വിപ്ലവകരമായ മുന്നേറ്റമായി ദുബായ് ഹൈപ്പര്‍ ലൂപ്പ് ശൃംഖല സ്ഥാപിക്കുന്നു

single-img
27 October 2016

hyperloop

ദുബായ്: യാത്രാസമയം 15 മിനിറ്റായി ചുരുക്കിക്കൊണ്ട് അബുദാബി-ദുബായ് ഹൈപ്പര്‍ ലൂപ്പ് ശൃംഖല സ്ഥാപിക്കുന്നു. പദ്ധതി രൂപരേഖ തയ്യാറാക്കുന്നത് ബിയാര്‍കേ ഇങ്കല്‍സ് ഗ്രൂപ്പ് (ബിഗ്) ആണ്. ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.

ഹൈപ്പര്‍ലൂപ്പ് വണ്‍ കമ്പനിയുടെ നേതൃത്വത്തില്‍ കരമാര്‍ഗമുള്ള ട്യൂബ് ശൃംഖലയാണ് പദ്ധതിയിടുന്നത്. അബുദാബി നഗരത്തില്‍ നിന്ന് തുടങ്ങി വിമാനത്താവളം, ദുബായ് സൗത്തില്‍ അല്‍ മക്തൂം വിമാനത്താവളം, ദുബായ് അന്താരാഷ്ട്ര വിമാനത്താവളം തുടങ്ങിയവയെ ബന്ധിപ്പിച്ചുകൊണ്ടായിരിക്കും ട്യൂബ് കടന്നുപോവുക. ജബല്‍ അലി തുറമുഖം, ദുബായ് മറീന, ബുര്‍ജ് ഖലീഫ എന്നിവയും ശൃംഖലയില്‍ ഉള്‍പ്പെടുന്നതായി രൂപരേഖ വ്യക്തമാക്കുന്നു. നവംബര്‍ ഏഴിന് രൂപരേഖയുടെ ഔദ്യോഗിക പ്രകാശനം നടക്കാനിരിക്കെയാണ് വിശദവിവരങ്ങള്‍ അടങ്ങുന്ന വീഡിയോ കമ്പനി പുറത്തുവിട്ടത്.

ഇരുശാഖകളായി പിരിയുന്ന കൂറ്റന്‍ തൂണുകള്‍ താങ്ങി നിര്‍ത്തുന്ന നിലയിലാണ് വീഡിയോയില്‍ ട്യൂബ് കാണിക്കുന്നത്. പ്രത്യേക രീതിയില്‍ വായു സമ്മര്‍ദ്ദം ക്രമീകരിച്ചാണ് ട്യൂബുകളില്‍ അതിവേഗ യാത്ര സാധ്യമാക്കുക. ട്യൂബിനകത്ത് പെട്ടികളുടെ മാതൃകയിലുള്ള ചെറുവാഹനങ്ങളായിരിക്കും യാത്രക്കാരെ വഹിക്കുന്നത്. ഇത്തരത്തിലൊരു വാഹനത്തിന്റെ മാതൃകയും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നിലവിലുള്ള സാങ്കേതികത ഉപയോഗിച്ചുകൊണ്ടുതന്നെ ഹൈപ്പര്‍ലൂപ്പ് സര്‍വീസ് സാധ്യമാക്കാനാകുമെന്ന് ‘ബിഗ്’ ഉടമകളിലൊരാളായ ജേക്കബ് ലാഞ്ചെ പ്രതീക്ഷ പ്രകടിപ്പിച്ചു. ഇതിനായി പുതുതായി ഒന്നും വികസിപ്പിച്ചെടുക്കേണ്ടതില്ല. രാജ്യത്ത് നടക്കുന്ന വികസന കുതിപ്പിന്റെ സ്വാഭാവികമായ തുടര്‍ച്ചയാണിതെന്നും അദ്ദേഹം പറഞ്ഞു.

ഫുജൈറയിലേക്ക് ഹൈപ്പര്‍ലൂപ്പ് ശൃംഖല നീട്ടാനും ദുബായ് പദ്ധതിയിടുന്നുണ്ട്. ഇതിനായി ദുബായ് ഫ്യൂച്ചര്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ മത്സരം നടത്തി ഏറ്റവും മികച്ച രൂപരേഖ പദ്ധതിക്കായി തിരഞ്ഞെടുക്കുകയും ചെയ്തു. ഫുജൈറയിലേക്കുള്ള യാത്രാ സമയം 10 മിനിറ്റായി കുറക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള ട്യൂബ് ശൃംഖല കടല്‍മാര്‍ഗമാണ് കടന്നുപോവുക. ഹൈപ്പര്‍ലൂപ്പ് ഗതാഗത സംവിധാനത്തിന്റെ സാധ്യതകളെ കുറിച്ച് പല വന്‍കിട നഗരങ്ങളിലും പഠനം നടന്നിട്ടുണ്ടെങ്കിലും എവിടെയും യാഥാര്‍ഥ്യമാക്കിയിട്ടില്ല. അബുദാബി-ദുബായ് റൂട്ടില്‍ നിശ്ചിത കാലയളവിനുള്ളില്‍ സര്‍വീസ് യാഥാര്‍ഥ്യമാക്കിയാല്‍, അതൊരു വിപ്ലവകരമായ മുന്നേറ്റമായി ചരിത്രത്തില്‍ ഇടംനേടും.