Kerala, media watch

പിസി ജോര്‍ജ്ജ് ഏത് ഭ്രാന്ത് ആശുപത്രിയില്‍ നിന്നും ഇറങ്ങിവന്നെന്ന് എം കെ കുരുവിള; അവന്റെ തന്തയുടെ ഭ്രാന്താശുപത്രിയില്‍ നിന്നെന്ന് പി സി ജോര്‍ജ്ജ്;  ചാനൽ ചര്‍ച്ചയ്ക്കിടെ വീണ്ടും തെറിയഭിഷേകവുമായി പൂഞ്ഞാര്‍ എംഎല്‍എ

pc

മാതൃഭൂമി ചാനലിലെ സൂപ്പര്‍ പ്രൈംടൈമിലെ ചര്‍ച്ചയ്ക്കിടെ വീണ്ടും പൂഞ്ഞാര്‍ എംഎല്‍എ പി സി ജോര്‍ജ്ജിന്റെ തെറിയഭിഷേകം. സോളാര്‍ കേസിലെ വിധി തന്റെ  വാദം കേള്‍ക്കാതെയാണെന്ന ഉമ്മന്‍ ചാണ്ടിയുടെ നിലപാട്  അംഗീകരിക്കാനാകില്ലെന്നും കോടതിയില്‍ പോലും വസ്തുത തുറന്നു പറയാന്‍ ഉമ്മന്‍ ചാണ്ടി എന്തുകൊണ്ട് തയ്യാറാകുന്നില്ലെന്നുമുള്ള കോടിയേരി ബാലകൃഷ്ണന്റെ ചോദ്യമാണ് കഴിഞ്ഞ ദിവസം മാതൃഭൂമി ചര്‍ച്ചയാക്കിയത്.

ഈ ചര്‍ച്ചയ്ക്കിടെ ലണ്ടനില്‍ നിന്നും ഫോണില്‍ ബന്ധപ്പെട്ടപ്പോഴായിരുന്നു ജോര്‍ജ്ജിന്റെ തെറിയഭിഷേകം. ഉമ്മന്‍ ചാണ്ടിക്കെതിരെ കേസ് കൊടുത്ത ബംഗളൂരു വ്യവസായി എംകെ കുരുവിളയും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. ചര്‍ച്ചയ്ക്കിടെ കുരുവിളയ്ക്ക് നേരെയാണ് ജോര്‍ജ്ജ് ജോര്‍ജ്ജിന്റെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ ‘നാട്ടിന്‍പുറത്തുകാരന്റെ ഭാഷ’ പ്രയോഗിച്ചത്. കുരുവിള സരിതയ്ക്ക് ഒരു കോടി അഞ്ച് ലക്ഷം രൂപ കൊടുത്തതായി ചര്‍ച്ചയുടെ ആദ്യഘട്ടത്തില്‍ പി സി ജോര്‍ജ്ജ് ആരോപിച്ചു. ലണ്ടനിലായതിനാല്‍ തന്നെ ഫോണ്‍ കട്ട് ചെയ്ത് പോകുകയും ചെയ്തു.

ഇതിന് ശേഷമായിരുന്നു കുരുവിളയുടെ പ്രതികരണം. പിസി ജോര്‍ജ്ജിനെ ലക്ഷ്യമിട്ടായിരുന്നു കുരുവിളയുടെ കടന്നാക്രമണം. ‘മിസ്റ്റര്‍ വേണു പി സി ജോര്‍ജ്ജിന്റെ തലയ്ക്ക് വട്ടാണോയെന്ന് ചോദിക്ക്. ഞാന്‍ സരിതയെ കണ്ടിട്ടിട്ടില്ല, സംസാരിച്ചിട്ടില്ല, പൈസ കൊടുത്തിട്ടില്ല, അറിയുക പോലുമില്ല. പൈസ കൊടുത്തുവെന്നാണ് അയാള്‍ പറയുന്നത്. സരിതയുടെ കേസ് വരുന്നതിന് മുമ്പ് 2012ല്‍ ഞാന്‍ പരാതി കൊടുത്തിരുന്നു.2013 ഏപ്രില്‍ 3ന് കേരള ഹൈക്കോടതിയില്‍ റിട്ട് ഫയല്‍ ചെയ്യുകയും ചെയ്തു. എന്നിട്ടും ഞാന്‍ സരിതയ്ക്ക് പൈസ കൊടുത്തുവെന്നാണ് പി സി ജോര്‍ജ്ജിന്റെ വാദം. അയാള്‍ ഏത് ഭ്രാന്താശുപത്രിയില്‍ നിന്നാണ് ഇറങ്ങിയതെന്ന് ചോദിക്ക്’. ഇത്രയുമായിരുന്നു കുരുവിളയുടെ കടന്നാക്രമണം. എന്നാല്‍ പി സി ജോര്‍ജ്ജ് ലണ്ടനില്‍ നിന്നാണ് പങ്കെടുത്തതെന്നും അതിനാല്‍ ലൈനില്‍ ഇല്ലെന്നുമായിരുന്നു മാതൃഭൂമി ന്യൂസ് വാര്‍ത്താ അവതാരകനായ വേണു ബാലകൃഷ്ണന്റെ മറുപടി.

ചര്‍ച്ച തുടര്‍ന്നപ്പോള്‍ സോളാറിലെ ഉമ്മന്‍ ചാണ്ടിയ്ക്ക് പങ്കില്ലെന്നും കേസില്‍ പ്രതിയല്ലെന്നും വാദിച്ച് കോണ്‍ഗ്രസ് എംഎല്‍എ പി സി വിഷ്ണുനാഥ് ആണ് സംസാരിച്ചത്. അഭിഭാഷകനായ എം സി ആഷ്‌ലിയുടെ വാദങ്ങളെ എതിര്‍ത്തായിരുന്നു വിഷ്ണുവിന്റെ വിശദീകരണം. ഇതിനിടെ ലൈനില്‍ വീണ്ടും പി സി ജോര്‍ജ്ജ് എത്തി. താങ്കള്‍ ഏത് ഭ്രാന്താശുപത്രിയില്‍ നിന്നും ഇറങ്ങിവന്നുവെന്ന് കുരുവിള ചോദിക്കുന്നുവെന്ന് വേണു ജോര്‍ജ്ജിനെ അറിയിച്ചു.

‘അവന്റെ തന്തയുടെ മാനസികരോഗാശുപത്രിയിലെന്ന് പറഞ്ഞാല്‍ മതി. എന്റെ വീട്ടില്‍ കരഞ്ഞോണ്ട് വന്നിട്ട് അയാള്‍ എന്നോട് പറഞ്ഞ സത്യം ഞാന്‍ വിളിച്ചു പറഞ്ഞപ്പോള്‍ അവന്‍ മാനസിക രോഗിയെന്ന് വിളിക്കുന്നു. അയാളുടെ 16 തന്തയ്ക്ക് ഞാന്‍ വിളിച്ചെനന് വേണു പറയണം’ എന്നായിരുന്നു പിസി ജോര്‍ജ്ജിന്റെ മറുപടി. താന്‍ അയാളുടെ തമാശയ്ക്ക് കൂട്ടുനില്‍ക്കാന്‍ ഉമ്മന്‍ ചാണ്ടിയല്ലെന്നും പി സി ജോര്‍ജ്ജ് കൂട്ടിച്ചേര്‍ത്തു.

ഈസമയം ലൈവ് ചര്‍ച്ചയുടെ ഭാഗമായി എം കെ കുരുവിള ലൈനില്‍ ഉണ്ടായിരുന്നു. ‘താന്‍ ഏത് കുരുവിളയെക്കുറിച്ചാണ് പറയുന്നത്. ഞാന്‍ തന്റെ വീട്ടില്‍ വന്നോ.. ഞാന്‍ ഡല്‍ഹിയിലുള്ള തോമസ് കുരുവിള അല്ല.. ഞാന്‍ ബാംഗ്ലൂരിലെ വ്യവസായി എം കെ കുരുവിള ആണ്. താന്‍ തെറ്റിദ്ധരിച്ചാണ് ഇതൊക്കെ വിളിച്ചു പറയുന്നത്..’ എന്നെല്ലാം കുരുവിളയും തിരിച്ചടിച്ചു. പി സി ജോര്‍ജ്ജ് ഇതിന് മറുപടി പറയുമെന്ന് തോന്നിയ ഘട്ടത്തില്‍ ചര്‍ച്ചയില്‍ പങ്കെടുത്ത വിഷ്ണുനാഥ്, അഡ്വ. എംസി ആഷ്‌ലി, സിപിഎം നേതാവ് എ എ റഹീം, രാഷ്ട്രീയ നിരീക്ഷകന്‍ ജേക്കബ് ജോര്‍ജ്ജ് എന്നിവര്‍ ചിരിയടക്കി തലയില്‍ കൈവച്ചിരിപ്പായി.

ഇതോടെ വേണു ഇടപെട്ട് ചര്‍ച്ച ഈ രീതിയില്‍ കൊണ്ടുപോകാനാകില്ലെന്ന് പറഞ്ഞ് ചര്‍ച്ചയില്‍ നിന്നും പിസിയെയും കുരുവിളയെയും ഒഴിവാക്കുകയും ചെയ്തു. അങ്ങനെ ഇത്തവണയും സോളാര്‍ ചര്‍ച്ചയില്‍ പതിവ് ശൈലിയില്‍ പി സി ജോര്‍ജ്ജ് തന്നെ താരമായപ്പോള്‍ ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലും തരംഗമായി. അതേസമയം എം കെ കുരുവിളയെ തോമസ് കുരുവിളയായി തെറ്റിദ്ധരിച്ചോയെന്ന കാര്യം മാത്രം വ്യക്തമല്ല.