പുലര്‍ച്ചെ മുതല്‍ നിയന്ത്രണ രേഖയില്‍ പാകിസ്ഥാന്റെ കനത്ത ഷെല്ലാക്രമണം; ഒരു ബിഎസ്എഫ് ജവാന്‍ കൂടി കൊല്ലപ്പെട്ടു; ഇന്ത്യന്‍ സൈന്യം തിരിച്ചടിക്കുന്നു

single-img
28 October 2016

 

army-at-loc_650x400_81475637047

ഇന്ന് പുലര്‍ച്ചെ അഞ്ച് മണി മുതല്‍ ജമ്മു കാശ്മീരിലെ നിയന്ത്രണ രേഖയില്‍ പാകിസ്ഥാന്‍ സൈന്യം കനത്ത ഷെല്ലാക്രമണം ആരംഭിച്ചു. ജമ്മു കാശ്മീരിലെ നൗഷേറ, സുന്ദര്‍ബാനി, പല്ലന്‍വാല എന്നീ പ്രദേശങ്ങളിലാണ് ഷെല്ലാക്രമണം നടക്കുന്നത്.

അതേസമയം ഇന്നലെ രാത്രി മുതല്‍ പാകിസ്ഥാന്‍ നടത്തി വരുന്ന വെടിവയ്പ്പില്‍ ഒരു ബിഎസ്എഫ് ജവാന്‍ മരിച്ചിരുന്നു. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിക്കുന്നുണ്ടെന്ന് സൈനിക വക്താക്കള്‍ അറിയിച്ചു. ഇന്ത്യന്‍ സൈന്യം തിരിച്ചടിക്കാന്‍ ആരംഭിച്ചതോടെയാണ് പാക് സൈന്യം വെടിയുതിര്‍ക്കല്‍ അവസാനിപ്പിച്ച് ഷെല്ലാക്രമണം ആരംഭിച്ചത്. കഴിഞ്ഞ പന്ത്രണ്ട് മണിക്കൂറിനിടെ പാകിസ്ഥാന്‍ ആറ് തവണ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായാണ് സൈന്യത്തിന്റെ വിശദീകരണം.

ഇന്നലെ രാത്രി ആര്‍എസ് പുര സെക്ടറില്‍ പാകിസ്ഥാന്‍ റേയ്‌ഞ്ചേഴ്‌സ് നടത്തിയ മോര്‍ട്ടാര്‍ ഷെല്‍ ആക്രമണത്തില്‍ ബിഎസ്എഫ് ജവാനായ ജിതേന്ദര്‍ സിംഗ് ആണ് വീരചരമമടഞ്ഞത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ പാകിസ്ഥാന്റെ ഷെല്ലിംഗില്‍ കൊല്ലപ്പെടുന്ന മൂന്നാമത്തെ ബിഎസ്എഫ് ജവാനാണ് ഇദ്ദേഹം. ആക്രമണത്തില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ എട്ട് സാധാരണക്കാര്‍ക്കും പരിക്കേറ്റു. കത്വ ജില്ലയില്‍ പാക് സൈന്യം നടത്തിയ വെടിവയ്പ്പില്‍ ഒരു ഗ്രാമവാസിക്ക് പരിക്കേറ്റു.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി പാകിസ്ഥാന്റെ ഭാഗത്തു നിന്നുണ്ടാകുന്ന വെടിവയ്പ്പിനെ തുടര്‍ന്ന് ഈ മേഖലകളില്‍ കനത്ത ജാഗ്രതയാണ് പുലര്‍ത്തുന്നത്. ഇന്നലെ പ്രകോപനമില്ലാതെയുണ്ടായ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം പാകിസ്ഥാന്‍ അര്‍ദ്ധ രാത്രി വരെ തുടര്‍ന്നു. തുടര്‍ന്നാണ് ഇന്ന് പുലര്‍ച്ചെ മുതല്‍ മൂന്ന് സ്ഥലങ്ങളില്‍ വീണ്ടും ആക്രമണമുണ്ടായത്. എന്നാല്‍ നാം അവര്‍ക്ക് തക്ക മറുപടി തന്നെയാണ് നല്‍കുന്നതെന്ന് പ്രതിരോധ മന്ത്രാലയത്തിന്റെ വക്താവ് മനിഷ് മേത്ത അറിയിച്ചു.

ഇന്നലെ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് ബിഎസ്എഫിനോട് പാകിസ്ഥാന് ശക്തമായ തിരിച്ചടി നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞയാഴ്ച പാകിസ്ഥാന്‍ നടത്തിയ ഷെല്‍ ആക്രമണത്തില്‍ ആറ് വയസ്സുള്ള ഒരു കുട്ടി കൊല്ലപ്പെടുകയും മുപ്പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.