ഭാഗ്യ ഗ്രൗണ്ടിൽ സച്ചിന്റെ റെക്കോർഡ് മറികടന്ന് ധോണി

single-img
24 October 2016

dhoni7592

മൊഹാലി: ചരിത്രങ്ങള്‍ വീണ്ടും മാറ്റി കുറിച്ചിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി. അതിനായി ധോണിക്ക് മൊഹാലി ഒരിക്കല്‍ കൂടി ഭാഗ്യ ഗ്രൗണ്ടായി. ഇതിനിടെ ഏകദിന ക്രിക്കറ്റില്‍ ചില നാഴികക്കല്ലുകളും ഇന്ത്യന്‍ നായകന്‍ പിന്നിട്ടു.

ഏകദിന ക്രിക്കറ്റില്‍ 9000 റണ്‍സെന്നതായിരുന്നു അതിലൊന്ന്. 9000 ക്ലബ്ബിലെത്തുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമാണ് ധോണി. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍(18,426), സൗരവ് ഗാംഗുലി(11,363), രാഹുല്‍ ദ്രാവിഡ് (10,889), മുഹമ്മദ് അസ്ഹറുദ്ദീന്‍(9378) എന്നിവരാണ് 9000 ക്ലബ്ബില്‍ ധോണിക്ക് മുമ്പെ എത്തിയ ഇന്ത്യന്‍ താരങ്ങള്‍.

ഏകദിനത്തില്‍ 9000 റണ്‍സ് തികയ്ക്കുന്ന മൂന്നാമത്തെ വിക്കറ്റ് കീപ്പറെന്ന ബഹുമതിയും ധോണി സ്വന്തമാക്കി. ശ്രീലങ്കയുടെ കുമാര്‍ സംഗക്കാര(14234), ഓസ്‌ട്രേലിയയുടെ ആദം ഗില്‍ക്രിസ്റ്റ്(9619) എന്നിവരാണ് ധോണിയുടെ മുന്‍ഗാമികള്‍.

മൊഹാലിയില്‍ മറ്റൊരു അപൂര്‍വ റെക്കോര്‍ഡും ധോണി സ്വന്തം പേരിലാക്കിയിട്ടുണ്ട്. ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ സിക്‌സറടിച്ച താരമെന്ന റെക്കോര്‍ഡാണത്. ഇന്നലെ മൂന്ന് സിക്‌സറടിച്ച ധോണി ആകെ സിക്‌സറുകളുടെ എണ്ണം 196 ആക്കി. 195 സിക്‌സറടിച്ചിട്ടുള്ള സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡാണ് ധോണി മറികടന്നത്.