ഗുണ്ടാ സംഘങ്ങളോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടുപമായി ഇടതു സര്‍ക്കാര്‍

single-img
25 October 2016

pinarai-vijayan-at-niyamasabha-1233തിരുവനന്തപുരം : ഗുണ്ടകള്‍ക്ക് രാഷ്ട്രീയകവചമൊരുക്കില്ലെന്നും ഗുണ്ടാപ്രവര്‍ത്തനം തടയാന്‍ പ്രത്യേക സംഘം രൂപീകരിക്കുമെന്നും ഗുണ്ടാ സംഘങ്ങളോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ഇടതു സര്‍ക്കാരിനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗുണ്ടാ ആക്രമണങ്ങള്‍ക്കെതിരെ കടുത്ത നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയ നോട്ടീസിന് മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കി. എന്നാല്‍ സംസ്ഥാനം ഗുണ്ടകളുടെ പറുദീസയായി മാറിയെന്ന് തുടര്‍ന്നു സംസാരിച്ച പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

സംസ്ഥാനത്തെ ഗുണ്ടാ ആക്രമണങ്ങള്‍ സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസിലെ പി ടി തോമസാണ് അടിയന്തര പ്രമേയത്തിനു നോട്ടീസ് നല്‍കിയത്. സംസ്ഥാനത്ത് പോലീസ് നിഷ്‌ക്രിയമാണെന്നും അതിനാലാണ് അക്രമങ്ങള്‍ വര്‍ധിക്കുന്നതെന്നും അടിയന്തര പ്രമത്തിനു നോട്ടീസ് നല്‍കിയ പിടി തോമസ് അഭിപ്രായപ്പെട്ടു. കൊച്ചി ഗുണ്ടകളുടെ താവളമായി മാറുകയാണ്. കൊച്ചിയില്‍ നടന്ന ഗുണ്ടാ ആക്രമണത്തിന് കണ്ണൂരിലെ സിപിഐഎം നേതാക്കളുമായി ബന്ധമുണ്ട്. ഗുണ്ടകളുടെ കാവലാളായി ചില സിപിഐഎം നേതാക്കള്‍ മാറിയെന്നും പിടി തോമസ് ആരോപിച്ചു.

ഗുണ്ടാസംഘങ്ങള്‍ക്ക് എന്തുമാകാം എന്ന രീതി സംസ്ഥാനത്ത് കണ്ടുവരുന്നുണ്ട്. ഒരു കാരണവശാലും ഗുണ്ടാസംഘങ്ങളോട് വിട്ടുവീഴ്ച ചെയ്യുന്ന നടപടി ഉണ്ടാകില്ല. തന്റെ അടുത്ത ആളായാലും വിട്ടുവീഴ്ചയോ, സംരക്ഷണമോ ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. കേരളം തിരുട്ട് ഗ്രാമമായി മാറുന്ന അവസ്ഥയാണ് ഇപ്പോള്‍.

പൊലീസ് ഉദ്യോഗസ്ഥരുമായി ഗുണ്ടകള്‍ക്ക് അവിശുദ്ധ ബന്ധമുണ്ട്. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ കിടമല്‍സരം നടക്കുകയാണെന്നും അതിനിടെ ജനങ്ങള്‍ക്ക് നീതി ലഭിക്കുന്നില്ലെന്നും ചെന്നിത്തല ആരോപിച്ചു. സംസ്ഥാനം നേരിടുന്ന ഗുരുതരമായ അവസ്ഥ സഭ ചര്‍ച്ച ചെയ്യാത്തത് ശരിയല്ലെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. തുടര്‍ന്ന് അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.