വ്യവസായിയെ തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ സിപിഎം ഏരിയാ സെക്രട്ടറി ഒളിവില്‍;വി.എ സക്കീര്‍ ഹുസൈന്‍ മുന്‍കൂര്‍ ജാമ്യത്തിനും ശ്രമം തുടങ്ങി

single-img
29 October 2016

sakkerrക്രിമിനല്‍ കേസില്‍ പ്രതിയായതോടെ സി.പി.എം കളമശേരി ഏരിയ സെക്രട്ടറി വി.എ സക്കീര്‍ ഹുസൈന്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം തുടങ്ങി. അറസ്റ്റ് ഒഴിവാക്കുന്നതിനായി സക്കീര്‍ ഹുസൈന്‍ ജാമ്യഹര്‍ജി ഫയല്‍ ചെയ്തു. സക്കീര്‍ ഹുസൈന്‍ ഇപ്പോൾ ഒളിവിലാണു.മൊബൈൽ ഫോണും സ്വിച്ച് ഓഫ് ആണു.സക്കീറിനെതിരെ ജാമ്യമില്ലാത്ത വകുപ്പുകള്‍ പ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തിലാണ് സക്കീര്‍ ഹുസൈന്‍ ഒളിവില്‍ പോയത്.

കഴിഞ്ഞ ബുധനാഴ്ചയാണ് സക്കീര്‍ ഹുസൈനെതിരെ തട്ടിക്കൊണ്ട് പോകല്‍ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തത്. കൊച്ചിയില്‍ ഗുണ്ടകളെ അമര്‍ച്ചചെയ്യാനായി രൂപീകരിച്ച സിറ്റി ടാസ്‌ക് ഫോഴ്സില്‍ രജിസ്റ്റര്‍ ചെയ്യുന്ന ആദ്യ കേസാണിത്. സക്കീര്‍ ഹുസൈന്‍ ഒന്നാം പ്രതിയും മുന്‍ ഡി.വൈ.എഫ്.ഐ. നേതാവ് കറുകപ്പിള്ളി സിദ്ദീഖ് രണ്ടാം പ്രതിയുമാണ്.

ഇന്നലെ നല്‍കിയ ഹര്‍ജി തിങ്കളാഴ്ച പരിഗണിച്ചേക്കും. ബുധനാഴ്ച വൈകിട്ട് വരെ സക്കീർ ഹുസൈൻ സി.പി.എം ഏരിയ കമ്മിറ്റി ഓഫീസില്‍ ഉണ്ടായിരുന്നുവെങ്കിലും പോലീസ് അറസ്റ്റിനു നീങ്ങുന്നുവെന്ന് അറിഞ്ഞതോടെ ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. പോലീസ് അന്വേഷണം തുടരുന്നതിനിടെയാണ് ഇയാള്‍ ഇന്നലെ കോടതിയെ സമീപിച്ചത്. ഹര്‍ജി കോടതിയുടെ പരിഗണനയില്‍ വന്നതിനാല്‍ അതില്‍ തീര്‍പ്പുണ്ടായ ശേഷമേ ഇനി പോലീസ് നടപടിയിലേക്ക് കടക്കൂവെന്നും സൂചനയുണ്ട്.

കൊച്ചിയിലെ ഒരു വനിത സംരംഭകയെ മുഖ്യമന്ത്രിയുടെ പേര് പറഞ്ഞാണ് സക്കീര്‍ ഹുസൈന്‍ അടക്കമുള്ള കറുകപ്പള്ളി ക്വട്ടേഷന്‍ സംഘം ഭീഷണിപ്പെടുത്തി പണം തട്ടിയതെങ്കില്‍ കളമശേരിയിലെ വ്യവസായിയെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പേരിലാണ് ഭീഷണിപ്പെടുത്തിയത്.
അതേസമയം കളമശേരി ഏരിയാ സെക്രട്ടറിയും ജില്ലാ കമ്മിറ്റിയംഗവും ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റുമായ വി.എ.സക്കീര്‍ ഹുസൈനെതിരെ നടപടിയെടുക്കുന്നതില്‍ സിപിഎം എറണാകുളം ജില്ലാ സെക്രട്ടേറിയറ്റില്‍ അഭിപ്രായ വ്യത്യാസമുണ്ടായതിനെ തുടര്‍ന്ന് വിഷയം സംസ്ഥാന സെക്രട്ടേറിയേറ്റിന് വിട്ടിരിക്കുകയാണ്.