കൂടുതല്‍ അവതാരങ്ങള്‍ കുടുങ്ങുന്നു; ഗുണ്ടാ പ്രവര്‍ത്തനം നടത്തിയ സിപിഎം ജില്ലാ കമ്മിറ്റി അംഗത്തിനെതിരെ ജാമ്യമില്ലാ കേസ്; നടപടി മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം

single-img
27 October 2016

 

zakir_hussian_cpm_leader_760x400

ഗുണ്ടാ പ്രവര്‍ത്തനം ഏറ്റെടുത്ത് ബിസിനസുകാരനെ തട്ടിക്കൊണ്ട് പോയതിനും തടഞ്ഞുവച്ച് ഭീഷണിപ്പെടുത്തിയതിനും സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി അംഗവും കളമശേരി ഏരിയാ സെക്രട്ടറിയുമായ വി എം സക്കീര്‍ ഹുസൈനെതിരെ പോലീസ് ജാമ്യമില്ലാ കേസെടുത്തു. വെണ്‍മല സ്വദേശിയും ഡയറി ഫാം ഉടമയുമായ ജൂബി പൗലോസ് എന്നയാള്‍ മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് അയച്ച പരാതിയിലാണ് പാലാരിവട്ടം പോലീസ് കേസെടുത്തത്.

ഇക്കഴിഞ്ഞ 23നാണ് ജൂബി മുഖ്യമന്ത്രിക്ക് രേഖാമൂലം പരാതി നല്‍കിയത്. ജൂബി പൗലോസ്, ഷീലാ തോമസ് എന്നിവര്‍ പങ്കാളിത്തത്തോടെ വെണ്‍മലയില്‍ പാല്‍ കയറ്റുമതി ചെയ്യുന്ന ഒരു സ്ഥാപനം നടത്തിയതുമായി ബന്ധപ്പെട്ടാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. തര്‍ക്കമുണ്ടായതോടെ ജൂബിയെ ഷീല പങ്കാളിത്തത്തില്‍ നിന്നും ഒഴിവാക്കിയെങ്കിലും മുന്‍സിഫ് കോടതി ഇരുവരും നടത്തിയിരുന്ന സ്ഥാപനം മുന്നോട്ട് നടത്താനുള്ള അനുമതി ജൂബിക്ക് നല്‍കിയികുന്നു. എന്നാല്‍ സ്ഥാപനത്തിന്റെ ചുമതല ഷീലയ്ക്ക് നല്‍കണം എന്നാവശ്യപ്പെട്ട് സക്കീര്‍ ഹുസൈന്‍ ജൂബിയെ ഭീഷണിപ്പെടുത്തുകയും ആവശ്യം നിരാകരിച്ചപ്പോള്‍ തട്ടിക്കൊണ്ട് പോകുകയുമായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. ഷീല സിപിഎം നേതാക്കള്‍ക്ക് നല്‍കിയ ക്വട്ടേഷന്റെ അടിസ്ഥാനത്തിലായിരുന്നു ഈ തട്ടിക്കൊണ്ട് പോകലെന്നും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് സക്കീര്‍ ഹുസൈനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് ബിസിനസ് പങ്കാളിയുടെ മകനെ തട്ടിക്കൊണ്ട് പോയ കേസിലെ പ്രതി ഷിഫ അല്‍ ജസീറ ഉടമ ഡോ. കെ ടി മുഹമ്മദ് റബീയുള്ളയില്‍ നിന്നും ഒരു കോടി രൂപ വാങ്ങിയെന്ന ആരോപണവും സക്കീര്‍ ഹുസൈന്റെ പേരിലുണ്ട്. ഇത് സംബന്ധിച്ച് സക്കീറിനെതിരെ കളമശേരിയില്‍ വ്യാപകമായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

മുഖ്യമന്ത്രിയുടെ പേരില്‍ സംരഭകയില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസിലെ പ്രതിയും ഡിവൈഎഫ്‌ഐ നേതാവുമായ കറുകപ്പള്ളി സിദ്ദിഖ് ആണ് ഈ കേസിലും രണ്ടാം പ്രതി. മുന്‍ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ചെയര്‍മാന്‍ കൂടിയായ സക്കീര്‍ ഹുസൈന്റെ ഗുണ്ടയാണ് സിദ്ദീഖ് എന്നും ആരോപണമുണ്ട്. കഴിഞ്ഞ വര്‍ഷം സക്കീറും സിദ്ദിഖും ചേര്‍ന്ന് ജൂബിയെ ബലമായി കാറില്‍ കയറ്റിക്കൊണ്ട് പോയി കളമശേരി ഏരിയ കമ്മിറ്റി ഓഫീസില്‍ ഒരുദിവസം മുഴുവന്‍ പാര്‍പ്പിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്.

ഇത് തിരുവനന്തപുരത്തു നിന്നും കോടിയേരി ബാലകൃഷ്ണന്‍ സഖാവിന്റെ ക്വട്ടേഷനാണെന്നും സിദ്ദിഖ് തന്നോട് പറഞ്ഞതായി പരാതിയില്‍ പറയുന്നുണ്ട്. ഷീല തോമസ് ഒരു തുക നല്‍കുമെന്നും അതും വാങ്ങി കേസ് അവസാനിപ്പിക്കണമെന്നുമായിരുന്നു ആവശ്യം. ഭയം മൂലം അന്ന് പരാതി നല്‍കിയില്ല. എന്നാല്‍ കഴിഞ്ഞയാഴ്ച യുവസംരഭകയെ തട്ടിച്ച കേസില്‍ സിദ്ദിഖ് അറസ്റ്റിലായതോടെ മുഖ്യമന്ത്രിക്ക് പരാതി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നെന്ന് ജൂബി ഇ വാര്‍ത്തയോട് പറഞ്ഞു. ഈ പരാതി മുഖ്യമന്ത്രി എറണാകുളം ഐജി എസ് ശ്രീജിത്തിന് കൈമാറുകയും പാലാരിവട്ടം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. സക്കീര്‍ ഹുസൈനെയും സിദ്ദിഖിനെയും കൂടാതെ ഷീലാ തോമസും കണ്ടാലറിയാവുന്ന മറ്റൊരാളുമാണ് കേസിലെ പ്രതികള്‍.