തുമ്മിയാല്‍ തെറിക്കുന്ന മൂക്കല്ല ഞങ്ങളുടേത്: ക്രമക്കേട് തെളിയിച്ചാല്‍ ജോലി അവസാനിപ്പിക്കാം: മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

single-img
27 October 2016

 

mercy-kuttyamma-on-chandrashekar

കശുവണ്ടി ഇറക്കുമതി ചെയ്തതില്‍ കോടികളുടെ ക്രമക്കേടുണ്ടെന്ന പ്രതിപക്ഷത്തിന്റെ ആരോപണം തെളിയിച്ചാല്‍ താന്‍ ജോലി അവസാനിപ്പിക്കാമെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടി അമ്മ. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും നടപടിക്രമങ്ങള്‍ പാലിച്ചാണ് സ്ഥാപനത്തിന്റെ തലപ്പത്തുള്ളവരെ നിയമിച്ചതെന്നും മേഴ്‌സിക്കുട്ടിയമ്മ വ്യക്തമാക്കി.

തുമ്മിയാല്‍ തെറിക്കുന്ന മൂക്കല്ല തങ്ങളുടേതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. തോട്ടണ്ടി ഇറക്കുമതി ചെയ്തതില്‍ കോടികളുടെ ക്രമക്കേട് നടന്നെന്നായിരുന്നു പ്രതിപക്ഷം സഭയില്‍ ആരോപിച്ചത്. കശുവണ്ടി വികസന കോര്‍പ്പറേഷനിലും കാപെക്‌സിലും തോട്ടണ്ടി ഇറക്കുമതി ചെയ്തതില്‍ കോടികളുടെ അഴിമതി നടന്നുവെന്ന് ആരോപണം ഉന്നയിച്ചത് കോണ്‍ഗ്രസ് എംഎല്‍എ വി ഡി സതീശനാണ്. അതേസമയം വി ഡി സതീശന്‍ ഉന്നയിച്ച അഴിമതി ആരോപണങ്ങള്‍ മുഖ്യമന്ത്രി തള്ളുകയും ചെയ്തു.

ബന്ധുനിയമന വിഷയത്തിലും നേരത്തെ മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരെ ആരോപണം ഉയര്‍ന്നിരുന്നു. കാഷ്യു കോര്‍പ്പറേഷന്‍ എംഡി ടി എഫ് സേവ്യര്‍, മത്സ്യഫെഡ് എം ഡി എ ലോറന്‍സ് എന്നിവരുടെ നിയമനങ്ങള്‍ വഴിവിട്ടതാണെന്നും ഇവര്‍ മേഴ്‌സിക്കുട്ടിയമ്മയുടെ ബന്ധുക്കളാണെന്നുമായിരുന്നു ആരോപണം. എന്നാല്‍ അവരാരും തന്റെ ബന്ധുക്കളല്ലെന്ന് മാത്രമല്ല, അവരുടേത് പുതിയ നിയമനങ്ങളല്ലെന്നും മന്ത്രി വ്യക്തമാക്കി. ഒരു പദവിയില്‍ ഇരുന്നവരെ ഡെപ്യൂട്ടേഷനായി മറ്റൊരു പദവിയില്‍ എത്തിക്കുക മാത്രമാണ് ചെയ്തത്. ആവശ്യമായ യോഗ്യതയും ഉന്നത വിദ്യാഭ്യാസവും ഉള്ളതിനാലാണ് അവരെ നിയമിച്ചത്.

ഇവര്‍ തന്റെ ബന്ധുക്കളാണെങ്കില്‍ കേരളത്തിലെ എല്ലാവരും തന്റെ ബന്ധുക്കളാണ്. എങ്ങനെയാണ് ഇവര്‍ തന്റെ ബന്ധുക്കളായതെന്ന് ആരോപണമുന്നയിച്ചവര്‍ വ്യക്തമാക്കണമെന്നും മേഴ്‌സിക്കുട്ടയമ്മ ആവശ്യപ്പെട്ടു.