കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്ത ബാഗില്‍ ജാതി അച്ചടിച്ചു നല്‍കിയത് വിവാദത്തില്‍; അതിലെന്താണ് തെറ്റെന്ന് പ്രിന്‍സിപ്പാള്‍

single-img
27 October 2016

 

sc-st

ഭോപ്പാല്‍: ജാതി പ്രശ്നങ്ങള്‍ വീണ്ടും തല പൊക്കുന്നു. പട്ടികജാതി-പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി വിതരണം ചെയ്ത ബാഗില്‍ ജാതി അച്ചടിച്ചു നല്‍കിയ മധ്യപ്രദേശിലെ സര്‍ക്കാര്‍ കോളേജിന്റെ നടപടി വിവാദമാകുന്നു.

മാന്ദ്സൗറിലെ രാജീവ് ഗാന്ധി സര്‍ക്കാര്‍ പിജി കോളേജിലാണ് വിവാദ സംഭവം. അറുനൂറോളം വരുന്ന ബിരുദ, ബിരുദാനന്തര വിദ്യാര്‍ത്ഥികളില്‍ 250 പേര്‍ക്കാണ് ഈ ബാഗ് വിതരണം ചെയ്തത്. ബാഗിനൊപ്പം കാല്‍ക്കുലേറ്ററും പേനയും നോട്ട്ബുക്കും വിതരണം ചെയ്തിരുന്നു. പട്ടികജാതി പട്ടികവര്‍ഗ സ്‌കീം പ്രകാരമായിരുന്നു സൗജന്യ ബാഗ് വിതരണം. ബാഗ് വിതരണം വിവാദമായെങ്കിലും അതിനെ ന്യായീകരിച്ചാണ് കോളേജ് പ്രിന്‍സിപ്പല്‍ ബിആര്‍ നല്‍വായ രംഗത്തെത്തിയത്.

ബാഗില്‍ എസ്സി/എസ്ടി എന്ന് രേഖപ്പെടുത്തിയതില്‍ എന്താണ് തെറ്റ്? സര്‍ക്കാര്‍ ക്ഷേമ പദ്ധതി പ്രകാരമാണ് ബാഗുകള്‍ വിതരണം ചെയ്തത്. ചിലര്‍ക്ക് ഇത് ഇഷ്ടമായില്ലെങ്കില്‍ അത് മായ്ക്കാന്‍ തയ്യാറാണ്. വിതരണക്കാരാണ് ബാഗില്‍ ജാതി അച്ചടിച്ചത്. ഓഗസ്റ്റിലാണ് സൗജന്യ ബാഗ് വിതരണം ആരംഭിച്ചതെന്നും ബിആര്‍ നല്‍വായ പറയുന്നു. ബാക്കിയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ബാഗ് വിതരണം ചെയ്യുമ്പോള്‍ ജാതി അച്ചടിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തുമെന്നും അദ്ദേഹം പ്രതികരിച്ചു. ജാതി അച്ചടിച്ച ബാഗുകളുടെ ചിത്രങ്ങള്‍ നവമാധ്യമങ്ങളില്‍ വൈറലായതോടെയാണ് ബാഗ് വിതരണം വിവാദമായത്.

ജാതി വ്യക്തമാക്കുന്ന ബാഗുകള്‍ വിതരണം ചെയ്തത് ലജ്ജാകരമായ നടപടിയാണെന്നും മധ്യപ്രദേശിലെ ആര്‍എസ്എസ് പിന്തുണയുള്ള സര്‍ക്കാരിന്റെ ദളിത്, ആദിവാസി വിരുദ്ധ മനോഭാവമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി നേതാവ് അരുണ്‍ യാദവ് അഭിപ്രായപ്പെട്ടു. ജാതി അച്ചടിച്ചത് അതിക്രൂരമാണെന്നും ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും മുന്‍ കോണ്‍ഗ്രസ് എംപി മീനാക്ഷി നടരാജന്‍ പ്രതികരിച്ചു. ഇതിനെതിരെ പാര്‍ട്ടി പ്രതിഷേധം സംഘടിപ്പിക്കുമെന്നും അവര്‍ പറഞ്ഞു.