സിമി പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായത് വ്യാജ ഏറ്റുമുട്ടലോ? ഏറ്റുമുട്ടലില്‍ മരിച്ച തടവുകാര്‍ ധരിച്ചിരുന്നത് ജീന്‍സും സ്‌പോര്‍ട്‌സ് ഷൂസുകളും

single-img
31 October 2016

 

ജയില്‍ ചാടിയ തടവുകാരുടെ ചിത്രങ്ങള്‍ പതിച്ച വാണ്ടഡ് നോട്ടീസ് ഭോപ്പാല്‍ റെയില്‍വേ സ്റ്റേഷനില്‍ പതിക്കുന്ന പോലീസ് ഉദ്യോഗസ്ഥന്‍

ജയില്‍ ചാടിയ തടവുകാരുടെ ചിത്രങ്ങള്‍ പതിച്ച വാണ്ടഡ് നോട്ടീസ് ഭോപ്പാല്‍ റെയില്‍വേ സ്റ്റേഷനില്‍ പതിക്കുന്ന പോലീസ് ഉദ്യോഗസ്ഥന്‍

ഭോപ്പാല്‍: ഭോപ്പാലില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ നടന്നത് നാടകീയ സംഭവങ്ങള്‍. ഭോപ്പാല്‍ സെന്‍ട്രര്‍ ജയിലില്‍ നിന്നും ജയില്‍ ചാടിയ സിമി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലില്‍ ആണെന്ന സംശയം ബലപ്പെടുന്നു. അംസാദ്, സക്കീര്‍ ഹുസൈന്‍, സാദീഖ് മൊഹമ്മദ് സാലിഖ്, മുജീബ് സായീഖ്, മെഹബൂദ് ഗുദ്ദു, മൊഹമ്മദ് ഖാലിദ് അഹമ്മദ്, അഖീല്‍, മജീദ് എന്നിവരാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതെന്ന് ഭോപ്പാല്‍ ഡി.ഐ.ജി രമണ്‍ സിങ് പറഞ്ഞു.

സിമി പ്രവര്‍ത്തകര്‍ ജയിലില്‍ നിന്നും രക്ഷപ്പെടുന്ന രണ്ടാമത്തെ സംഭവമാണിത്. മധ്യപ്രദേശില്‍ നിന്നും 2013ലും ഇതിന് സമാനമായി ഏഴ് സിമി പ്രവര്‍ത്തകര്‍ ജയില്‍ ചാടിയിരുന്നു. ഇവരെ സമീപകാലത്താണ് വീണ്ടും പിടികൂടിയത്. അതിലുണ്ടായിരുന്ന മൂന്നുപേര്‍ ഇന്ന് ജയില്‍ ചാടിയ സംഘത്തിലുമുണ്ടായിരുന്നു എന്നതാണ് കൗതുകം. ഒരിക്കല്‍ ജയില്‍ ചാടിയ പ്രതികള്‍ക്ക് വീണ്ടും അതിനുള്ള സാഹചര്യം സാധാരണ നിലയില്‍ ജയിലില്‍ ലഭിക്കാറില്ല. അവര്‍ കനത്ത നിരീക്ഷണത്തിലായിരിക്കും ജയിലില്‍ കഴിയുന്നത്. ഇതു പോലെ തന്നെ അന്നും വ്യാജ ഏറ്റുമുട്ടലുകള്‍ നടന്നിരുന്നു. അത് പല കാര്യങ്ങളില്‍ നിന്നും രക്ഷ നേടാനുള്ള ഒളിമറ ആയിട്ടായിരുന്നു. എന്നാല്‍ അതു പോലെ എന്തേലും ഇവിടെ നടന്നിട്ടുണ്ടോ എന്നത് സംബന്ധിച്ച് വിവരങ്ങള്‍ ഇനിയും ലഭ്യമായിട്ടില്ല. പോലീസ് പറഞ്ഞ് നമ്മള്‍ അറിഞ്ഞ കാര്യങ്ങളും അതില്‍ സംശയം നിഴലിക്കുന്നതുമായ ചില കാര്യങ്ങളുള്ളതിനാലാണ് ഇന്നത്തേത് ഒരു വ്യാജ ഏറ്റുമുട്ടലാണെന്ന സംശയത്തിന് കാരണം.

എട്ട് സിമി പ്രവര്‍ത്തകര്‍ ഒരു സ്പൂണ്‍ കത്തിയായി രൂപപ്പെടുത്തി അത് ഉപയോഗിച്ച് ജയില്‍ ഗാര്‍ഡിനെ കൊല്ലുകയും മറ്റൊരു ഉദ്യേഗസ്ഥനെ കെട്ടിയിട്ട്, കിടക്ക വിരികള്‍ കൂട്ടി കെട്ടി അത് ഉപയോഗിച്ച് പുറത്ത് ചാടുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ സാധാരണ ജയില്‍ ചാടുന്നവര്‍ പിടിക്കപ്പെടാതിരിക്കാനായി പല ദിക്കുകളിലേക്കും ഓടി ഒളിക്കുകയാണ് പതിവ്. പക്ഷെ ഇവരെല്ലാരും ഒരുമിച്ചു നിന്നത് എന്തുകൊണ്ടാവാം?

ജയില്‍ ചാടിയ സിമി പ്രവര്‍ത്തകരെക്കുറിച്ച് നാട്ടുകാര്‍ വിവരങ്ങള്‍ നല്‍കിയിരുന്നതായും, അതിനായി പോലീസ് രഹസ്യാന്വേഷണം നടപ്പിലാക്കിയിരുന്നു എന്നും ഭോപ്പാല്‍ ഇന്‍സ്‌പെക്ടര്‍ ജനറലായ യോഗേഷ് ചൗധരി പറഞ്ഞിരുന്നു. എന്നാല്‍ ആള്‍താമസം കുറവുള്ള ഒരു കുഗ്രാമത്തില്‍ നിന്നും ജയില്‍ ചാടിയെത്തിയവരെക്കുറിച്ചുള്ള വിവരം പോലീസിന് എങ്ങനെ കൃത്യമായി ലഭിച്ചു?

തിങ്കളാഴ്ച വെളുപ്പിനാണ് ജയില്‍ ഗാര്‍ഡ് രാംനരേഷ് യാദവിനെ കൊന്ന് ഇവര്‍ പുറത്ത് ചാടിയതെന്നാണ് പോലീസിന്റെ മറ്റൊരു വെളിപ്പെടുത്തല്‍. രാത്രി മുഴുവന്‍ ദീപവലി ആഘോഷങ്ങള്‍ നടന്നിരുന്നു എന്നിട്ടും എന്തുകൊണ്ടാണ് ഇവര്‍ രാത്രി തന്നെ ഇറങ്ങാതെ നേരം വെളുക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ ചാടിയത്. പകല്‍ പിടിക്കപ്പെടാനുള്ള സാധ്യതകളുണ്ടെന്ന് അറിയാവുന്ന ഈ ക്രിമിനലുകള്‍ അത്തരമൊരു സാഹസത്തിന് മുതിരുമോ?

ഏറ്റുമുട്ടലില്‍ മരിച്ചവരുടെ ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടതില്‍ നിന്നും തടവുകാര്‍ ഏറ്റുമുട്ടല്‍ സമയത്ത് ജീന്‍സും സ്‌പോര്‍ട്ട്‌സ് ഷൂസുകളും ധരിച്ചിരുന്നു എന്നാണ് മനസിലാക്കേണ്ടകത്. ഇവര്‍ ജയില്‍ ചാടുന്ന സമയത്ത് ജയിലിലെ യൂണിഫോം ആണ് ധരിച്ചിരുന്നതെങ്കില്‍ ജയിലിന് പുറത്തിറങ്ങിയിട്ടാവം വസ്ത്രങ്ങള്‍ മാറ്റിയത്. അങ്ങനെയെങ്കില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ എവിടെ നിന്നാണ് ഇവര്‍ക്ക് വസ്ത്രങ്ങളും ഷൂസുകളും ലഭിച്ചത്?

പ്രതികളുടെ ഭാഗത്തു നിന്നും ആക്രമണം ഉണ്ടായതിനെ തുടര്‍ന്നാണ് ഏറ്റുമുട്ടലുണ്ടായത് എന്നാണ് പോലീസ് നല്‍കിയ വിശദീകരണം. അങ്ങനെയെങ്കില്‍ സാധാരണയായി ജയില്‍ ചാടിയ ഇവര്‍ക്ക് ആക്രമണം നടത്താനുളള ആയുധങ്ങള്‍ എവിടെ നിന്നാണ് ലഭിച്ചത്?

ഇതുമായി ബന്ധപ്പെട്ട ഒരു വ്യക്തമായ ഒരുത്തരം പോലീസിന് നല്‍കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഇന്ന് നടന്നത് വ്യാജ ഏറ്റമുട്ടലാവാനുള്ള സാധ്യതകള്‍ ഏറുകയാണ്.