സ്ത്രീകളെ ആക്രമിച്ചു, ഫേസ്ബുക്കിലൂടെ അപമാനിച്ചു; രണ്ട് യുവാക്കള്‍ കൊച്ചിയില്‍ പിടിയില്‍; ഒരാള്‍ക്ക് ഇത് സ്ഥിരം പരിപാടി

single-img
23 October 2016

 

പിടിയിലായ അമര്‍ജിത്ത്, നസറുദ്ദീന്‍ അലി എന്നിവര്‍

പിടിയിലായ അമര്‍ജിത്ത്, നസറുദ്ദീന്‍ അലി എന്നിവര്‍

സ്ത്രീകളെ ആക്രമിക്കുകയും ഫേസ്ബുക്കിലൂടെ അപമാനിക്കുകയും ചെയ്ത രണ്ട് വ്യത്യസ്ത കേസുകളില്‍ രണ്ട് പേര്‍ കൊച്ചിയില്‍ പിടിയിലായി. മട്ടാഞ്ചേരി ബംഗ്ലാവുപറമ്പില്‍ നസറുദ്ദീന്‍ അലി(26), തിരുവനന്തപുരം പാറശാല പുത്തന്‍വീട്ടില്‍ അമര്‍ജിത്ത്(26) എന്നിവരാണ് പിടിയിലായത്.

എറണാകുളം വീക്ഷണം റോഡിലൂടെ നടന്നുപോകുകയായിരുന്ന യുവതികളെ അപമാനിക്കുകയും ഇത് ചോദ്യം ചെയ്തപ്പോള്‍ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലാണ് നസറുദ്ദീന്‍ പിടിയിലായത്. സ്ത്രീയുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ അശ്ലീല ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലാണ് അമര്‍ജിത്ത് പിടിയിലായത്.

എറണാകുളം ഏലൂരില്‍ താമസിക്കുന്ന ഒരു ചലച്ചിത്രതാരത്തിന്റെയും ഭാര്യയുടെയും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്ന ഫോട്ടോയില്‍ അശ്ലീല കമന്റുകള്‍ പോസ്റ്റ് ചെയ്ത കേസിലും ഇയാള്‍ പ്രതിയാണ്. കോഴിക്കോടും എറണാകുളം സെന്‍ട്രല്‍ പോലീസിലും ഇയാള്‍ക്കെതിരെ സമാനമായ കേസുകള്‍ നിലനില്‍ക്കുന്നുണ്ട്.

എസ്പി കെ ലാല്‍ജിയുടെ നിര്‍ദ്ദേശത്തില്‍ എറണാകുളം സെന്‍ട്രല്‍ സ്റ്റേഷന്‍ സിഐ എ അനന്തലാല്‍, എസ്‌ഐ എസ് വിജയശങ്കര്‍, എഎസ്‌ഐഎ ഡി ദീപു, സിപിഒമാരായ അബ്ദുള്‍ ജലീല്‍, ജോസഫ് ഗോമറിന്‍, രാജീവ് ടി ആര്‍, സജീവന്‍, ജോബി എന്നിവര്‍ ചേര്‍ന്നാണ് ഇരുവരെയും പിടികൂടിയത്.