പിസ കഴിച്ചോ? ബര്‍ഗര്‍ കഴിച്ചോ?;  ചാരപ്രവര്‍ത്തനത്തിന് പിടിയിലായവര്‍ ഉപയോഗിക്കുന്നത് കോഡ് വാക്കുകള്‍

single-img
30 October 2016

 

spy

ചാരപ്രവര്‍ത്തനത്തിന് പിടിയിലായവര്‍ പരസ്പരം കണ്ടുമുട്ടേണ്ട സ്ഥലങ്ങളുടെ പേരുകള്‍ക്ക് പകരമായി ഉപയോഗിച്ചിരുന്നത് കോഡ് വാക്കുകള്‍. പിസ കഴിച്ചോ, ബര്‍ഗര്‍ കഴിച്ചോ തുടങ്ങിയ കോഡ് വാക്കുകളാണ് ഇവര്‍ ഉപയോഗിച്ചിരുന്നത്.

ഇവര്‍ രഹസ്യരേഖകള്‍ കൈമാറിയിരുന്നതും അതിന് പ്രതിഫലം പറ്റിയിരുന്നതും പൊതുസ്ഥലങ്ങളില്‍ വച്ചായിരുന്നെന്നും അന്വേഷണ സംഘം അറിയിച്ചു. പിസ കഴിച്ചോ എന്ന് ചോദിച്ചാല്‍ ഡല്‍ഹിയിലെ അന്‍സാല്‍ പ്ലാസ അംഫി തിയറ്ററില്‍ കാണാമെന്നും ബര്‍ഗര്‍ കഴിച്ചോയെന്ന് ചോദിച്ചാല്‍ ഡല്‍ഹിയിലെ പീതാംപുര മാളില്‍ കാണാമെന്നുമാണ് ഇവര്‍ ഉദ്ദേശിക്കുന്നത്.

മോഷ്ടിച്ച രേഖകള്‍ മുന്‍കൂട്ടി നിശ്ചയിച്ച സ്ഥലങ്ങളില്‍ കൊണ്ടുവയ്ക്കുകയും ആവശ്യമുള്ളയാള്‍ അത് അവിടെ വന്ന് എടുക്കുകയും ചെയ്യുന്ന രീതിയും ഇവര്‍ക്കുണ്ടായിരുന്നു. പോലീസിനോ ക്രൈംബ്രാഞ്ചിനോ സംശയം തോന്നാതിരിക്കാനായിരുന്നു പൊതുസ്ഥലങ്ങള്‍ തിരഞ്ഞെടുത്തിരുന്നത്. മെട്രോ സ്‌റ്റേഷന്‍ പോലുള്ള തിരക്കേറിയ സ്ഥലങ്ങളില്‍ വച്ചാണ് രേഖകള്‍ കൈമാറിയിരുന്നതെന്നും ഇവര്‍ അന്വേഷണ സംഘത്തെ അറിയിച്ചതായി സൂചനയുണ്ട്.

കമ്പ്യൂട്ടറുകളില്‍ നിന്നും നിമിഷങ്ങള്‍ കൊണ്ട് വിവരങ്ങള്‍ ചോര്‍ത്താന്‍ കഴിയുന്ന പ്രത്യേക തരം യുഎസ്ബിയാണ് രേഖകള്‍ മോഷ്ടിക്കാന്‍ ഉപയോഗിച്ചിരുന്നതെന്നും അറസ്റ്റിലായ പാക് ഹൈക്കമ്മിഷന്‍ ഉദ്യോഗസ്ഥന്‍ മഹ്മൂദ് അക്തര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് രാജസ്ഥാന്‍ സ്വദേശികളായ മൗലാന റമസാന്‍, സുഭാഷ് ജംഗീര്‍ എന്നിവരെ മഹ്മൂദ് അക്തറിനൊപ്പെ ചാരപ്രവര്‍ത്തനത്തിന് ഡല്‍ഹി പോലീസ് പിടികൂടിയത്.