കണ്ണൂരില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പോലീസ് നിര്‍ദ്ദേശിച്ച പെരുമാറ്റച്ചട്ടം,എല്ലാം അംഗീകരിക്കാനാകില്ലെന്ന് സിപിഎം, ഈ ചട്ടങ്ങള്‍ ഇരുകൈയും നീട്ടി സ്വീകരിക്കുന്നതായി ബിജെപി

single-img
26 October 2016

rss-worker-attacked-in-kannur-650_650x400_51457435187
കണ്ണൂര്‍: പോലീസ് നിര്‍ദേശിച്ച പെരുമാറ്റച്ചട്ടങ്ങള്‍ തള്ളി സിപിഐഎം. ജില്ലയിലെ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ സഹകരണം ആവശ്യപ്പെട്ടു കഴിഞ്ഞദിവസമാണു ജില്ലാ പൊലീസ് മേധാവി കത്ത് നല്‍കിയത്. ഈ കത്ത് സിപിഐഎം ജില്ലാ കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്ത ശേഷമാണു സെക്രട്ടറി പി.ജയരാജന്‍ മറുപടി നല്‍കിയത്.

പോലീസിന്റെ അഞ്ച് നിര്‍ദേശങ്ങള്‍

1. ജില്ലയിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍നിന്ന് നിയമപരമായും ധാര്‍മികമായും നേതാക്കള്‍ക്ക് ഒഴിഞ്ഞുമാറാനാവണമെങ്കില്‍ അക്രമമാര്‍ഗം വെടിയുന്നതിനുള്ള ആത്മാര്‍ഥമായ പ്രചാരണത്തിന് നേതാക്കള്‍ രംഗത്തിറങ്ങണം.

2. ‘നിങ്ങളുടെ പ്രസംഗങ്ങളിലോ പ്രസ്താവനകളിലോ പൊതുഭാഷണങ്ങളിലോ പ്രത്യക്ഷത്തിലോ പരോക്ഷമായോ അക്രമം പ്രോത്സാഹിപ്പിക്കത്തക്ക വിധമുള്ള വാചകങ്ങള്‍ ഉണ്ടാവരുത്. സമാധാന സന്ദേശം പ്രചരിപ്പിക്കുന്നവയാവണം നേതാക്കളുടെ പ്രസംഗങ്ങള്‍. സമാധാനം നിലനിര്‍ത്തുന്നതില്‍ മറ്റാരേക്കാളും നേതാക്കള്‍ക്ക് ഉത്തരവാദിത്തമുണ്ട്.

3. സമാധാനപാലനത്തിനായി പോലീസ് സ്വീകരിക്കുന്ന കര്‍ശന നടപടികളെ എതിര്‍ത്തുകൊണ്ട് രംഗത്തുവരുന്നവര്‍ വിട്ടുവീഴ്ചയില്ലാത്ത നിയമനടപടി നേരിടേണ്ടിവരും.

4. കേസില്‍ ഉള്‍പ്പെട്ട് ജാമ്യത്തിലിറങ്ങുന്നവരെ മഹത്വവത്കരിച്ച് സ്വീകരിച്ചാനയിക്കുകയോ കുറ്റവാളികള്‍ക്ക് പ്രോത്സാഹനം നല്‍കുന്ന സമീപനം സ്വീകരിക്കുകയോ ചെയ്യരുത്.

5. നിയമവിരുദ്ധമായി കവലകളിലും പൊതുസ്ഥലങ്ങളിലും സ്ഥാപിച്ച കൊടിമരങ്ങളും പാര്‍ട്ടി ചിഹ്നങ്ങളുമാണ് ചിലയിടത്ത് പ്രശ്‌നമുണ്ടാക്കുന്നതെന്ന് തിരിച്ചറിഞ്ഞ് ഇത്തരം നടപടികളില്‍ നിന്ന് പിന്തിരിയണം.

കേവലം ക്രമസമാധാന പ്രശ്‌നം മാത്രമല്ലെ കണ്ണൂരിലെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് കാരണം ഇത് ആര്‍എസ്എസിന്റെ കേരള അജന്‍ഡയുടെ ഭാഗമാണെന്നുമാണു സിപിഐഎമ്മിന്റെ മറുപടി. എന്നാല്‍ ജില്ലാ പോലീസ് മേധാവിയുടെ പെരുമാറ്റച്ചട്ടത്തെ ഇരുകൈയും നീട്ടി സ്വീകരിക്കുന്നതായി ബിജെപി ജില്ലാ പ്രസിഡന്റ് പി.സത്യപ്രകാശ് പറഞ്ഞു.

സമാധാന പാലനത്തിന്റെ പേരില്‍ പോലീസ് സ്വീകരിക്കുന്ന നടപടികള്‍ക്കെതിരെ രംഗത്തുവരുന്നവര്‍ക്കെതിരെ പ്രതികരിക്കരുതെന്ന പോലീസ് നിര്‍ദേശത്തെയും സിപിഐഎം തള്ളുന്നു. പോലീസ് ഉദ്യോഗസ്ഥരില്‍ എല്ലാവരും നിഷ്പക്ഷമായി പ്രവര്‍ത്തിക്കുന്നവരല്ല. അവരില്‍ തെറ്റായ നടപടികള്‍ സ്വീകരിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രതികരിക്കേണ്ടത് ആവശ്യമാണെന്നും പറയുന്നു.ക്ഷേത്രങ്ങളിലും സര്‍ക്കാര്‍ സ്ഥലങ്ങളിലും ആര്‍എസ്എസ് ശാഖകള്‍ നടത്തുന്നത് അവസാനിപ്പിക്കണമെന്നും സിപിഐഎം ആവശ്യപ്പെടുന്നു. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്തു തിരഞ്ഞെടുപ്പ് സമയത്ത് എവിടെയെങ്കിലും അക്രമം ഉണ്ടായാല്‍ സ്ഥാനാര്‍ഥിക്കെതിരെ കേസെടുക്കുമെന്നു നോട്ടീസ് നല്‍കിയിരുന്നു. ഇതിനെതിരെ ജനങ്ങളുയര്‍ത്തിയ പ്രതിഷേധം മറക്കരുതെന്നും സിപിഐഎം നല്‍കിയ മറുപടിയില്‍ പറയുന്നു.

പൊതുസ്ഥലങ്ങളില്‍ നിയമവിരുദ്ധമായി പണിതിട്ടുള്ള സ്തൂപങ്ങളുടെയും കൊടിമരങ്ങളുടെയും ബസ് ഷെല്‍ട്ടറുകളുടെയും പേരില്‍ ചേരിതിരിഞ്ഞു സംഘര്‍ഷം നടത്തുന്നതിന്റെ യുക്തി രാഷ്ട്രീയപാര്‍ട്ടികള്‍ ആലോചിക്കണമെന്ന പോലീസ് നിര്‍ദേശത്തിനുള്ള മറുപടി കൊടുത്തത്് ഇങ്ങനെ കേരളത്തിലെ പൊതു ഇടങ്ങളിലെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളുടെ രാഷ്ട്രീയ പ്രബുദ്ധതയുടെ ഭാഗമാണ്. ഇതിന്റെയെല്ലാം ഫലമായിട്ടാണു ജാതിമത വ്യത്യാസം കൂടാതെ സാമൂഹികബോധവും വര്‍ഗ ബോധവും ഉണ്ടായത്. ഇതിനെ പോലീസ് നടപടികളിലൂടെ എതിര്‍ക്കുന്നത് ആശാസ്യമല്ല. അക്രമങ്ങളെ പ്രോല്‍സാഹിപ്പിക്കുന്ന പ്രസംഗം ഒഴിവാക്കണമെന്ന പോലീസ് നിര്‍ദേശം ഉചിതമാണ്. പക്ഷേ സംഘപരിവാറിന്റെ പരിപാടികളില്‍ മതസ്പര്‍ധയുണ്ടാക്കുന്ന പ്രസംഗങ്ങള്‍ നടക്കുന്നുണ്ടെന്നു സിപിഐഎം ആരോപിക്കുന്നു. ഇത്തരം പ്രസംഗങ്ങള്‍ക്കെതിരെ നടപടി വേണം.

എന്നാല്‍ പോലീസ് നിഷ്പക്ഷമായി അക്രമസംഭവങ്ങളെ കൈകാര്യം ചെയ്യുന്നതില്‍ ബിജെപിക്ക് എതിര്‍പ്പില്ലെന്നും. അതേസമയം ഭരണത്തിന്റെ തണലില്‍ ബിജെപി പ്രവര്‍ത്തകരെ മനഃപൂര്‍വം ദ്രോഹിക്കാന്‍ ശ്രമിച്ചാല്‍ ജനാധിപത്യ രീതിയില്‍ പ്രതിഷേധിക്കും. പെരുമാറ്റച്ചട്ടത്തില്‍ പറയുന്ന വിധത്തില്‍ അക്രമത്തിന് ആഹ്വാനം ചെയ്യുന്ന ശീലം ബിജെപിക്കില്ലെന്നും പി.സത്യപ്രകാശ് പറഞ്ഞു.