ആനന്ത്‌നാഗ് ജില്ലയില്‍ വീണ്ടും സ്‌കൂള്‍ കത്തിച്ചു; 24 മണിക്കൂറിനിടില്‍ ജില്ലയില്‍ കത്തിനശിക്കുന്ന മൂന്നാമത്തെ സ്‌കൂള്‍

single-img
31 October 2016

kashmir_school_fire_1477831262008

ശ്രീനഗര്‍: വ്യത്യസ്ത തീപിടിത്തങ്ങളില്‍ കശ്മീരിലെ ആനന്ത്‌നാഗ് ജില്ലയില്‍ മൂന്ന് സ്‌കൂളുകള്‍ കത്തിനശിച്ചു. ആഷ്മുഖത്തെ ജവഹര്‍ നവോദയ വിദ്യാലയത്തില്‍ ശനിയാഴ്ച രാത്രിയാണ് തീപിടിത്തമുണ്ടായത്. ഞായറാഴ്ച ഉച്ചക്ക് കാബാമാര്‍ഗിലെ സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലും തീപിടിത്തമുണ്ടായി. നാട്ടുകാരും അഗ്‌നിശമനസേനയും ചേര്‍ന്നാണ് തീയണച്ചത്. രണ്ടു സംഭവത്തിലും തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്നാണ് പൊലീസ് പറയുന്നത്.

എന്നാല്‍ ഇന്നലെ വൈകുന്നേരത്തോടെ ആനന്ദ്‌നാഗ് ജില്ലയിലെ തന്നെ ഒരു സര്‍ക്കാര്‍ വക ഹയര്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിലും തീപിടിത്തമുണ്ടായി. അജ്ഞാതരായ ഒരു സംഘം ആളുകളാണ് ഇവിടുത്തെ സ്‌കൂളിന് തീവച്ചതെന്ന് വ്യക്തമായിട്ടുണ്ട്. അഗ്നിശമന സേനയും നാട്ടുകാരും ചേര്‍ന്നാണ് ഇവിടെ തീ നിയന്ത്രണവിധേയമാക്കിയത്. കഴിഞ്ഞ രണ്ടു മാസത്തിനിടെ 20 തീവെപ്പുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കുറിച്ച് ഇതുവരെ ഒരു വിവരവും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. വിവിധ ഭീകരസംഘടനകളുടെ ഭീഷണിയുള്ളതിനാല്‍ മിക്ക സ്‌കൂളുകളും സൈന്യത്തിന്റെ മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാന്നി സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിനു ശേഷം നടന്ന സംഘര്‍ഷങ്ങളെ തുടര്‍ന്ന് താഴ്‌വരയിലെ സ്‌കൂളുകള്‍ പലതും അടച്ചിട്ടിരിക്കുകയാണ്.

പ്രതിപക്ഷ നേതാവും മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള സംഭവങ്ങള്‍ക്ക് പിന്നിലുള്ളവര്‍ക്ക് കര്‍ശന ശിക്ഷ നല്‍കണമെന്ന് പറഞ്ഞു. ആക്രമണങ്ങള്‍ തുടര്‍ക്കഥയാവുന്നത് കൊണ്ട് കഴിഞ്ഞ നാലുമാസമായി സ്‌കൂളുകള്‍ അടഞ്ഞു കിടക്കുന്നു. ഇതിനാല്‍ 12 ലക്ഷം കുട്ടികളാണ് സ്‌കൂളില്‍ പോകാന്‍ കഴിയാതെ വീട്ടില്‍ തന്നെയിരിക്കുന്നത്.