താലിബാന്‍ രീതിയിലുയള്ള ആക്രമണം കാശ്മീര്‍ സ്‌കൂളുകളിലേക്കും; 20 ലക്ഷം വിദ്യാര്‍ഥികളുടെ പഠനം തടസ്സപ്പെട്ടതായി അധികൃതര്‍

single-img
27 October 2016

taliban

ശ്രീനഗര്‍: കശ്മീരില്‍ വിഘടനവാദികളുടെ പ്രക്ഷോഭങ്ങളുടെ മറവില്‍ സ്‌കൂളുകള്‍ക്ക് നേരെ താലിബാന്‍ രീതിയിലുള്ള ആക്രമണം. പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും സ്‌കൂളുകള്‍ക്ക് നേരെ താലിബാന്‍ നടത്തുന്ന ആക്രമണങ്ങള്‍ക്ക് സമാനമാണ് കശ്മീരിലും നടക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

സ്‌കൂള്‍ വിദ്യാഭ്യാസത്തിന് എതിരാണ് താലിബാന്‍. അതുകൊണ്ടുതന്നെ പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും സ്‌കൂളുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങളും പതിവാണ്. ഇതേ രീതിയാണ് ജൂലൈ 8ന് ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരന്‍ ബുര്‍ഹാന്‍ വാന്നിയെ സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചതിനു പിന്നാലെ ഉണ്ടായ പ്രക്ഷോഭങ്ങളിലും നടന്നത്. കഴിഞ്ഞ മൂന്ന് മാസമായി 20 സ്‌കൂളുകളാണ് പ്രക്ഷോഭകാരകളുടെ ആക്രമണത്തില്‍ കശ്മീരില്‍ തകര്‍ന്നത്. 17 സര്‍ക്കാര്‍ സ്‌കൂളുകളും മൂന്ന് സ്വകാര്യ സ്‌കൂളുകളുമാണ് പ്രക്ഷോഭകാരികളുടെ ആക്രമണങ്ങളില്‍ തകര്‍ന്നത്. പ്രക്ഷോഭത്തെ പിന്തുണയ്ക്കാന്‍ അതിര്‍ത്തിക്കപ്പുറത്തു നിന്ന് വന്‍തോതില്‍ പണമൊഴുകുന്നുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

പ്രക്ഷോഭത്തെ തുടര്‍ന്ന് കശ്മീര്‍ താഴ്‌വരയില്‍ 20 ലക്ഷത്തോളം വിദ്യാര്‍ഥികളുടെ പഠനം തടസ്സപ്പെട്ടതായി അധികൃതര്‍ പറയുന്നു. പ്രക്ഷോഭത്തെ തുടര്‍ന്ന് അതിര്‍ത്തിമേഖലയില്‍ നിരവധി സ്‌കൂളുകള്‍ അടഞ്ഞുകിടക്കുകയാണ്. അതിര്‍ത്തിക്ക് സമീപമുള്ള ഗുറെസ്, ടാങ്ധാര്‍, ഉറി മേഖലകളിലാണ് സ്‌കൂളുകള്‍ മാസങ്ങളായി അടഞ്ഞുകിടക്കുന്നത്.

വിഘടനവാദികള്‍ക്ക് സ്വാധീനമില്ലാത്ത ജമ്മുവിലും ലഡാക്കിലും സ്‌കൂളുകള്‍ തടസമില്ലാതെ പ്രവര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ച നൂര്‍ബാഗ, അനന്തനാഗ് എന്നിവിടങ്ങളിലുള്ള രണ്ട് സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കാണ് പാക് പിന്തുണയുള്ള പ്രക്ഷോഭകാരികള്‍ തീ വെച്ചത്. സ്‌കൂളുകള്‍ തുറക്കാന്‍ ശ്രമിക്കരുതെന്ന് ജമ്മുകശ്മീര്‍ വിദ്യാഭ്യാസ മന്ത്രി നയീം അക്തറിന് ലഷ്‌കര്‍ ഇ തോയ്ബ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ സാഹചര്യമൊരുക്കണമെന്ന് വിഘടനവാദികള്‍ക്ക് നയീം അക്തര്‍ കത്തെഴുതിയിരുന്നു. എന്നാല്‍ അതൊന്നും ഫലം കണ്ടിട്ടില്ല. ഇപ്പോള്‍ ജമ്മുവും ഡല്‍ഹിയും ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ അയച്ച് കുട്ടികളെ പഠിപ്പിക്കാനാണ് കാശ്മീര്‍ നിവാസികള്‍ തീരുമാനിക്കുന്നത്.