കെ എം മാണിയെ അടിക്കാന്‍ പി സി ജോര്‍ജ്ജ് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ നിന്നും വടി വെട്ടിവരുന്നു; കാത്തിരിക്കുക.. നാളെ ഉച്ചയോടെ തുടങ്ങും അങ്കം

single-img
30 October 2016

 

collash

കുറച്ചു ദിവസമായി കേരള നിയമസഭ ഒരു ഉറക്കക്ഷീണത്തിലാണ്. പുലികള്‍ നിരവധി സഭയെ പ്രകമ്പനം കൊള്ളിക്കാനുണ്ടെങ്കിലും യഥാര്‍ത്ഥ പുലി അങ്ങ് ബ്രിട്ടനിലായതു തന്നെ കാരണം. അന്നുതൊട്ടേ സാമാജികരും നാട്ടുകാരും എന്തിന് സാക്ഷാല്‍ മുഖ്യമന്ത്രി പോലും സ്വയം ചോദിക്കുന്നുണ്ടായിരിക്കും ഈ പി സി ജോര്‍ജ്ജ് ഇപ്പോഴെന്തിനാ ബ്രിട്ടനില്‍ പോയതെന്ന്.

എന്നാല്‍ പി സി ജോര്‍ജ്ജ് ബ്രിട്ടനില്‍ പോയത് വെറുതെയല്ലെന്ന് തെളിയുകയാണ്. കെ എം മാണിയെന്ന കേരള കോണ്‍ഗ്രസിലെ അധികായന്റെ ഒരു വലിയ കള്ളത്തരം പൊളിക്കലായിരുന്നു പിസിയുടെ ഈ യാത്രയ്ക്ക് പിന്നിലെ മുഖ്യലക്ഷ്യം. ബാര്‍ കോഴക്കേസ് വാര്‍ത്തയാകുന്നതിന് മുമ്പ് കെ എം മാണി മലയാളികള്‍ക്കെല്ലാം ആരാധ്യ പുരുഷനായിരുന്നു. അമ്പത് കൊല്ലം നിയമസഭാംഗമായിരിക്കുകയും ഏറ്റവും കൂടുതല്‍ കാലം നിയമസഭാംഗമായിരിക്കുകയും ചെയ്ത മാണി സാറിനെ ബ്രിട്ടീഷ് പാര്‍ലമെന്റ് ആദരിച്ചുവെന്നും അക്കാലത്ത് വാര്‍ത്ത വന്നിരുന്നു.

ബ്രിട്ടീഷ് പാര്‍ലമെന്റില്‍ അദ്ദേഹം നടത്തിയ പ്രസംഗത്തെക്കുറിച്ചുള്ള വാര്‍ത്തയൊക്കെ ഓരോ മലയാളിയും രോമാഞ്ചത്തോടെയാണ് കേട്ടിരുന്നത്. എന്നാല്‍ മാണി മാത്രമല്ല, ഇപ്പോള്‍ പിസിയും അതേ പാര്‍ലമെന്റ് ഹാളില്‍ പ്രസംഗിച്ചിരിക്കുകയാണ്. ആര്‍ക്കുവേണമെങ്കിലും വാടകയ്‌ക്കെടുക്കാവുന്ന ഹാളിലാണ് മാണി പ്രസംഗിച്ചതെന്നും താനും അവിടെ പ്രസംഗിച്ചെന്നും വെളിപ്പെടുത്തുന്നത് മറ്റാരുമല്ല, പി സി ജോര്‍ജ്ജ് തന്നെയാണ്. ബ്രിട്ടീഷ് പാര്‍ലമെന്റ് മീറ്റിംഗുകള്‍ക്കായി വിട്ടുനല്‍കുന്ന അഞ്ചാം നമ്പര്‍ ഹാളിലാണ് മാണി സംസാരിച്ചതെന്നാണ് ജോര്‍ജ്ജ് പറയുന്നത്. മാണിയുടെ അന്നത്തെ അവകാശവാദത്തില്‍ സംശയമുണ്ടായിരുന്നെന്നും എന്നാല്‍ അന്നൊന്നും മിണ്ടിയില്ലെന്നും ജോര്‍ജ്ജ് പറയുന്നു. ഇപ്പോള്‍ എല്ലാം നേരില്‍ കണ്ട് ബോധ്യപ്പെട്ടതിനാലാണ് പറയുന്നത്. മാണി പ്രസംഗിച്ച അതേ ഹാളില്‍ താനും പ്രസംഗിച്ചു.

നാട്ടിലെത്തി മാണിയുടെ ബ്രിട്ടീഷ് പാര്‍ലമെന്റിലെ പ്രസംഗക്കഥ വെറും പുളുവാണെന്ന് തെളിയിക്കാനാണ് ജോര്‍ജ്ജിന്റെ ഒരുക്കം. നാട്ടുകാരെയും മാധ്യമങ്ങളെയും ഒരുപോലെ വിഡ്ഢികളാക്കിയ മാണി അങ്ങനെ ഞെളിയണ്ടെന്നും ജോര്‍ജ്ജ് പറയുന്നു. ബ്രിട്ടീഷ് പാര്‍ലമെന്റിലെ പ്രസംഗം ഉള്‍പ്പെടെ ചര്‍ച്ചയാക്കിയത് മാണിയെ ആഗോള നേതാവെന്ന ഖ്യാതിയിലെത്തിക്കാനും ഒപ്പം മുഖ്യമന്ത്രി പദവിയിലേക്ക് എത്തിക്കാനുമായിരുന്നു. എന്നാല്‍ അന്ന് മാണിയെ മുഖ്യമന്ത്രിയാക്കാന്‍ ഏറ്റവുമധികം ചരട് വലിച്ചതും ഇതേ പി സി ജോര്‍ജ്ജ് തന്നെയാണ്. പിന്നീട് ബാര്‍ കോഴക്കേസ് ഉയര്‍ന്നതോടെയാണ് പി സി മാണിയുടെ കൂടാരം വിട്ടത്.

അന്ന് മാണിയുടെ ശത്രുക്കളും ആര്‍ക്കും വാടകയ്‌ക്കെടുത്ത് സംസാരിക്കുന്ന ഒരിടമാണ് ബ്രിട്ടീഷ് പാര്‍ലമെന്റെന്നാണ്. ഈ ആരോപണം ഉയര്‍ന്നതോടെ മാണി തന്റെ വാദത്തില്‍ നിന്നും പിന്മാറുകയും ചെയ്തിരുന്നു. എന്നാല്‍ ജോര്‍ജ്ജിന്റെ ഇപ്പോഴത്തെ വാദം പരിഗണിച്ചാല്‍ ബ്രിട്ടീഷ് പാര്‍ലമെന്റിലുമല്ല, പകരം ആ കെട്ടിടത്തിലെ ഒരു ഹാളിലാണ് മാണി പ്രസംഗിച്ചതെന്ന് വരികയാണ്. നാളെ ഉച്ചയോടെ കേരളത്തില്‍ മടങ്ങിയെത്തുന്ന പി സി ജോര്‍ജ്ജ് ഇപ്പോള്‍ തന്റെ ഏറ്റവും വലിയ ശത്രുവായ മാണിയെ അടിക്കാന്‍ ബ്രിട്ടനില്‍ നിന്നും തയ്യാറാക്കി കൊണ്ടുവരുന്ന വടിയാകും ഇതെന്ന് ഉറപ്പ്.