സ്വകാര്യ മെഡിക്കല്‍ കോളേജ് പരിസരത്ത് നിരവധി അജ്ഞാത ജഡങ്ങള്‍ കുഴിച്ചിട്ട നിലയില്‍; സംഭവം ഗൗരവമെന്ന് നാട്ടുകാര്‍; പോലീസിന് നിസംഗത

single-img
28 October 2016

 

atholi
കോഴിക്കോട് അത്തോളി മൊടക്കല്ലൂര്‍ മലബാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി പരിസരത്തു നിന്നും നിരവധി അജ്ഞാത ജഡങ്ങള്‍ ഒരുമിച്ച് കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. പത്തോളം മനുഷ്യ മൃതദേഹങ്ങളാണ് കുഴിച്ചിട്ടതെന്നാണ് പ്രാഥമിക നിഗമനം.

ഇന്നലെ വൈകിട്ടോടെയാണ് നാട്ടുകാര്‍ മൃതദേഹങ്ങള്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. അധികം ആഴത്തില്‍ കുഴിയെടുക്കാത്തതിനാല്‍ ഏതോ ജീവികള്‍ മാന്തി മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ പുറത്തെത്തിക്കുകയായിരുന്നു. ഇതിനെതിരെ നാട്ടുകാര്‍ സംഘടിച്ചതോടെ ബാലുശേരി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. തുടര്‍ന്ന് മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചു.

atholi1

സ്വകാര്യ മെഡിക്കല്‍ കോളേജ് പരിസരത്തു നിന്നും കണ്ടെത്തിയ മൃതദേഹങ്ങളില്‍ നാട്ടുകാര്‍ ആശങ്ക ഉയര്‍ത്തുന്നുണ്ടെങ്കിലും പോലീസ് നിസംഗ മനോഭാവമാണ് പുലര്‍ത്തുന്നത്. മെഡിക്കല്‍ കോളേജിലെ അനാട്ടമി പഠനാവശ്യത്തിനായി എത്തിച്ച മൃതദേഹങ്ങളാണ് ഇതെന്നാണ് കരുതുന്നത്. വേറെ മൃതദേഹങ്ങള്‍ ലഭ്യമായപ്പോള്‍ പഴയ മൃതദേഹങ്ങള്‍ താല്‍ക്കാലികമായി കുഴിയെടുത്ത് മാറ്റിയിട്ടതാണെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം. മൃതദേഹങ്ങളിലെ മാംസം അടര്‍ന്നുമാറി അസ്ഥികൂടമായി ലഭിക്കാനാണ് അധികം ആഴത്തിലല്ലാതെ കുഴിയെടുത്ത് മൂടിയതെന്നും കോളേജ് അധികൃതര്‍ പറഞ്ഞതായി ബാലുശേരി പോലീസ് ഇ വാര്‍ത്തയോട് പറഞ്ഞു. പരിസ്ഥിതി പ്രശ്‌നം ഉയര്‍ത്തി നാട്ടുകാര്‍ ഇതില്‍ ഇടപെടുകയായിരുന്നുവെന്നും ഇതില്‍ ഗൗരവകരമായി ഒന്നുമില്ലെന്നുമാണ് പോലീസ് ഭാഷ്യം. കൂടാതെ മൂന്നോ നാലോ മൃതദേഹങ്ങള്‍ മാത്രമാണ് കണ്ടെടുത്തതെന്നും പോലീസ് അവകാശപ്പെടുന്നു. എന്നാല്‍ പ്രദേശത്തു നിന്നും പകര്‍ത്തിയ ചിത്രങ്ങളില്‍ നിന്നും പത്തോളം മൃതദേഹങ്ങളാണ് കുഴിച്ചിട്ടിരുന്നതെന്ന് വ്യക്തമാണ്. കൂടാതെ പിന്നീട് അസ്ഥികൂടം എടുക്കാനാണ് കുഴിച്ചിട്ടതെങ്കില്‍ എല്ലാ മൃതദേഹങ്ങളും ഒരുമിച്ച് കുഴിച്ചിട്ടാല്‍ എങ്ങനെയാണ് അത് സാധ്യമാകുക എന്ന ചോദ്യവും ഉയരുന്നു.

atholi2

്അതേസമയം ഈ മൃതദേഹങ്ങളുടെ മറവില്‍ മറ്റേതെങ്കിലും മൃതദേഹങ്ങളും ഇവിടെയിട്ടുണ്ടാകുമോയെന്ന ചോദ്യത്തിന് ആരും മറുപടി പറയുന്നില്ല. നാട്ടുകാരുടെയും പരാതി അതുതന്നെയാണ്. മൃതദേഹങ്ങള്‍ കണ്ടെത്തിയത് സ്വകാര്യ മെഡിക്കല്‍ കോളേജിന്റെ പരിസരത്തു നിന്നാണെന്നത് പ്രശ്‌നത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. ഈ ജഡങ്ങള്‍ ആരുടേതെന്ന് പോലും അന്വേഷിക്കാന്‍ പോലീസ് തയ്യാറാകുന്നില്ലെന്നാണ് ജനങ്ങളുടെ പരാതി. അത്തോളി എംഎംസിയും ഈ മൃതദേഹങ്ങളും തമ്മിലുള്ള ബന്ധമെന്തെന്ന് പുറത്ത് കൊണ്ടുവരണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മെഡിക്കല്‍ വിദ്യാഭ്യാസത്തിനായി ആരെങ്കിലും നല്‍കിയ ശരീരങ്ങളാണ് ഇവയെങ്കില്‍ ഒരു ജഡത്തോട് കാണിക്കേണ്ട നീതിയോടെയെങ്കിലും സംസ്‌കരിക്കാമായിരുന്നു. സംഭവത്തില്‍ ശക്തവും സുതാര്യവുമായ അന്വേഷണം ആവശ്യപ്പെടുന്നതായി ഭാരതീയ രാഷ്ട്രീയ കോണ്‍ഗ്രസ് സേവ ജനറല്‍ സെക്രട്ടറി നൗഷാദ് തെക്കയില്‍ ഇ വാര്‍ത്തയെ അറിയിച്ചു.

atholi3