വലവിരിച്ചിരിക്കുന്നത് ജില്ലയ്ക്ക് പുറത്ത്; സക്കീര്‍ ഹുസൈന്‍ എറണാകുളത്ത് തന്നെയെന്ന് സൂചന; പോലീസിന്റെ കള്ളക്കളി പൊളിയുന്നു

single-img
31 October 2016

 

 

sakir-hussain

വ്യവസായിയെ തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയും സിപിഎം കളമശേരി ഏരിയ കമ്മിറ്റി സെക്രട്ടറിയും എറണാകുളം ജില്ലാ കമ്മിറ്റി അംഗവുമായ സക്കീര്‍ ഹുസൈന്‍ കൊച്ചിയില്‍ തന്നെയുണ്ടെന്ന് സൂചന. ഗുണ്ടാനിയമപ്രകാരം ജാമ്യമില്ലാ കേസ് എടുത്തിരിക്കുന്ന ഇയാള്‍ ഒളിവിലാണെന്നും ഇയാള്‍ക്കായി ജില്ലയ്ക്ക് പുറത്ത് വലവിരിച്ചിട്ടുണ്ടെന്നും പോലീസ് പറയുമ്പോഴാണ് സക്കീര്‍ ഹുസൈന്‍ കൊച്ചിയില്‍ തന്നെ വിലസി നടക്കുന്നത്.

ഇതോടെ പോലീസും സര്‍ക്കാരും സക്കീര്‍ ഹുസൈന്റെ കാര്യത്തില്‍ നടത്തുന്ന കള്ളക്കളിയാണ് പുറത്തുവരുന്നത്. ഇന്നലെ രാവിലെ ഇയാളെ കളമശേരി മാര്‍ക്കറ്റില്‍ കണ്ടതായി നാട്ടുകാര്‍ പറയുന്നുണ്ട്. സംഭവം പുറത്തറിഞ്ഞതോടെ ഇന്നലെ വൈകിട്ട് വരെ ക്വിക് റെസ്‌പോണ്‍സ് സംഘവും പോലീസും ഇയാള്‍ക്കായി തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. സക്കീര്‍ ഹുസൈന്റെ ഫോണ്‍ ആലുവയില്‍ വച്ചാണ് ഓഫായതെന്നും അതിനുശേഷം ജില്ല വിട്ടെന്നുമായിരുന്നു പോലീസിന്റെ ആദ്യ വിശദീകരണം. ഇതിന്റെ അടിസ്ഥാനതതില്‍ എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളിലെ പ്രധാന റെയില്‍വേ സ്റ്റേഷനുകളിലെ സുരക്ഷാ ക്യാമറ ദൃശ്യങ്ങള്‍ പരിശോധിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സിപിഎം നേതൃത്വം കണ്ണൂരില്‍ ഇയാള്‍ക്ക് ഒളിത്താവളമൊരുക്കിയതായാണ് പിന്നീട് പ്രചരണമുണ്ടായത്. കര്‍ണാടകത്തിലെ കുടകില്‍ ഒളിവിലാണെന്നും പ്രചാരണമുണ്ടായി.

ഇതിനിടെയാണ് ശനിയാഴ്ച വൈകിട്ട് വൈപ്പിന്‍കരയിലും ഇന്നലെ രാവിലെ കളമശേരി മാര്‍ക്കറ്റിലും ഇയാളെ കണ്ടതായി വാര്‍ത്ത പരന്നത്. അതേസമയം കസ്റ്റഡിയിലുള്ള കേസിലെ കൂട്ടുപ്രതികളായ കറുകപ്പിള്ളി സിദ്ദിഖ്, കോതാടത്ത് ഫൈസല്‍ എന്നിവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.

യുവസംരഭകയെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ഇരുവരെയും സൗത്ത് സിഐ സിബി ടോം എറണാകുളം സബ്ജയിലിലെത്തിയാണ് അറസ്റ്റ് ചെയ്യുക. ഇരുവരെയും കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ അപേക്ഷ നല്‍കും. അതേസമയം സക്കീര്‍ ഹുസൈന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് എറണാകുളം സെഷന്‍സ് കോടതി പരിഗണിക്കും. ഈ സാഹചര്യത്തിലാണ് ഇയാള്‍ ജില്ലയില്‍ തന്നെയുണ്ടെന്ന് സൂചനലഭിച്ചിട്ടും ഇത്രദിവസമായും അറസ്റ്റ് ചെയ്യാത്ത പോലീസ് നടപടിയില്‍ സംശയം ഉയരുന്നത്. പാര്‍ട്ടി നടപടിയെടുക്കില്ലെന്ന് ഉറപ്പായതോടെ മുന്‍കൂര്‍ ജാമ്യം നേടി വെളിച്ചത്ത് വരാന്‍ ഇയാളെ പോലീസ് സഹായിക്കുകയാണെന്നാണ് മുഖ്യ ആരോപണം.