അമ്മയുടെ മടിത്തട്ടില്‍ നിന്നാണ് സംസ്‌കാരം രൂപപ്പെടുന്നത്

single-img
30 October 2016

ഡോക്ടര്‍ എസ് ഡി സിംഗ്
സീനിയര്‍ സൈക്യാട്രിസ്റ്റ്
കിംസ് ആശുപത്രി
കൊച്ചി 682033
മൊബൈല്‍- 9447008880
ഇമെയില്‍- [email protected] /[email protected]

Donate to evartha to support Independent journalism

maternity-visiting-hours

ഭാരതത്തിലെ മനുഷ്യരുടെ ധാര്‍മ്മികമൂല്യങ്ങള്‍ സംരക്ഷിക്കാന്‍ ഒരു ഭാരതീയന്‍ എന്ന നിലയില്‍ നാം ഓരോരുത്തരും ബാദ്ധ്യസ്ഥരാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. സ്ത്രീ പുരുഷന്മാര്‍ ദമ്പതികളാവുന്നു, ആ ബന്ധം അച്ഛനും, അമ്മയും, കുട്ടികളുമായി സ്‌നേഹത്തില്‍ അധിഷ്ഠിതമായ കുടുംബങ്ങള്‍ ആവുന്നു. കുടുംബങ്ങള്‍ യോജിക്കുമ്പോള്‍ കെട്ടുറപ്പുള്ള സമൂഹം ഉണ്ടാവുന്നു. ഇത്തരത്തില്‍ പിരിയാനാവാത്ത സമൂഹങ്ങളുടെ കൂട്ടായ്മയാണ് ഒരു രാഷ്ട്രം!

മൂല്യങ്ങളാല്‍ ബന്ധിതമായ ആദര്‍ശ സിദ്ധാന്തങ്ങളാണ് ഒരു രാഷ്ട്രത്തിന്റെ പുരോഗമന നാഴികക്കല്ലുകള്‍. ഭാരതത്തില്‍ വര്‍ദ്ധിച്ചു വരുന്ന മൂല്യത്തകര്‍ച്ചകള്‍, രാഷ്ട്രത്തിന്റെയും, സമൂഹത്തിന്റെയും, കുടുംബത്തിന്റെയും വ്യക്തികളുടെയും തകര്‍ച്ചകളിലേക്കും, ശാന്തമായ നിലനില്‍പ്പിനെയും പ്രതികൂലമായി ബാധിക്കുന്നു. വിഘടന ചിന്തകള്‍ വളരുമ്പോള്‍, നമ്മുടെ രാഷ്ട്രം ശുഷ്‌കിച്ചു ശിഥിലമാവും. എന്താണ് ഇതിനു പരിഹാരം? അതാണ് ഇന്ന് ഞാന്‍ ഇവിടെ അവതരിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന വിഷയം.

ഭാരതത്തില്‍ ജനിച്ചു വളരുന്ന ഓരോ കുഞ്ഞും ഭാരതീയനാവണം. ഭാരതീയ സംസ്‌കാരത്തില്‍ അന്തര്‍ലീനമായിരിക്കുന്ന നന്മയുടെ വിളനിലമാവണം. സമാധാനവും സംതൃപ്തിയും തുളുമ്പുന്ന മനസ്സുണ്ടാവണം. ജനനം മുതല്‍ മരണം വരെയുള്ള കാലം ഒരു വ്യക്തിയുടെ ജീവിതത്തില്‍ സംഭവബഹുലമായിരിക്കാം. സമ്മിശ്ര വികാര വിചാര ധാരകളിലൂടെ കടന്നു പോയി എന്ന് വരാം. ഈ കാലഘട്ടത്തില്‍ ഓരോ വ്യകതിയെയും ഭാരതീയ മൂര്‍ത്തീഭാവത്തോടെ രൂപപ്പെടുത്തി വളര്‍ത്തി വലുതാക്കി ഭാരതസംസ്‌കാരത്തിന്റെ കാവല്‍ക്കാരനാക്കാന്‍ മുതിര്‍ന്നവര്‍ മുന്‍കൈയെടുക്കണം. ജനനം മുതല്‍ മരണം വരെയുള്ള അഞ്ചു കാലഘട്ടത്തില്‍, മുതിര്‍ന്നവര്‍ ഏറ്റെടുക്കേണ്ട ചുമതലകളെക്കുറിച്ചും ഉത്തരവാദിത്വത്തെക്കുറിച്ചും പറയാന്‍ ഞാന്‍ ഈ അവസരം ഉപയോഗിക്കട്ടെ.

ഒരു വ്യക്തിയുടെ ജീവിതത്തെ അഞ്ചു ഘട്ടങ്ങളായി തിരിച്ചു ചിന്തിക്കാന്‍ ഞാന്‍ നിങ്ങളെ ക്ഷണിക്കുന്നു. പല ഘട്ടങ്ങളിലായി വളര്‍ച്ച പൂര്‍ത്തീകരിക്കുന്ന മനുഷ്യന്റെ ശാരീരിക വളര്‍ച്ച പോലെ മാനസികാരോഗ്യ വളര്‍ച്ചയും പ്രധാനമാണ്.

ഒന്നാം ഘട്ടം: ജനിച്ച ദിവസം മുതല്‍ ഉദ്ദേശം മൂന്നു വയസ്സ് വരെയുള്ള കാലം. ഇത് നിഷ്‌കളങ്കതയുടെ കാലം എന്ന് പറയാം. അമ്മയുടെ മുലപ്പാല്‍ കുടിച്ചും മുതിര്‍ന്നവരുടെ കൈ പിടിച്ചു നടക്കാന്‍ പഠിക്കുന്നതുമായ കാലം. വേദനയും വിശപ്പും മാത്രം മനസിലാക്കാന്‍ കഴിയുന്ന കാലം. സ്‌നേഹം മാത്രം ആവശ്യപ്പെടുന്നകാലം. തലച്ചോറും അതിലെ ചിന്തകളും രൂപപ്പെട്ടുവരുന്ന കാലം.

രണ്ടാം ഘട്ടം: മൂന്ന് വയസ്സ് മുതല്‍ ഉദ്ദേശം 17-18 വയസ്സ് വരെയുള്ള കാലം, അല്ലെങ്കില്‍ യൗവ്വനാരംഭം വരെ എന്ന് പറയാം. ഈ കാലഘട്ടത്തില്‍ കുട്ടികള്‍ സൂര്യന് താഴെയുള്ള എല്ലാ കാര്യങ്ങളും കാണുന്നു, കേള്‍ക്കുന്നു, പഠിക്കുന്നു, മനസിലാക്കുന്നു. ഈ കാലഘട്ടത്തിലാണ് ആശയങ്ങളും, ആദര്‍ശങ്ങളും, രൂപപ്പെട്ടു വരുന്നത്, വ്യക്തിത്വത്തിന്റെ ഘടന ഉണ്ടാവുന്നത്. കൊലപാതകവും, സംഘട്ടനങ്ങളും, അനാരോഗ്യകരമായ മത്സര പ്രവണതകളുമാണ് ബാല്യത്തിലും, കൗമാരത്തിലും കണ്ടും, കേട്ടും പഠിക്കുന്നതെങ്കില്‍ ആ ജീവിത രീതിയോട് താദാത്മ്യം പ്രാപിച്ചു എന്ന് വരാം. മൂല്യാധിഷ്ഠിത സാഹചര്യത്തിലാണ് ബാല്യ കൗമാരത്തിലെ വളര്‍ച്ച എങ്കില്‍ ആ മൂല്യങ്ങളായിരിക്കും വളരുന്ന കുട്ടിയുടെ അടിസ്ഥാനപരമായ വ്യക്തിത്വ ഘടന. വ്യക്തിത്വം, സ്വഭാവം, ചിന്തകള്‍, ആശയങ്ങള്‍ എല്ലാം രൂപപ്പെടുന്ന ഈ കാലഘട്ടം സുപ്രധാനം എന്ന് ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നു. ഒരു കുട്ടിയുടെ വളര്‍ച്ച, അത് ഒരു രാഷ്ട്രത്തിന്റെ ഭാവി നിര്‍ണയിക്കുന്ന സുപ്രധാന ഘടകമാണ്.

മൂന്നാം ഘട്ടം: 17-18 യൗവ്വനാരംഭം മുതല്‍ 7-8 വര്‍ഷകാലം. ഇത് ഒരു പരീക്ഷണങ്ങളുടെ ഘട്ടമാണ്. ബാല്യ കൗമാരത്തില്‍ കണ്ടതും, കേട്ടതും മനസിലാക്കിയ കാര്യങ്ങളും ഒന്ന് പരീക്ഷിച്ചു നോക്കാന്‍ അഭിവാഞ്ച കാണിക്കുന്ന കാലം. പുക വലിക്കാന്‍ ശ്രമിച്ചു നോക്കും, മദ്യപിക്കാന്‍ മോഹം തോന്നും, ലൈംഗീക ചിന്തകള്‍ വഴി തെറ്റി പോയി എന്ന് വരാം. മുതിര്‍ന്നവരെ ധിക്കരിക്കാന്‍ ആലോചിച്ചു എന്ന് വരം. ചിലപ്പോള്‍ ധിക്കാരപരമായി പെരുമാറി എന്ന് വരാം. ഇക്കാലത്തു ബുദ്ധിയോടെ, യുക്തിയോടെ, ശരിയായ മാര്‍ഗദര്‍ശനം കൊടുക്കുക എന്നത് മുതിര്‍ന്നവരുടെ ചുമതലയാണ്. രക്ഷകര്‍ത്താക്കള്‍ മാത്രമല്ല, സമൂഹത്തിലെ മുതിര്‍ന്ന ഓരോ വ്യക്തിക്കും ഈ ഉത്തരവാദിത്വം ഉണ്ട് എന്നത് ഒരു സത്യം. മുതിര്‍ന്നവര്‍ ഇവിടെ ഇക്കാര്യത്തില്‍ പരാജയപ്പെട്ടാല്‍, കുടുംബവും സമൂഹവും മാത്രമല്ല, രാഷ്ട്രം തന്നെ തകര്‍ന്നു പോകും. ഈ ഘട്ടത്തില്‍ മുതിര്‍ന്നവര്‍ പരാജയപെടുന്നതല്ലേ മൂല്യശോഷണത്തിന്റെ കാരണം? വളരുന്ന ഒരു വ്യക്തിയില്‍ ഈ ഘട്ടത്തിലാണ് മനുഷ്യത്വത്തില്‍ അധിഷ്ഠിതമായ വിവേചന ശക്തി എന്ന കഴിവ് രൂപപ്പെടുന്നത്. ജീവിത ലക്ഷ്യവും, തത്വ ശാസ്ത്രവും ഈഘട്ടത്തില്‍ രൂപപ്പെടുന്നു.

നാലാം ഘട്ടം: ഈ ഘട്ടം ഏതാണ്ട് 25 -28 വയസില്‍ ആരംഭിക്കുന്നു. ഇതിനെ പ്രായോഗികതയുടെ ഘട്ടം എന്ന് ഞാന്‍ പറയും. ബാല്യ കൗമാരത്തില്‍ പഠിച്ചതും, യവ്വനകാലത്തു പരീക്ഷിച്ചതും എല്ലാം വീണ്ടും വീണ്ടും ചിന്തിച്ചു ഒരു ജീവിത വഴി തെരഞ്ഞെടുക്കുന്ന കാലമാണിത്. ഈഘട്ടം 65-70 വരെ നീണ്ടു പോയി എന്ന് വരാം. പ്രായോഗികതയുടെ ഘട്ടത്തില്‍ പലരും ആവര്‍ത്തിച്ചുള്ള പരീക്ഷണങ്ങള്‍ നടത്തി എന്ന് വരാം. ഓരോ വ്യക്തിയും സ്വന്തം ജീവിതത്തിന്റെ ഉടമസ്ഥാവകാശം ഏറ്റെടുക്കുന്ന കാലമാണിത്. ജീവിത പങ്കാളിയെ കണ്ടെത്തുന്നതും, ജീവിത ശൈലി രൂപപ്പെടുത്തുന്നതും ഈ ഘട്ടത്തിന്റെ ആദ്യ ഭാഗത്താണ്. കൊലപാതകവും, മോഷണവും, കൈക്കൂലിയും, മദ്യപാനവും, വ്യഭിചാരവും, അക്രവുമാണ് പഠനങ്ങളുടെയും പരീക്ഷണങ്ങളുടേയും കാലത്തു മനസിലാക്കിയതെങ്കില്‍ ആ ജീവിത ശൈലിയിലേക്ക് പോകും. ആ വഴിയാണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ സ്വന്തം ജീവിതം മാത്രമല്ല, കുടുംബവും, സമൂഹവും, രാഷ്ട്രവും മൂല്യശോഷണത്തിലൂടെ ശിഥിലമാവും എന്നത് തീര്‍ച്ചയാണ്. സന്മാര്‍ഗത്തിന്റെ വഴിയാണ് പഠിച്ചതെങ്കില്‍ ആ വഴി തിരഞ്ഞെടുക്കും. എങ്കില്‍ കുടുംബവും സമൂഹവും, രാഷ്ട്രവും സമൃദ്ധിയിലേക്കും ഐശ്വര്യത്തിലേക്കും പോകും.

അഞ്ചാം ഘട്ടം: ഇത് അവസാന ഘട്ടം. സംതൃപ്തിയുടെയും സാന്തോഷത്തിന്റെയും ആത്മധൈര്യത്തിന്റെയും ഘട്ടമാവാം, നിരാശയുടെയും, കുറ്റബോധത്തിന്റെയും, തകര്‍ച്ചയുടെയും ഘട്ടമാവാം. സമ്മിശ്ര വികാരവിചാര ധാരകളുടെ ഘട്ടമാവാം. കഴിഞ്ഞ കാലത്തെ പഠനങ്ങളുടുയും പരീക്ഷണങ്ങളുടെയും പ്രവര്‍ത്തനങ്ങളുടെയും ഒരു ആകെ തുകയാണ് അവസാന ഘട്ടം.

രാഷ്ട്ര നിര്‍മിതിയിലും പുരോഗതിയിലും ഉല്പാദന ക്ഷമതയിലും മൂല്യാധിഷ്ഠിത സാമൂഹ്യ ബന്ധങ്ങളിലും ഓരോ വ്യക്തിയുടേയും ഓരോഘട്ടങ്ങളിലെ ജീവിത ശൈലി പരമപ്രധാനമാണ്. ശാന്തവും സമാധാനവും സംതൃപ്തവുമായ ഒരു രാഷ്ട്രം, ഒരു സമൂഹം, കുടുബങ്ങള്‍ വാര്‍ത്തെടുക്കണമെങ്കില്‍ ബാല്യ കൗമാര യൗവനകള്‍ക്കു മാര്‍ഗനിര്‍ദേശം നല്‍കാന്‍ മുതിര്‍ന്നവര്‍ പ്രാപ്തരാവണം. കുടുംബം, വിദ്യാഭ്യാസ മേഖല, ആധുനിക ശാസ്ത്ര സാങ്കേതിക മാര്‍ഗ്ഗദര്‍ശന രീതികള്‍ എല്ലാ വിഭാഗങ്ങള്‍ക്കും ഈ വിധത്തിലുള്ള രാഷ്ട്ര നിര്‍മാണ പ്രക്രിയയില്‍ പങ്കുണ്ട്. അധികാരത്തിന്റെയും, അവകാശത്തിന്റയും കുടകീഴില്‍ നിന്ന് ബാല്യ കൗമാര യൗവനകള്‍ക്കു മാര്‍ഗനിര്‍ദേശങ്ങള്‍ കൊടുക്കാനാവുമോ? കുടുംബങ്ങളില്‍ നിന്ന് സമൂഹത്തിലേക്കും സമൂഹങ്ങളില്‍ നിന്ന് പ്രദേശങ്ങളിലേക്കും പ്രവഹിക്കുന്ന നന്മ നിറഞ്ഞ ചിന്തകളും പ്രവര്‍ത്തികളുമാണ് ഒരു രാഷ്ട്രനിര്‍മിതില്‍ പ്രധാനമായും നടക്കേണ്ട പ്രക്രിയ.

ഇവിടെ മാതൃത്വത്തിനു സുപ്രധാനായ പങ്കുണ്ട് എന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഭാരമേറിയ രാഷ്ട്ര നിര്‍മിതി എന്ന ഉത്തവാദിത്വം ഏറ്റെടുക്കാന്‍ മാതൃത്വത്തിനെ പ്രാപ്തമാക്കാന്‍ ഓരോ ഭാരതീയനും ബാധ്യതയുണ്ട്. മാതൃത്വത്തിലേക്കുള്ള പടി കയറും മുന്‍പ്, ബാല്യത്തിലൂടെ, കൗമാരത്തിലൂടെ സ്ത്രീത്വത്തിലേക്കു എത്തുന്ന ഒരോ സ്ത്രീയെയും മാതൃത്വത്തിന്റെ മഹത്വം എന്താണെന്നു പഠിപ്പിച്ചെടുക്കാന്‍ ഓരോ ഭാരതീയനും കടമയുണ്ട്.
I quote
It is from mother’s milk humanity is nourished
It is from mother’s lap culture is cradled.