സംരക്ഷണം ഏര്‍പ്പെടുത്തി സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ്; ഗുണ്ടാപ്രവര്‍ത്തനം നടത്തിയെന്ന പരാതിയില്‍ ഏരിയാ സെക്രട്ടറിക്ക് എതിരെ പാര്‍ട്ടി നടപടിയില്ല

single-img
28 October 2016

 

sakkerr

കൊച്ചി: രണ്ടര വര്‍ഷം മുമ്പ് ഗുണ്ടാപ്രവര്‍ത്തനം നടത്തിയെന്ന പരാതിയില്‍ മുഖ്യമന്ത്രി പൊലീസ് അന്വേഷണത്തിന് നിര്‍ദേശിച്ച ഏരിയാ സെക്രട്ടറിക്ക് എതിരെ നടപടി വേണ്ടെന്ന് സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറിയേറ്റിന്റെ തീരുമാനം. പരാതിയില്‍ പാര്‍ട്ടി തിടുക്കപ്പെട്ട് നടപടി വേണ്ടതില്ല എന്നതാണ് ജില്ലാ സെക്രട്ടറി പി രാജീവിന്റെ നിലപാട്.

പാര്‍ട്ടിക്ക് കളങ്കം ഉണ്ടാക്കിയ കളമശേരി ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈന് എതിരെ നടപടി വേണമെന്ന് ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ ഒരുവിഭാഗം ആവശ്യപ്പെട്ടു. എന്നാല്‍ ഈ ആവശ്യത്തെ ജില്ലാ സെക്രട്ടറി പി രാജീവ് ശക്തമായി എതിര്‍ത്തു. പാര്‍ട്ടി അന്വേഷണം നടത്തിയ ശേഷം ആരോപണത്തില്‍ കഴമ്പുണ്ടോ എന്ന് കണ്ടെത്തട്ടെ ആദ്യം എന്നതായിരുന്നു പി രാജീവിന്റെ നിലപാട്. ഇതിന്റെ അടിസ്ഥാനത്തില്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ നവംബര്‍ നാലിന് പ്രത്യേക യോഗം വിളിക്കും.

സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും യോഗത്തില്‍ പങ്കെടുക്കും. അതേസമയം വിഷയത്തില്‍ ജില്ലാനേതൃത്വം സ്വീകരിക്കുന്ന നിലപാടില്‍ അണികള്‍ക്ക് ഇടയിലും ശക്തമായ പ്രതിഷേധമുണ്ട്. പാര്‍ട്ടിയുടെ അന്തസിന് കളങ്കം ഉണ്ടാക്കിയ ഏരിയാ സെക്രട്ടറിക്ക് എതിരെ മാതൃകാപരമായ നടപടി വേണം എന്നതാണ് പാര്‍ട്ടി പ്രവര്‍ത്തകരില്‍ ഭൂരിഭാഗത്തിന്റെയും നിലപാട്. നവംബര്‍ നാലിന് ചേരുന്ന യോഗത്തിലും നടപടി ആവശ്യം ശക്തമായി ഉന്നയിക്കാനാണ് ഒരുവിഭാഗം നേതാക്കളുടെ തീരുമാനം.