പഴമകളുടെ പ്രൗഢിയോടെ ദുബായ് ഗ്ലോബല്‍ വില്ലേജ് ചൊവ്വാഴ്ച തുടങ്ങും;  ലോകരാജ്യങ്ങള്‍ സംഗമിക്കുന്ന ഗ്ലോബല്‍ വില്ലേജില്‍ ഇന്ത്യയും

single-img
30 October 2016

 

global-village-wikimapia-org-min

ദുബായ്: പഴമകളുടെ പ്രൗഢിയോടെ ഇത്തവണയും ഇന്ത്യ ലോകരാജ്യങ്ങള്‍ സംഗമിക്കുന്ന ഗ്ലോബല്‍ വില്ലേജില്‍. ഏറ്റവും വലിയ കൂടാരമൊരുക്കിയ ഇന്ത്യ മുഗള്‍ കാലഘട്ടത്തിലേക്കാകും സന്ദര്‍ശകരെ കൂട്ടിക്കൊണ്ടുപോകുക. 11,000 ചതുരശ്ര മീറ്ററിലേറെ വരുന്ന വിസ്മയലോകമാണ് ഇന്ത്യാ പവിലിയന്‍. ആഗോളക്കാഴ്ചകളൊരുക്കി ഗ്ലോബല്‍ വില്ലേജ് ചൊവ്വാഴ്ച സന്ദര്‍ശകര്‍ക്കായി തുറക്കും.

മുഗള്‍ വാസ്തുശില്‍പരീതിയില്‍ അണിഞ്ഞൊരുങ്ങിയ ഇന്ത്യാ പവിലിയനില്‍ പഴയകാല പ്രതാപത്തിന്റെ കാഴ്ചകള്‍ വേണ്ടുവോളം. അക്ബര്‍ ചക്രവര്‍ത്തിയുടെ കാലഘട്ടത്തിലെ കൊട്ടാര മാതൃകകളുടെ ചെറുപതിപ്പാണ് സജ്ജമാക്കേണ്ടത്. ഫത്തേപുര്‍സിക്രിയിലെ രാജകീയ പാതകളിലൂടെ നടക്കുന്ന പ്രതീതിയാണുണ്ടാകുകയെന്ന് ഇന്ത്യാ പവിലിയന്‍ സിഇഒ സുനില്‍ ഭാട്യ പറഞ്ഞു.

ഇത്തരമൊരു ആശയം ആദ്യമാണ്. ചരിത്രസ്മാരകങ്ങളുടെയും പുരാതന സൂഖുകളുടെയും മാതൃകകളുള്ള പവിലിയനില്‍ കേരളം മുതല്‍ കശ്മീര്‍ വരെയുള്ള സംസ്ഥാനങ്ങള്‍ക്കു പ്രാതിനിധ്യമുണ്ട്. ഇന്ത്യന്‍ സംസ്ഥാനങ്ങളിലൂടെയുള്ള യാത്രയും ഷോപ്പിങ്ങും എന്ന വേറിട്ട അനുഭവമാണ് സന്ദര്‍ശകര്‍ക്കു ലഭ്യമാകുക. പവിലിയനിലെ സാംസ്‌കാരികവേദിയില്‍ പതിവുപോലെ വര്‍ണാഭമായ പരിപാടികള്‍ അരങ്ങേറും.

മൈലാഞ്ചിക്കൂട്ടുകളുമായി കാത്തിരിക്കുന്ന ഉത്തരേന്ത്യന്‍ ഗ്രാമീണ വനിതകള്‍, കാരിക്കേച്ചര്‍ കലാകാരന്മാര്‍, നാടോടി നര്‍ത്തകര്‍, ഗായകര്‍, കാര്‍ട്ടൂണ്‍ കൂട്ടുകാര്‍ തുടങ്ങിയവര്‍ സന്ദര്‍ശകരെ വരവേല്‍ക്കും. തുണിത്തരങ്ങള്‍, സ്വര്‍ണാഭരണങ്ങള്‍, കരകൗശലവസ്തുക്കള്‍, ചെരിപ്പുകള്‍, തുകല്‍ ഉല്‍പന്നങ്ങള്‍, ആയുര്‍വേദ മരുന്നുകള്‍, സുഗന്ധവ്യഞ്ജനങ്ങള്‍ തുടങ്ങിയവ വാങ്ങാന്‍ അവസരമുണ്ട്. ഓരോ സംസ്ഥാനത്തിന്റെയും തനതുകാഴ്ചകളും രുചിഭേദങ്ങളും ഷോപ്പിങ് അനുഭവങ്ങളും അറിയാനാകും.

ഗ്ലോബല്‍ വില്ലേജില്‍ ഇത്തവണ 75 രാജ്യങ്ങളാണുള്ളത്. 159 ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷത്തില്‍ 30 പവിലിയനുകളിലായി 3,500ലേറെ ഷോപ്പിങ് ഔട്ലെറ്റുകള്‍ എന്നിവയുണ്ട്. അല്‍ജീറിയ, ദക്ഷിണകൊറിയ, റൊമാനിയ, സെര്‍ബിയ, യുക്രൈന്‍, ജപ്പാന്‍ എന്നീ രാജ്യങ്ങളാണ് ഇത്തവണത്തെ പുതുമുഖങ്ങള്‍. ചെറിയൊരു ഇടവേളയ്ക്കു ശേഷം ജോര്‍ദാനും എത്തുന്നുണ്ട്. ഹോളിവുഡ് ത്രില്ലറുകളുടെ പ്രതീതി സൃഷ്ടിക്കുന്ന സ്റ്റണ്ട് ഷോ, കൂടുതല്‍ റൈഡുകള്‍, സാംസ്‌കാരിക ചത്വരം തുടങ്ങിയവയാണ് ഇത്തവണത്തെ പുതുമകള്‍. വിവിധ രാജ്യങ്ങളിലെ കലാകാരന്മാരും കരകൗശല വിദഗ്ധരും എത്തുന്ന മേളയില്‍ സന്ദര്‍ശകര്‍ക്കായി കൈനിറയെ സമ്മാനങ്ങളും ഉണ്ടാകും. അറേബ്യന്‍ സംസ്‌കാരത്തിന്റെ കാഴ്ചകളിലേക്കു കൂട്ടിക്കൊണ്ടു പോകുന്ന സാംസ്‌കാരിക ചത്വരവും ഒരുക്കിയിട്ടുണ്ട്.