‘തെരുവുനായ പ്രശ്‌നം താങ്കളുടെ വകുപ്പില്‍ പെടുന്നതല്ല’; കേന്ദ്രസര്‍ക്കാരിന് നാണക്കേടുണ്ടാക്കരുതെന്ന് മേനക ഗാന്ധിയോട് വി മുരളീധരന്‍

single-img
28 October 2016

 

v-muraleedharan

തെരുവുനായ്ക്കളെ കൊല്ലുന്നവര്‍ക്കെതിരെ കാപ്പ ചുമത്തണമെന്ന കേന്ദ്രമന്ത്രി മേനക ഗാന്ധിയുടെ പ്രസ്താവനയ്‌ക്കെതിരെ ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റ്. മേനക ഗാന്ധിക്ക് തുറന്ന കത്ത് എന്ന പേരിലുള്ള ഫേസ്ബുക്ക് പോസ്റ്റില്‍ തെരുവു നായ പ്രശ്‌നം താങ്കളുടെ വകുപ്പില്‍ പെടുന്നതല്ലെന്നാണ് മുരളീധരന്‍ മുഖ്യമായും ചൂണ്ടിക്കാട്ടുന്നത്.

മേനകയുടെ വകുപ്പിന് കീഴില്‍ വരാത്തതിനാല്‍ തന്നെ തെരുവുനായ്ക്കളെ കൊല്ലുന്നവര്‍ക്കെതിരെ കാപ്പ ചുമത്തണമെന്ന് കേരള ഡിജിപിയോട് പറയാന്‍ അവര്‍ക്ക് അവകാശമില്ലെന്നും മുരളീധരന്‍ ഓര്‍മ്മപ്പെടുത്തുന്നു. കൂടാതെ കേന്ദ്രസര്‍ക്കാരില്‍ ശിശുക്കളുടെയും വനിതകളുടെയും ക്ഷേമ വകുപ്പ് കൈകാര്യം ചെയ്യുന്ന മേനക ഗാന്ധി തെരുവു നായ ആക്രമണതതില്‍ പരിക്കേറ്റ സ്ത്രീകളുടെയും കുട്ടികളുടെയും വിവരങ്ങള്‍ ശേഖരിക്കുകയോ അക്കാര്യത്തില്‍ സംസ്ഥാനത്തിന്റെ റിപ്പോര്‍ട്ട് തേടുകയോ ചെയ്യാത്തതിന്റെ മുരളീധരന്‍ വിമര്‍ശിക്കുന്നുമുണ്ട്.

സമൂഹത്തിന് ഭീഷണിയാകുന്ന കൊടുംകുറ്റവാളികള്‍ക്ക് മേല്‍ ചുമത്തുന്ന കാപ്പ നിയമം സ്വയരക്ഷയ്ക്ക് വേണ്ടി തെരുവുനായ്ക്കളെ കൊല്ലുന്നവര്‍ക്ക് മേല്‍ ചുമത്തണമെന്ന പ്രസ്താവന അങ്ങേയറ്റം അപലപനീയവും പ്രതിഷേധാര്‍ഹവുമാണ്. മേനക കൂടി ഉള്‍പ്പെടുന്ന നരേന്ദ്ര മോഡി സര്‍ക്കാരിന്റെ പ്രതിച്ഛായ നഷ്ടപ്പെടുത്താനും കേരളത്തിലെ ജനങ്ങളെ ബിജെപിയില്‍ നിന്നും അകറ്റാനും മാത്രമേ ഇത്തരം പ്രസ്താവനകള്‍ ഉപകരിക്കൂ.

വ്യക്തിപരമായി ഇത്തരം അഭിപ്രായങ്ങള്‍ പറയാന്‍ താങ്കള്‍ക്ക് എല്ലാ സ്വാതന്ത്ര്യവുമുണ്ടെന്നും എന്നാല്‍ കേന്ദ്ര മന്ത്രിസഭയില്‍ അംഗമായിരിക്കുമ്പോള്‍ ഇത്തരത്തിലുള്ള അഭിപ്രായങ്ങള്‍ പറയുന്നത് സര്‍ക്കാരിന്റെ അഭിപ്രായമായി മാത്രമേ ജനങ്ങള്‍ പരിണിക്കൂവെന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരം പ്രസ്താവനകള്‍ എതിരാളികള്‍ ദുരുപയോഗം ചെയ്ത് കേന്ദ്ര സര്‍ക്കാരിനെയും ബിജെപിയെയും ഇകഴ്ത്താനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും അതിനാല്‍ ഇത്തരം പ്രസ്താവനകളില്‍ നിന്നും പിന്മാറണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടുമാണ് വി മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.

മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം