ഇന്ത്യന്‍ ഫുട്‌ബോളിന്റെ നായകന്‍ വിപി സത്യനായ് ജയസൂര്യയെത്തുന്നു

single-img
28 October 2016

sathyan

കേരള പോലീസ് ടീമിന്റേയും കേരള ടീമിന്റേയും ജേഴ്‌സിയില്‍ നിന്നും ഇന്ത്യന്‍ ടീമിന്റെ നായക പദവിയിലേക്ക് എത്തുകയും ഇന്ത്യന്‍ ഫുട്‌ബോളിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരങ്ങളിലൊരാളുമായി മാറിയ വിപി സത്യന്റെ ജീവിതം സിനിമയാകുന്നു. ക്യാപ്റ്റന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഇന്ത്യന്‍ ഫുട്‌ബോളിലെ സത്യേട്ടനായെത്തുന്നത് ജയസൂര്യയാണ്. ജയസൂര്യ തന്നെയാണ് ചിത്രത്തെക്കുറിച്ച് തന്റെ ഫെയ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത് ഫുട്‌ബോള്‍ ഗ്രൗണ്ടിലെ നിശബ്ദനായ പോരാളിയായിരുന്നു സത്യന്‍. ആരോടും ഒന്നും പറയാതെ, 2006 ജൂലൈ 18ന് ചെന്നൈയില്‍ ജീവിതത്തോട് യാത്രപറഞ്ഞ് പറയാന്‍ ബാക്കി വെച്ചതെല്ലാം ഒരു കടലാസ് തുണ്ടിലെഴുതി വെച്ച് മരണത്തെ വരിച്ച സത്യന്റെ ജീവിതം സിനിമയാവുകയാണ്.

സിദ്ധിക്കിന്റെ സഹസംവിധായകനായിരുന്ന പ്രജേഷ് സെന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പത്ത് കോടിയിലധികം ചെലവിട്ട് ഒരുക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വ്വഹിക്കുന്നത് ഗുഡ് വില്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ടിഎല്‍ ജോര്‍ജാണ്. കണ്ണൂര്‍ മേക്കുന്ന് സ്വദേശിയായ സത്യന്‍ മോഹന്‍ബഗാന്റെയും ഇന്ത്യന്‍ ബാങ്കിന്റെയും താരമായിരുന്നു. സന്തോഷ് ട്രോഫി നേടിയ കേരളാ ടീമിന്റെ ക്യാപ്റ്റനായിരുന്നു സത്യന്‍. സ്റ്റോപ്പര്‍ ബാക്കായിരുന്ന സത്യന്റെ കൈ പിടിച്ചാണ് ഐഎം വിജയനെപ്പോലുള്ള താരങ്ങള്‍ ഇന്ത്യന്‍ ഫുട്‌ബോളിലേക്ക് കടന്ന് വരുന്നത്. ഇന്ത്യന്‍ ഫുട്‌ബോളിന്റെ സുവര്‍ണ്ണകാലത്തില്‍ ടീമിന്റെ നായകനായിരുന്ന സത്യന്‍.