പുണ്യഭൂമിയായ മക്കയെ ലക്ഷ്യമിട്ട് ഹൂതി വിമതരുടെ മിസൈല്‍; അറബ് സഖ്യസേന മിസൈലാക്രമണം പരാജയപ്പെടുത്തി

single-img
28 October 2016

 

mecca

ഇസ്ലാം മതവിശ്വാസികളുടെ പുണ്യഭൂമിയായ മക്കയെ ലക്ഷ്യമിട്ട ഹൂതി വിമതരുടെ മിസൈല്‍ അറബ് സഖ്യസേന തകര്‍ത്തു. യെമനിലെ ഹൂതി വിമതര്‍ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈലാണ് അറബ് സേന തകര്‍ത്തത്. മക്കയില്‍നിന്നും 65 കിലോമീറ്റര്‍ മാത്രം അകലെ വച്ച് മിസൈല്‍ തകര്‍ക്കുകയായിരുന്നുവെന്ന് സൗദി അറേബ്യയുടെ ഔദ്യോഗിക വാര്‍ത്താ വിഭാഗം അറിയിച്ചു.

അറബ് സഖ്യസേനയുടെ തക്കസമയത്തെ ജാഗ്രതയാണു വന്‍ദുരന്തം ഇല്ലാതാക്കിയത്. വ്യാഴാഴ്ച രാത്രി ഒന്‍പതോടെയാണ് ആക്രമണം ഉണ്ടായത്. യെമനിലെ സഔദ പ്രവിശ്യയില്‍ നിന്നാണു മിസൈല്‍ തൊടുത്തുവിട്ടത്. മിസൈല്‍ വരുന്നുണ്ടെന്ന് മനസിലാക്കിയ അറബ് സേന ഇതു തകര്‍ക്കുകയായിരുന്നു. മക്കയില്‍നിന്ന് ഏകദേശം 900 കിലോമീറ്ററോളം അകലെയാണു സഔദ സ്ഥിതി ചെയ്യുന്നത്.
അതേസമയം, ഇത്തരം ആക്രമണങ്ങള്‍ നടത്തുന്നതിനുള്ള സാങ്കേതികവിദ്യയില്‍ ഹൂതികള്‍ക്കു പരിശീലനം നല്‍കുന്നത് ഇറാനും ഹിസ്ബുള്ള സേനയുമാണെന്ന് സൗദി സേനയുടെ വക്താവ് മേജര്‍ ജനറല്‍ അഹ്മദാ അസീരി അറിയിച്ചു. ബാലിസ്റ്റിക് മിസൈലായ ബുര്‍കാന്‍ 1 ആണ് സൗദി അറേബ്യയിലേക്കു വിട്ടതെന്ന് ഹൂതി വിമതര്‍ സ്ഥിരീകരിച്ചു. അതേസമയം, മക്ക ആയിരുന്നില്ല ലക്ഷ്യ സ്ഥാനമെന്നും തിരക്കേറിയ വിമാനത്താവളമായ ജിദ്ദയില്‍ ആക്രമണം നടത്താനായിരുന്നു പദ്ധതിയെന്നുമാണ് അവര്‍ പറയുന്നത്.