സര്‍ക്കാര്‍ ഫീസ് അല്ലാതെ മറ്റൊരു നിര്‍ബന്ധ പിരിവും പാടില്ല. അധികം വിദ്യാഭാസമില്ലാത്ത മാതാപിതാക്കള്‍ മക്കളുടെ പഠനത്തിന് വേണ്ടി പണം കൊടുക്കുകയാണ് ചെയ്യുന്നത്. സര്‍ക്കാര്‍ സ്‌കൂളുകളിലെ ഈ അരക്ഷിതാസസ്ഥ തടയേണ്ടത് വളരെ അത്യാവശ്യമാണ്. കഞ്ചിക്കോട് ഗവ എല്‍ പി സ്‌കൂളില്‍ ഇത്തരത്തിലുള്ള വന്‍ തുക ഈടാക്കുന്നു എന്നതിന്റെ തെളിവ് നേരത്തെ ഇവാര്‍ത്തക്ക് ലഭിച്ചിരുന്നു.

തിരുവനന്തപുരത്തെയും കോട്ടയത്തെയും സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിക്കുന്ന ചില കുട്ടികളുടെ മാതാപിതാക്കളുമായും സ്‌കൂള്‍ അധികൃതരുമായും ബന്ധപ്പെട്ടപ്പോഴാണ് സംസ്ഥാന വ്യാപകമായി ഈ പകല്‍ക്കൊള്ള നടക്കുന്നുണ്ടെന്ന് വ്യക്തമായത്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ കുട്ടികളുടെ ഓരോ ആവശ്യങ്ങള്‍ക്കും സര്‍ക്കാരിന്റെ ഫണ്ട് അനുവദിച്ചിട്ടുണ്ട്. അതില്‍ നിന്നുമാണ് ആവശ്യങ്ങള്‍ നടപ്പാകേണ്ടത്. എന്നാല്‍ ഇതിന് തയ്യാറാകാതെ അഞ്ഞൂറ് രൂപ മുതല്‍ 1500 രൂപ വരെയാണ് പല സ്‌കൂളുകളും ഈടാക്കുന്നത്. സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും കണക്കെടുക്കുമ്പോള്‍ ഈ തുക ഭീമമാകും.

ദേശീയ മനുഷ്യാവകാശ സാമൂഹിക നീതി കമ്മീഷന്‍ ചെയര്‍മാനാണ് സര്‍ക്കാര്‍ സ്‌കുളുകളുടെ കൊള്ള ലാഭത്തെക്കുറിച്ച് ഇ വാര്‍ത്തയോട് പറഞ്ഞത്. ഈ വിഷയത്തില്‍ ശക്തമായ അന്വേഷണം ഉണ്ടാവേണ്ടതാണ്. സര്‍ക്കാര്‍ സ്‌കൂളുകളിലെ അമിതഫീസ് ഈടാക്കലിനെതിരെ പൊതുസമൂഹം ഉണരണം.
വലിയ തുക കൊടുത്ത് മക്കളെ പഠിപ്പിക്കാന്‍ കഴിയാത്തത് കൊണ്ടാണ് സര്‍ക്കാര്‍ സ്‌കൂളില്‍ വിട്ട് പഠിപ്പിക്കുന്നത്. മക്കളുടെ ഭാവിക്കായ് ജീവിക്കുന്ന അഛനമ്മമാര്‍ മറ്റൊന്നും നോക്കാതെ പണം കൊടുക്കുകയാണ് എന്നാണ് ഒരു രക്ഷകര്‍ത്താവ് ഇവാര്‍ത്തയോട് പ്രതികരിച്ചത്.

അതേസമയം സര്‍ക്കാര്‍ സ്‌കൂളുകളുടെ ഈ കൊള്ളയ്‌ക്കെതിരെ ഡിപിഐ, എഡിപിഐ, വിജിലന്‍സ് എന്നിവരെ സമീപിക്കാന്‍ ഒരുങ്ങുകയാണ് ദേശീയ മനുഷ്യാവകാശ സാമൂഹിക നീതി കമ്മിഷന്‍.