വിദ്വേഷ പ്രസംഗം; കെ.പി ശശികലയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തു.

single-img
27 October 2016

Sasikalaമതവിദ്വേഷ പ്രസംഗം നടത്തിയതിന് ഹിന്ദുഐക്യവേദി നേതാവ് കെ.പി ശശികലയ്ക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു.ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153 എ വകുപ്പ് പ്രകാരം മതസ്പര്‍ദ വളര്‍ത്തല്‍, മതവിദ്വേഷം വളര്‍ത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി ഹൊസ്ദുര്‍ഗ് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

സമൂഹത്തിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കുന്ന രീതിയില്‍ വാക്കുകൊണ്ടോ പ്രവര്‍ത്തി കൊണ്ടോ ഇടപെട്ടു എന്ന കുറ്റമാണ് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153 എ വകുപ്പ്. അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.

വിദ്വേഷ പ്രസംഗം നടത്തി സാമുദായിക ഐക്യം തകര്‍ക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കാസര്‍കോട് ജില്ലാ ഗവണ്‍മെന്റ് പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായ അഡ്വ. സി. ഷുക്കൂര്‍ ഈ മാസം 15-ാം തീയതി കാസര്‍കോട് ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് 1091/2016 ക്രൈംനമ്പറില്‍ കേസെടുത്തിരിക്കുന്നത്.

യൂട്യൂബില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത ശശികലയുടെ മൂന്ന് പ്രസംഗങ്ങളുടെ സി.ഡിയും അഡ്വ. സി. ഷുക്കൂര്‍ പരാതിക്കൊപ്പം സമര്‍പ്പിച്ചിരുന്നു. മറ്റ് മതവിഭാഗങ്ങളെ അടച്ചാക്ഷേപിക്കുകയും മതവിശ്വാസികള്‍ക്കിടയില്‍ വിദ്വേഷവും വെറുപ്പും ശത്രുതാ മനോഭാവവും ഉണ്ടാക്കുന്നതാണ് പ്രസംഗങ്ങളെന്നും പരാതിയില്‍ പറഞ്ഞിരുന്നു.മതന്യൂനപക്ഷങ്ങള്‍ രണ്ടാം തരം പൗരന്മാരാണെന്ന തരത്തിലാണ് ശശികലയുടെ പ്രസംഗത്തിലെ ധ്വനിയെന്നും ഇത്തരം പ്രസംഗങ്ങള്‍ ആവര്‍ത്തിക്കുന്നത് മതേതര ജാനാധിപത്യ സമൂഹത്തിന് ഗുണകരമല്ലെന്നും നിയമവാഴ്ച്ചയെ വെല്ലുവിളിക്കുന്ന ഇവരുടെ പ്രസംഗങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നുമാണ് പരാതിയില്‍ പറയുന്നത്.