ഒരു നാട് ഒന്നിച്ച് വിലപിക്കുന്നു.. ഭീകരര്‍ മുഖം വികൃതമാക്കിയ സൈനികന്‍ മന്‍ദീപിന്റെ ഗ്രാമവാസികള്‍ ആദരസൂചകമായി ദീപാവലി ആഘോഷങ്ങള്‍ ഒഴിവാക്കി

single-img
30 October 2016

mandeep_singh_soldier__1477798140188

ജന്മനാടിന് വേണ്ടി വീരമൃത്യു വരിച്ച സൈനികന്‍ മന്‍ദീപ് സിംഗിന്റെ മൃതദേഹം വിങ്ങുന്ന മനസ്സോടെ ജന്മനാടായ കുരുക്ഷേത്രയിലെ അന്‍താഹെഡി ഗ്രാമം ഏറ്റുവാങ്ങി. സൈനികനോടുള്ള ആദരസൂചകമായി മാന്‍ദീപിന്റെ ഗ്രാമവാസികള്‍ ഇന്നലെ ദീപാവലി ആഘോഷങ്ങള്‍ വേണ്ടെന്നു വെച്ചു.

സൈനികനെ ഹരിയാനയിലെ കുരുക്ഷേത്ര ജില്ലയിലെ സ്വദേശത്ത് ഇന്നലെ പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. ജമ്മു കശ്മീര്‍ കുപ്‌വാര പ്രദേശത്തെ മച്ചില്‍ മേഖലയില്‍ വെള്ളിയാഴ്ച രാത്രി തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിലാണ് മന്‍ദീപ് സിങ്ങ് കൊല്ലപ്പെട്ടത്.

ശനിയാഴ്ച അമ്പാലയില്‍ വെച്ചാണ് മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറിയത്. രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്ത മന്‍ദീപിനോടുള്ള ആദരസൂചകമായിട്ടാണ് ഞായറാഴ്ച ദീപാവലി ആഘോഷങ്ങളെല്ലാം ഒഴിവാക്കി ഒരു ഗ്രാമം മുഴുവനും ഒന്നിച്ചു നിന്നത്. ഗ്രാമം ദീപാവലി ആഘോഷിക്കില്ലെന്ന് ഗ്രാമമുഖ്യന്‍ സുഭാഷ് ചന്ദ്ര വ്യക്തമാക്കി. തങ്ങളുടെ മകന്‍ രാജ്യത്തിന് വേണ്ടി രക്തസാക്ഷിത്വം വരിച്ചതില്‍ അഭിമാനിക്കുന്നതായും പാകിസ്ഥാന്റെ മനുഷ്യത്വരഹിതമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു പാഠം പഠിപ്പിക്കുകയും വേണമെന്ന് മാന്‍ദീപിന്റെ പിതാവ് ഫൂല്‍ സിങ്ങ് പറഞ്ഞു.

പതിനായിരക്കണക്കിന് ആളുകളാണ് മൃതദേഹം നാട്ടിലെത്തിച്ചപ്പോള്‍ ആദരമര്‍പ്പിക്കാനായി തടിച്ചുകൂടിയത്. മന്‍ദീപിന്റെ മൃതദേഹം വികൃതമാക്കിയത് ഏറെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. മന്‍ദീപിന്റെ മൃതദേഹം എത്തിയപ്പോള്‍ വികാരനിര്‍ഭരമായ രംഗങ്ങളാണ് അരങ്ങേറിയത്. ഗ്രാമവാസികള്‍ പാകിസ്ഥാനെതിരെ മുദ്രാവാക്യം മുഴക്കി. മന്‍ദീപിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ എത്തിയിരുന്നു.