തോട്ടണ്ടി വാങ്ങിയതില്‍ 10.34 കോടിയുടെ അഴിമതി; മേഴ്‌സിക്കുട്ടിയമ്മക്കെതിരെയുള്ള രേഖകള്‍ നിയമസഭയില്‍

single-img
29 October 2016

 

mercykutty-amma
കശുവണ്ടി വികസന കോര്‍പ്പറേഷനും കാപ്പക്‌സും തോട്ടണ്ടി വാങ്ങിയതില്‍ വന്‍ ക്രമക്കേടെന്ന് തെളിവുകള്‍ നിരത്ത് വിഡി സതീശന്‍ എംഎല്‍എ നിയമസഭയില്‍ ആരോപിച്ചു. മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെ കീഴിലുള്ള രണ്ട് സ്ഥാപനങ്ങളിലുമായി 10.34 കോടി രൂപയുടെ അഴിമതി നടന്നെന്നാണ് സതീശന്റെ ആരോപണം.

ഓഗസ്റ്റ്, സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ രണ്ടിനങ്ങളിലുള്ള തോട്ടണ്ടിയാണ് കശുവണ്ടി വികസന കോര്‍പ്പറേഷനും കാപ്ക്‌സും വാങ്ങിയത്. കൂടതെ ഈ രണ്ട് സ്ഥാപനങ്ങളിലും എംഡിമാരായി നിയമിക്കപ്പെട്ടവര്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അഴിമതി ആരോപണ വിധേയരായി നടപടി നേരിട്ടവരാണെന്നും സതീശന്‍ ചൂണ്ടിക്കാട്ടുന്നു. 20016 ജൂണ്‍ 25ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം തോട്ടണ്ടി വാങ്ങുന്നതിലെ ടെന്‍ഡര്‍ വ്യവസ്ഥകളില്‍ നാല് ഇളവുകള്‍ വരുത്തിയാണ് ഈ സ്ഥാപനങ്ങള്‍ ടെന്‍ഡര്‍ ക്ഷണിച്ചത്.

പ്രാധമികമായ ഗുണമേന്മാ പരിശോധന നടത്താനുള്ള ചുമതല മൂന്നാമതൊരു ഏജന്‍സിക്കായിരുന്നത് വിതരണക്കാരന് തന്നെയാക്കി എന്നതാണ് ഇതില്‍ പ്രധാനപ്പെട്ട ഇളവ്. കശുവണ്ടി വികസന കോര്‍പ്പറേഷനില്‍ 47 ഐബിഎസ് ഐവറി കോസ്റ്റില്‍ നിന്നുള്ള തോട്ടണ്ടി വാങ്ങാനായിരുന്നു ടെന്‍ഡര്‍ ക്ഷണിച്ചത്. ജൂണ്‍ 17ന് സീബീ കമ്മോഡിറ്റീസ് എന്ന സ്ഥാപനം ഒരു മെട്രിക് ടണ്ണിന് 1584 അമേരിക്കന്‍ ഡോളറിനും പിന്നീട് എക്‌സെല്‍ സയന്റിഫിക് എന്ന കമ്പനി 1689 അമേരിക്കന്‍ ഡോളറിനും ടെന്‍ഡര്‍ സമര്‍പ്പിച്ചെങ്കിലും വിലക്കൂടുതലാണെന്ന് പറഞ്ഞ് രണ്ട് ടെന്‍ഡറുകളും തള്ളുകയായിരുന്നു. എന്നാല്‍ പത്ത് ദിവസത്തിന് ശേഷം ഒലാം ഇന്ത്യ എന്ന കമ്പനിക്ക് 1858 ഡോളറിന് ടെന്‍ഡര്‍ അനുവദിക്കുകയായിരുന്നു. അതായത് ഒരു കിലോയ്ക്ക് 118 രൂപയായിരുന്നത് 124.50 രൂപയിലേക്ക് മാറ്റിക്കൊടുത്തു. ഒരു ടണ്ണില്‍ 272 അമേരിക്കന്‍ ഡോളര്‍ വ്യത്യാസം. 1.82 കോടി രൂപയാണ് ഇതിലൂടെ സംസ്ഥാന സര്‍ക്കാരിന് നേരിട്ടത്.

47 പൗണ്ട് എന്ന് പറഞ്ഞാണ് തോട്ടണ്ടി വാങ്ങിയതെങ്കിലും ഗുണമേന്മാ പരിശോധനയില്‍ ഇത് 43 പൗണ്ടില്‍ കുറവാണെന്ന് കണ്ടെത്തി. ഇതില്‍ പതിനഞ്ച് ശതാനത്തില്‍ കൂടുതല്‍ കേടുവന്ന തോട്ടണ്ടിയുമായിരുന്നു. എന്നാല്‍ അപ്പോഴേക്കും പണം മുഴുവന്‍ നല്‍കിയിരുന്നു. ഈ വിധത്തിലും സര്‍ക്കാരിന് നഷ്ടമുണ്ടായി.

2016 ജൂലൈയില് ഗിനിബിസാവോ തോട്ടണ്ടി വാങ്ങാനായി നല്‍കിയ ടെന്‍ഡറിലെ ക്രമക്കേടാണ് സതീശന്‍ രണ്ടാമതായി ചൂണ്ടിക്കാട്ടിയത്. കാപക്‌സില്‍ വിനായക കൊമേഴ്‌സ്യല്‍ കമ്പനി 1886 അമേരിക്കന്‍ ഡോളറിന് ടെന്‍ഡര്‍ സമര്‍പ്പിച്ചെങ്കിലും കൂടിയ വിലയാണെന്ന് ചൂണ്ടിക്കാട്ടി ഇത് നിരസിച്ചു. ഓഗസ്റ്റില്‍ തന്നെ ഇതേ കമ്പനിയില്‍ നിന്നും കശുവണ്ടി വികസന കോര്‍പ്പറേഷന്‍ ഇതേ അളവിലുള്ള തോട്ടണ്ടി വാങ്ങിയത് 2119 അമേരിക്കന്‍ ഡോളറിനാണെന്നും സതീശന്‍ ചൂണ്ടിക്കാട്ടി. തൂത്തുക്കുടി തുറമുഖത്ത് കിടന്ന ഒരേ ചരക്ക് തന്നെയാണ് ഒരു കമ്പനി രണ്ട് റേറ്റില്‍ രണ്ട് പ്രാവശ്യമായി നല്‍കിയത്. ഒരു മെട്രിക് ടണ്ണിന് 233 ഡോളര്‍ വ്യാത്യാസത്തില്‍ വാങ്ങിയപ്പോള്‍ 1.75 കോടി രൂപയാണ് സര്‍ക്കാരിന് നഷ്ടമുണ്ടായത്.

കശുവണ്ടി കോര്‍പ്പറേഷനുകളുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിലയാണ് ഇത്. 53 പൗണ്ട് ഗുണമേന്മ അവകാശപ്പെട്ടാണ് ഇത്രവലിയ വിലയ്ക്ക് ഇത് വാങ്ങിയത്. രണ്ടാമത് ഇത് 54 പൗണ്ടാക്കിയാണ് ടെന്‍ഡര്‍ സമര്‍പ്പിച്ചത്. ഒരു പൗണ്ട് കൂട്ടിയതിന് 233 ഡോളര്‍ കൂടുതല്‍ നല്‍കേണ്ടതില്ലെന്നും 30 ഡോളര്‍ മാത്രം കൂടുതല്‍ നല്‍കിയാല്‍ മതിയെന്നും സതീശന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഗുണപരിശോധന കഴിഞ്ഞപ്പോള്‍ 51 പൗണ്ട് മാത്രമേ ഉണ്ടായിരുന്നുള്ളൂ.

മഹിമ ട്രേഡേഴ്‌സ്, ഇന്‍സാഫ് എന്നീ കമ്പനികളാണ് രണ്ട് ടെന്‍ഡറുകള്‍ സമര്‍പ്പിച്ചത്. ഇത് ഒരേ ഓഫീസില്‍ ഒരേ കമ്പ്യൂട്ടറില്‍ അച്ചടിച്ചവയാണെന്ന് അപേക്ഷകളിലെ ഒരേ പോലെയുള്ള തെറ്റുകള്‍ ചൂണ്ടിക്കാട്ടി സതീശന്‍ വ്യക്തമാക്കി. ഒരു ടെന്‍ഡര്‍ മാത്രമാകാതിരിക്കാനാണ് ഈ തട്ടിപ്പ് നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു.

ആദ്യം ലഭിച്ച ടെന്‍ഡറുകള്‍ നിരസിച്ച് കൂടിയ വിലയുടെ ടെന്‍ഡറുകളില്‍ തോട്ടണ്ടി വാങ്ങിയതിലെ നഷ്ടം ചൂണ്ടിക്കാണിച്ചാണ് സതീശന്‍ തന്റെ ധനവിനിയോഗ ബില്ലിന്മേലുള്ള നിയമസഭ പ്രസംഗം അവസാനിപ്പിച്ചത്. കശുവണ്ടി കോര്‍പ്പറേഷനില്‍ നാല് ടെന്‍ഡറുകളിലൂടെ 3900 മെട്രിക് ടണ്‍ ഗിനിബിസാവോ തോട്ടണ്ടി വാങ്ങിയതില്‍ 6.87 കോടി രൂപയുടെയും കാപക്‌സില്‍ രണ്ട് ടെന്‍ഡറുകളിലായി 2000 മെട്രിക് ടണ്‍ വാങ്ങിതില്‍ 3.47 കോടി രൂപയുടെയുമാണ് അഴിമതി നടന്നത്. അങ്ങനെ കശുവണ്ടി വ്യവസായ വകുപ്പിന് കീഴില്‍ കഴിഞ്ഞ മൂന്ന് മാസത്തിനിടെ 10.34 കോടി രൂപയുടെ അഴിമതിയാണ് നടന്നതെന്നും സതീശന്‍ ആരോപിക്കുന്നു.