അനധികൃത സ്വത്ത് സമ്പാദനം: കേസെടുത്തതിന് പിന്നാലെ ടോം ജോസിന്റെ ഫ്‌ളാറ്റുകളില്‍ റെയ്ഡ്

single-img
28 October 2016

 

tom-jose-ias28-jpg-image-784-410

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസിനെതിരെ ഇന്നലെ കേസെടുത്ത വിജിലന്‍സ് ഇന്ന് രാവിലെ അദ്ദേഹത്തിന്റെ തിരുവനന്തപുരത്തെയും കൊച്ചിയിലെയും ഫ്‌ളാറ്റുകളില്‍ റെയ്ഡ് ആരംഭിച്ചു. തിരുവനന്തപുരത്തെ ജഗതിയിലെയും കൊച്ചി കലൂരിലെയും ഫ്‌ളാറ്റുകളാണ് വിജിലന്‍സ് സംഘം പരിശോധന നടത്തുന്നത്.

ഐഎഎസ് അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റു കൂടിയാണ് ടോം ജോസ്. ഇന്നലെ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയിലാണ് എഫ്‌ഐആര്‍ സമര്‍പ്പിച്ചത്. ടോം ജോസിന് അനധികൃത സ്വത്തുണ്ടെന്ന് പരാതി ലഭിച്ചതിനെത്തുടര്‍ന്ന് നടത്തിയ രഹസ്യ അന്വേഷണത്തിന് ശേഷമാണ് എഫ്‌ഐആര്‍ നല്‍കുകയും റെയ്ഡിന് അനുമതി വാങ്ങുകയും ചെയ്തത്. പൊതുമരാമത്ത് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരിക്കെ മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗില്‍ ടോം ജോസ് വാങ്ങിയ 50 ഏക്കര്‍ ഭൂമിയും അനധികൃത സമ്പാദ്യമാണെന്നതിന് വിജിലന്‍സിന് തെളിവ് ലഭിച്ചിട്ടുണ്ട്. കൊച്ചിയിലെ പുതിയ ഫ്‌ളാറ്റിന്റെ സാമ്പത്തിക ഇടപാടും പരിശോധിക്കും. നിലവില്‍ തൊഴില്‍ വകുപ്പ് സെക്രട്ടറിയാണ് ടോം ജോസ്.

നേരത്തെ ചവറയിലെ കെ.എം.എം.എല്‍ ഇടപാടുമായി ബന്ധപ്പെട്ട് ടോം ജോസിനെതിരെ വിജിലന്‍സ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. മഗ്‌നീഷ്യം വാങ്ങിയ വകയില്‍ വന്‍തിരിമറി നടന്നതായാണ് വിജിലന്‍സ് കണ്ടെത്തിയത്. ടണ്ണിന് 1,83,000 രൂപയ്ക്ക് വാങ്ങേണ്ടിടത്ത് 3,42,000 രൂപ നല്‍കിയാണ് മഗ്‌നീഷ്യം വാങ്ങിയതെന്നാണ് കണ്ടെത്തല്‍. അഞ്ചുലക്ഷത്തിന് മുകളിലുള്ള ഇടപാടുകള്‍ക്ക് ഇടെന്‍ഡര്‍ വേണമെന്ന നിയമവും ടോം ജോസ് എം.ഡിയായിരിക്കെ കെ.എം.എം.എല്‍ ലംഘിച്ചുവെന്നും ആരോപണമുയര്‍ന്നിരുന്നു.

ഐ.എ.എസ് ഉദ്യോഗസ്ഥര്‍ ഭൂമി വാങ്ങുമ്പോള്‍ അക്കാര്യം സര്‍ക്കാരിനെ അറിയിക്കണമെന്ന് നിയമമുണ്ട്. പണത്തിന്റെ സ്രോതസ്സും കാണിക്കണം. എന്നാല്‍ സര്‍ക്കാരിന്റെ അനുമതിയില്ലാതെ സ്ഥലം വാങ്ങിയത് സംബന്ധിച്ച് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തന്നെ ചീഫ് സെക്രട്ടറി ടോം ജോസിനോട് വിശദീകരണം തേടിയിരുന്നു. ഔദ്യോഗിക തിരക്കുകള്‍ മൂലം മുന്‍കൂര്‍ അനുവാദം വാങ്ങാന്‍ കഴിഞ്ഞില്ലെന്നായിരുന്നു അന്ന് ടോം ജോസ് നല്‍കിയ വിശദീകരണം.

അതേസമയം തന്റെ സ്വത്ത് നിയമപ്രകാരം വെളിപ്പെടുത്തിയിട്ടുള്ളതാണെന്നും ചീഫ് സെക്രട്ടറി പരിശോധിച്ച് ഇതില്‍ വ്യക്തത വരുത്തിയിട്ടുള്ളതാണെന്നും ടോം ജോസ് പ്രതികരിച്ചു. തന്നെ വ്യക്തിപരമായി ആക്ഷേപിക്കാനുള്ള ആസൂത്രിത ശ്രമമാണ് ഇപ്പോള്‍ നടക്കുന്ന റെയ്ഡും കേസും. ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണ് തനിക്കെതിരെ പരാതി നല്‍കിയത്.

കഴിഞ്ഞ ദിവസം ധനവകുപ്പ് അഡീണല്‍ ചീഫ് സെക്രട്ടറി കെഎം എബ്രഹാമിന്റെ വീട്ടിലും വിജിലന്‍സ് പരിശോധന നടത്തിയിരുന്നു. അതേസമയം വാറന്റില്ലാതെയും ചട്ടവിരുദ്ധമായുമാണ് റെയ്ഡ് നടന്നതെന്ന് മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍ ചീഫ് സെക്രട്ടറിയെ അറിയിച്ചു. നടപടിയില്‍ അമര്‍ഷവും പ്രതിഷേധവും ഉയര്‍ന്നതോടെ വിജിലന്‍സ് ഡയറക്ടറും ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥരും തമ്മിലുള്ള തുറന്ന പോരിലേക്ക് നീങ്ങുകയും ചെയ്തു. ഈ തര്‍ക്കം തുടരുന്നതിനിടെയാണ് ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വീണ്ടും വിജിലന്‍സിന്റെ നീക്കം.