ഗാര്‍ഡിനെ കൊന്ന് ജയില്‍ ചാടിയ എട്ട് സിമി ഭീകരര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു; കൊല്ലപ്പെട്ടവരില്‍ മൂന്ന് വര്‍ഷം മുമ്പ് ജയില്‍ ചാടിയവരും

single-img
31 October 2016

 

പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ജയില്‍ ചാടിയ സിമി പ്രവര്‍ത്തകര്‍

പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ജയില്‍ ചാടിയ സിമി പ്രവര്‍ത്തകര്‍

ഇന്ന് രാവിലെ ഭോപ്പാലില്‍ ജയില്‍ സുരക്ഷ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തി ജയില്‍ ചാടിയ എട്ട് സിമി ഭീകരര്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ഭോപ്പാലിന് സമീപത്തു തന്നെയുള്ള എയിന്ത്‌ഖെഡി ഗ്രാമത്തില്‍ വച്ചാണ് ഏറ്റുമുട്ടലുണ്ടായത്.

ഭീകരാക്രമണക്കേസുകളില്‍ വിചാരണ നേരിടുന്നവരുള്‍പ്പെടെയാണ് ഇന്ന് പുലര്‍ച്ചെ മധ്യപ്രദേശിലെ ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും പുറത്തു ചാടിയത്. പുലര്‍ച്ചെ രണ്ടിനും മൂന്നിനുമിടയില്‍ ജയില്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ ഡ്യൂട്ടി കൈമാറുന്നതിനിടെ ഇവര്‍ ആക്രമിച്ച് കീഴ്‌പ്പെടുത്തി കടന്നു കളയുകയായിരുന്നു. രമാശങ്കര്‍ എന്ന ഹെഡ്‌കോണ്‍സ്റ്റബിളിനെ സ്റ്റീല്‍ പാത്രത്തിന്റെയും ഗ്ലാസിന്റെയും മൂര്‍ച്ചയുള്ള ഭാഗം ഉപയോഗിച്ച് കഴുത്തറുത്ത് കൊന്ന ഇവര്‍ മറ്റൊരു ഗാര്‍ഡിനെ കെട്ടിയിടുകയും ചെയ്തു.

മരക്കഷണങ്ങള്‍ ഉപയോഗിച്ച് മതിലിന് മുകളില്‍ കയറിയ ഭീകരര്‍ ബെഡ്ഷീറ്റുകള്‍ കൂട്ടിക്കെട്ടി അതില്‍ തൂങ്ങിയിറങ്ങിയാണ് രക്ഷപ്പെട്ടത്. ഭീകരാക്രമണക്കേസുകളില്‍ ശിക്ഷിക്കപ്പെട്ടവര്‍ ഉള്‍പ്പെടെയുള്ള ഈ ജയിലില്‍ നിന്നും എട്ട് പേര്‍ അനായാസം ജയില്‍ ചാടിയത് സര്‍ക്കാര്‍ ഏജന്‍സികളെ ഞെട്ടിച്ചിരിക്കുകയാണ്. പ്രാഥമിക നടപടിയായി ജയില്‍ സൂപ്രണ്ട് ഉള്‍പ്പെടെ നാല് പേരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ജനങ്ങള്‍ ദീപാവലി ആഘോഷിക്കുന്ന രാത്രിയിലെ കനത്ത ശബ്ദവും പുകയും മറയാക്കാനാണ് അവര്‍ ഇന്നേ ദിവസം തന്നെ ജയില്‍ ചാട്ടിത്തന് തെരഞ്ഞെടുത്തതെന്ന് കരുതുന്നു.

ജയില്‍ ചാടിയവരില്‍ മൂന്ന് പേര്‍ മൂന്ന് വര്‍ഷം മുമ്പ് സമാന രീതിയില്‍ ജയില്‍ ചാടി അടുത്തിടെയാണ് പിടിയിലായത്. 2013ല്‍ ഭോപ്പാലില്‍ നിന്നും 280 കിലോമീറ്റര്‍ അകലെയുള്ള ഘന്ദ്വ ജയിലില്‍ നിന്നാണ് ഇവര്‍ ചാടി രക്ഷപ്പെട്ടത്. ബാത്ത്‌റൂം മതില്‍ പൊളിച്ച് പുറത്തുകടന്ന ഇവര്‍ പതിനാല് അടി ഉയരമുള്ള പുറംമതില്‍ ചാടിയാണ് അന്ന് രക്ഷപ്പെട്ടത്. അന്ന് രക്ഷപ്പെട്ട് മൂന്ന് വര്‍ഷത്തെ തിരച്ചിലിന് ശേഷം പിടികൂടിയപ്പോഴേക്കും ഇവര്‍ നിരവധി ഭീകരാക്രമണങ്ങളും ബാങ്ക് കൊള്ളകളും നടത്തിയിരുന്നു.

ആന്ധ്രപ്രദേശ്, തെലുങ്കാന, കര്‍ണാടക, തമിഴ്‌നാട്, മഹാരാഷ്ട്ര, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലാണ് ഇവര്‍ ആക്രണങ്ങളും കൊള്ളയും നടത്തിയത്. അതിനാല്‍ തന്നെ ഇവരുടെ ഇന്നത്തെ ജയില്‍ ചാട്ടത്തില്‍ സുരക്ഷാ ഏജന്‍സികള്‍ ഏറെ ആശങ്കയിലായിരുന്നു. അതീവ സുരക്ഷയുള്ള ബി ബ്ലോക്കില്‍ ഒരു സെല്ലില്‍ തന്നെയാണ് എട്ട് പേരെയും പാര്‍പ്പിച്ചിരുന്നത്.