പൊതുമാപ്പ് നേടി മടങ്ങുന്നവര്‍ക്ക് ഇനി മുതല്‍ സൗജന്യ ഔട്ട് പാസ് ലഭിക്കും;

single-img
28 October 2016

qatar_584182

ദോഹ: പൊതുമാപ്പിന്റെ ആനുകൂല്യം തേടി നാട്ടിലേക്കു മടങ്ങുന്നവര്‍ക്ക് സൗജന്യമായി ഔട്ട് പാസ് നല്‍കുമെന്ന് ഇന്ത്യന്‍ സ്ഥാനപതി പി. കുമരന്‍. ഇന്ത്യന്‍ എംബസിയില്‍ മാധ്യമ പ്രവര്‍ത്തകരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ദുരിതമനുഭവിച്ച് പൊതുമാപ്പിന്റെ ആനുകൂല്യത്തില്‍ നാടണയാന്‍ ശ്രമിക്കുന്നവരില്‍ നിന്ന് ഔട്ട് പാസിനായി അറുപത് റിയാല്‍ ഈടാക്കിയിരുന്നത് വലിയ പരാതി ഉയര്‍ത്തിയിരുന്നു.

സാധാരണക്കാരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് കൂടുതല്‍ ശ്രദ്ധ നല്‍കുമെന്നും പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പൊതുമാപ്പ് പ്രയോജനപ്പെടുത്താന്‍ ഇതുവരെ ചുരുക്കം ഇന്ത്യന്‍ പ്രവാസികളേ എത്തിയിട്ടുള്ളു. കൂടുതല്‍ പേരിലേക്ക് പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നതിനായി മാധ്യമങ്ങളുമായും പ്രവാസി സംഘടനകളുമായും സഹകരിച്ച് ബോധവത്കരണ കാമ്പയിന്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. സ്പോണ്‍സറില്‍ നിന്ന് ഒളിച്ചോടുന്നവര്‍ക്ക് ഷെല്‍ട്ടര്‍ സംവിധാനം ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണനയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററില്‍ അതിനുള്ള സൗകര്യം ഏര്‍പ്പെടുത്താനാവുമോ എന്ന കാര്യം ആലോചിക്കുമെന്നും സ്ഥാനപതി ഉറപ്പുനല്‍കി. വിസ, പാസ്പോര്‍ട്ട്, അറ്റസ്റ്റേഷന്‍ സേവനങ്ങള്‍ ഔട്ട്സോഴ്സ് ചെയ്യാനുള്ള പ്രക്രിയ പുരോഗമിക്കുകയാണ്. രണ്ട് ആഴ്ചയ്ക്കുള്ളില്‍ അതിന്റെ ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കും. സാധാരണക്കാരായ പ്രവാസികളുടെ സൗകര്യത്തിനായി ഖത്തറില്‍ മൂന്നിടങ്ങളിലായി ഈ സേവനം ലഭ്യമാക്കാനാണ് തീരുമാനം. ദോഹയില്‍ അല്‍ ഹിലാല്‍, സല്‍വ, അല്‍ഖോര്‍ എന്നിവിടങ്ങളിലാണ് ഔട്ട്സോഴ്സിങ് കേന്ദ്രങ്ങള്‍ ആരംഭിക്കുക.

പ്രവാസി ഇന്ത്യക്കാരുമായി ആശയവിനിമയം നടത്തുന്നതിന് ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സാമൂഹിക മാധ്യമങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തും. ചുരുങ്ങിയത് അഞ്ച് ലക്ഷം ഫോളോവേഴ്സിനെയെങ്കിലും ഉണ്ടാക്കാന്‍ ലക്ഷ്യമിടുന്നതായി സ്ഥാനപതി പറഞ്ഞു. ഐ.സി.ബി.എഫ് ഫണ്ട് കാര്യക്ഷമമായി ഉപയോഗിക്കാന്‍ ശ്രമിക്കും. പ്രവാസി ഇന്ത്യക്കാര്‍ക്ക് അതത് എംബസികളില്‍ നിന്ന് ലഭിക്കുന്ന കോണ്‍സുലാര്‍ സേവനങ്ങള്‍ സംബന്ധിച്ച് പരാതി സമര്‍പ്പിക്കുന്നതിന് മദദ്(സഹായം) എന്ന ആപ്പ് ഉപയോഗപ്പെടുത്താവുന്നതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.