നൂറ്റാണ്ടുകള്‍ക്ക് ശേഷം യേശുവിന്റെ ശവകുടീരം ആദ്യമായി തുറന്നു

single-img
30 October 2016

jesus_tomb_1477792852520
ജറുസലേം: ജെറൂസലേമില്‍ സ്പെല്‍ച്ചര്‍ എന്ന പള്ളിയില്‍ യേശു ക്രിസ്തുവിന്റേതെന്ന് കരുതപ്പെടുന്ന കല്ലറയ്ക്കുള്ളിലെ മാര്‍ബിള്‍ ഫലകം നൂറ്റാണ്ടുകള്‍ക്ക് ശേഷം ഗവേഷകര്‍ മാറ്റി. പ്രിസര്‍വേഷന്‍ വിദഗ്ധരാണ് രണ്ട് നൂറ്റാണ്ടുകള്‍ക്ക് ശേഷം ആദ്യമായി കല്ലറ തുറന്നത്.

ക്രിസ്ത്യാനികള്‍ ജെറുസലേമിലെ ഈ പള്ളിക്കുള്ളില്‍ സ്ഥിതി ചെയ്യുന്നത് യേശുവിനെ ശവകുടീരമാണന്നാണ് വിശ്വസിക്കുന്നത്. ശാസ്ത്രീയ പഠനം നടത്തുന്നതിന്റെ ഭാഗമായാണ് ഫലകം മാറ്റിയത്. വിശുദ്ധനഗരമായ പുരാതന ജറുസലേമിലെ പള്ളിയിലാണ് കല്ലറ സ്ഥിതി ചെയ്യുന്നത്. ഏതന്‍സിലെ സാങ്കേതിക സര്‍വ്വകലാശാലയിലേയും നാഷണല്‍ ജ്യോഗ്രഫിക് സൊസൈറ്റിയിലേയും ഗവേഷകരാണ് പഠനം നടത്തുന്നത്. യേശുവിന്റെ മൃതദേഹം കിടത്തിയതെന്ന് കരുതപ്പെടുന്ന കല്ലറയ്ക്കുള്ളിലെ ശില കണ്ടെത്തി അതിനെക്കുറിച്ച് പഠനം നടത്തുകയാണ് ലക്ഷ്യമെന്ന് ഗവേഷകസംഘത്തിലെ തലവന്‍ ഫ്രെഡറിക് ഹൈബെര്‍ട്ട് പറഞ്ഞു.

കുരിശു മരണം വരിച്ച ക്രിസ്തുവിനെ ഗുഹയില്‍ അടക്കിയെന്നും മൂന്നാം നാള്‍ ഉയര്‍ത്തെഴുന്നേറ്റു എന്നുമാണ് വിശ്വാസം പറയുന്നത്. എഡി 326ല്‍ റോമന്‍ ചക്രവര്‍ത്തിയായ കോണ്‍സ്റ്റന്റെയിന്റെ അമ്മയായ ഹെലേനയാണ് കല്ലറ കണ്ടെത്തിയതെന്നാണ് കരുതപ്പെടുന്നത്. പിന്നീട് കല്ലറ നവീകരിക്കുകയായിരുന്നു. ക്രിസ്തുവിനെ കിടത്തിയതെന്ന് കരുതുന്ന ശിലയുടെ മുകളില്‍ ഫലകം കൊണ്ട് മൂടുകയായിരുന്നു. തീപിടുത്തത്തില്‍ കല്ലറ നശിച്ചെങ്കിലും 1808ന് ശേഷം പുനരുദ്ധീകരിച്ചു.

യേശുവിനെ കിടത്തിയതെന്ന് കരുതുന്ന ശിലയെക്കുറിച്ച് ശാസ്ത്രീയമായ പഠനം നടത്തും. ഇതോടെ കല്ലറയെക്കുറിച്ചുള്ള കാലങ്ങളായി ചുരുളഴിയാതെ കിടക്കുന്ന പലരഹസ്യങ്ങളും കണ്ടെത്താനാകും എന്നാണ് ഗവേഷകസംഘത്തിന്റെ പ്രതീക്ഷ. കല്ലറയ്ക്കുള്ളില്‍ നടത്തുന്ന എല്ലാ പരീക്ഷണങ്ങളും ചിത്രീകരിക്കുന്നുണ്ട്.