അമേരിക്കയില്‍ ഫ്ളാറ്റിലുണ്ടായ അഗ്നിബാധയില്‍ മരിച്ചത് മൂന്നംഗ മലയാളി കുടുംബമാണെന്ന് സ്ഥിതികരിച്ചു

single-img
28 October 2016

scientist

അമേരിക്കയില്‍ ഫ്ളാറ്റിലുണ്ടായ അഗ്നിബാധയില്‍ ചേര്‍ത്തല സ്വദേശികളായ മൂന്നംഗ മലയാളികുടുംബം മരിച്ചു. പട്ടണക്കാട് പുതിയകാവ് സ്‌കൂളിനു സമീപം ഗീതാഞ്ജലിവീട്ടില്‍ ദാമോദരന്‍പിള്ളയുടെ മകന്‍ ഡോ. വിനോദ് ബി. ദാമോദരന്‍(44), ഭാര്യ ശ്രീജ(38), മകള്‍ ആര്‍ദ്ര(13) എന്നിവര്‍ക്കാണ് അപകടം സംഭവിച്ചതായി നാട്ടില്‍ വിവരം ലഭിച്ചത്.

ഇവര്‍ താമസിച്ചിരുന്ന ന്യൂജേഴ്സി ഹില്‍സ്ബരോ അപ്പാര്‍ട്ട്മെന്റില്‍ തിങ്കളാഴ്ച അഗ്നിബാധയുണ്ടായി 20 ഓളം പേര്‍ മരിച്ചിരുന്നു. മൂന്നു പേരുടേത് ഒഴികെ മറ്റെല്ലാവരുടെയും മൃതദേഹം ബന്ധുക്കള്‍ തിരിച്ചറിഞ്ഞിരുന്നു. ദിവസവും നാട്ടിലേക്കു ഫോണ്‍ ചെയ്തിരുന്ന ഇവര്‍ തിങ്കളാഴ്ച മുതല്‍ വിളിക്കാതാവുകയും അങ്ങോട്ടു വിളിച്ചിട്ടു കിട്ടാതിരിക്കുകയും ചെയ്തതോടെ നാട്ടിലുള്ള മാതാപിതാക്കളും ബന്ധുക്കളും ആശങ്കയിലായിരുന്നു. ന്യൂജഴ്സിയിലെ റട്ജേഴ്സ് സര്‍വകലാശാലയിലെ റിസര്‍ച്ച് സയന്റിസ്റ്റാണു വിനോദ്. ബന്ധുക്കള്‍ സര്‍വകലാശാലയുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണത്തിലാണ് അപകടത്തില്‍പ്പെട്ടത് ഇവര്‍ തന്നെയാണെന്ന സൂചന ലഭിച്ചത്.

തുടര്‍ന്ന് എംബസി, നോര്‍ക്ക, മലയാളി അസോസിയേഷന്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ടു സ്ഥിരീകരണത്തിനു ശ്രമിക്കുകയായിരുന്നു വീട്ടുകാര്‍. കഴിഞ്ഞ ഏപ്രിലിലാണ് ഇവര്‍ നാട്ടില്‍ അവസാനമായി വന്നത്. നേരത്തെ മുംബൈയില്‍ ജോലി ചെയ്തിരുന്ന ഡോ. വിനോദ് എട്ടു വര്‍ഷം മുമ്പാണു കുടുംബസമേതം അമേരിക്കയിലേക്കു പോയത്. ഭാര്യ ശ്രീജ തിരുവല്ല പൊടിയാടി സ്വദേശിനിയാണ്. മകള്‍: ആര്‍ദ്ര അവിടെ എട്ടാംക്ലാസ് വിദ്യാര്‍ഥിനിയാണ്.