നിയമം കാറ്റില്‍ പറക്കുന്നു; സര്‍ക്കാര്‍ സ്‌കൂളില്‍ കൊള്ളപ്പിരിവ്; സ്‌കൂളുകളില്‍ കുട്ടികളില്‍ നിന്നും വന്‍ഫീസ് ഈടാക്കുന്നു

single-img
30 October 2016

 

kanjikodu-1

എട്ടാം ക്ലാസ് വരെയുള്ള കുട്ടികളില്‍ നിന്ന് പിരിവ് നടത്തരുതെന്ന് ബാലാവകാശ കമ്മീഷന്‍ നിയമം കൊണ്ടു വന്നിട്ടും അതിനെയൊക്കെ ലംഘിച്ച് ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ കുട്ടികളില്‍ നിന്നും അമിതതുക ഈടാക്കുന്നു. പ്രാഥമിക വിദ്യാഭാസ കാലയളവായ 14 വയസ്സു വരെ കുട്ടികളില്‍ നിന്ന് ഒരു ഫീസും വാങ്ങിക്കരുത് എന്ന് കാണിച്ച് ബാലാവകാശ കമ്മീഷന്‍ പുറപ്പെടുവിച്ച സര്‍ക്കുലറിനെ അവഗണിച്ചാണ് ഇത്.

ഈ സര്‍ക്കുലര്‍ അനുസരിച്ച് സ്റ്റാമ്പ് പിരിവ്, യുവജനോത്സവ പിരിവ്, പി.ടി.എ.ഫണ്ട്, സ്‌കൂള്‍ വാര്‍ഷിക ഫണ്ട് എന്നിങ്ങനെയുള്ള ഒരു ധനസമാഹരണവും പാടില്ല. 2009ലെ വിദ്യാഭാസ അവകാശ നിയമപ്രകാരം കുട്ടികളുടെ എല്ലാ ചിലവുകളും വഹിക്കേണ്ടത് സര്‍ക്കാറും തദ്ദേശ സ്ഥാപനങ്ങളുമാണ്. ഒന്‍പത്, പത്ത് ക്ലാസിലെ കുട്ടികളില്‍ നിന്ന് സര്‍ക്കാര്‍ ഫീസ് അല്ലാതെ മറ്റൊരു നിര്‍ബന്ധ പിരിവും പാടില്ല. എന്നാല്‍ പാലക്കാട് കഞ്ചിക്കോട് ഗവ. എല്‍പി സ്‌കൂളില്‍ ഇതൊക്കെ വെറും അവകാശവാദങ്ങള്‍ മാത്രമാവുന്നു.

സാധാരണക്കാരുടെ മക്കള്‍ പഠിക്കുന്ന ഇത്തരം സ്‌കൂളുകളില്‍ കൊള്ളലാഭം കൊയ്യുന്ന ഈ പ്രവണതകള്‍ക്കെതിരെ പൊതുസമൂഹം ഇനിയെങ്കിലും ഉണരേണ്ടിയിരിക്കുന്നു. അധികം വിദ്യാഭാസമില്ലാത്ത മാതാപിതാക്കള്‍ മക്കളുടെ പഠനത്തിന് വേണ്ടി പണം കൊടുക്കുകയാണ് ചെയ്യുന്നത്. സര്‍ക്കാര്‍ സ്‌കൂളുകളിലെ ഈ അരക്ഷിതാസസ്ഥ തടയേണ്ടത് വളരെ അത്യാവശ്യമാണ്. കഞ്ചിക്കോട് ഗവ എല്‍ പി സ്‌കൂളില്‍ ഇത്തരത്തിലുള്ള വന്‍ തുക ഈടാക്കുന്ന പ്രവണത വളരെ കൂടുതലാണ്. മനുഷ്യാവകാശ സാമൂഹിക നീതി കമ്മീഷന്‍ പ്രവര്‍ത്തരാണ് സര്‍ക്കാര്‍ സ്‌കൂളുകളുടെ കൊള്ള ലാഭത്തെക്കുറിച്ച് ഇ വാര്‍ത്തയോട് പറഞ്ഞത്. ഈ വിഷയത്തില്‍ ശക്തമായ അന്വേഷണം ഉണ്ടാവേണ്ടതാണ്. സര്‍ക്കാറിന്റേതാണ് സ്‌കൂളെങ്കിലും അധികാരം പി.ടി.എയ്ക്ക് ആണ്. നിര്‍ബന്ധമായി കുട്ടികളില്‍ നിന്നും ഈടാക്കുന്ന അമിതഫീസിനെതിരെ പൊതുസമൂഹം ശക്തമായി എതിര്‍ക്കണം.

kanjikodu2

കഞ്ചിക്കോട് സ്‌കൂളില്‍ പ്രീപ്രൈമറി അധ്യാപകര്‍ക്ക് ശമ്പളം ലഭിക്കുന്നില്ലെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. തുച്ഛമായ ശമ്പളം മാത്രം വാങ്ങുകയും അസുഖം വന്ന് കിടപ്പിലായാല്‍ ഒരു മെഡിക്കല്‍ അവധിയോ പ്രസവ അവധിയോ പോലുമില്ലാത്ത വിഭാഗമാണ് പ്രീപ്രൈമറി അധ്യാപകര്‍. സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളിലെ പന്തീരായിരത്തിലധികം വരുന്ന പ്രീ പ്രൈമറി അധ്യാപകര്‍ ദിവസവും ഇത്തരത്തില്‍ ചൂഷണം ചെയ്യപ്പെടുകയാണ്. മുമ്പ് ഗുരുതരമായ ഗര്‍ഭാശയ രോഗം ബാധിച്ചതിനെ തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയയാകേണ്ടി വന്നതിനാല്‍ പ്രസാവവധി എടുത്ത ഇവിടുത്തെ ഒരു ടീച്ചര്‍ക്ക് ജോലി നഷ്ടമായിരുന്നു. പിന്നീട് ഡിപിഐയും ഹൈക്കോടതിയും ഇടപെട്ട് ഇവരെ തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ അതിന് തയ്യാറായിട്ടില്ലെന്നും മനുഷ്യാവകാശ സാമൂഹിക നീതി കമ്മിഷന്‍ പ്രവര്‍ത്തകര്‍ അറിയിച്ചു. ഇതിന് പുറമേയാണ് ഇത്തരത്തില്‍ കുട്ടികളില്‍ നിന്ന് അമിത തുക ഈടാക്കുന്നു എന്ന വാര്‍ത്ത വന്നിരിക്കുന്നത്.