യുപിയില്‍ സമാജ്‌വാദി പാര്‍ട്ടിയില്‍ പൊട്ടിത്തെറി; മുലായം സിംഗ് യാദവിന്റെ സഹോദരനുള്‍പ്പെടെ നാല് മന്ത്രിമാരെ അഖിലേഷ് പുറത്താക്കി

single-img
23 October 2016

 

akhilesh-yadav

തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഘട്ടത്തില്‍ ഉത്തര്‍പ്രദേശിലെ സമാജ്‌വാദി പാര്‍ട്ടിയില്‍ പൊട്ടിത്തെറി. പാര്‍ട്ടി അധ്യക്ഷനും പിതാവുമായ മുലായംസിംഗ് യാദവിന്റെ സഹോദരന്‍ ശിവ്പാല്‍ യാദവിനെ മുഖ്യമന്ത്രി അഖിലേഷ് യാദവ് മന്ത്രിസഭയില്‍ നിന്നും പുറത്താക്കി.

ശിവ്പാലിനെ കൂടാതെ മറ്റ് മൂന്ന് മന്ത്രിമാരെയും പുറത്താക്കിയതായി കാണിച്ച് അഖിലേഷ് ഗവര്‍ണര്‍ക്ക് നോട്ടീസ് അയച്ചു. ശദാബ് ഫാത്തിമ, ഓം പ്രകാശ് സിംഗ്, നരാദ് റായ് എന്നിവരാണ് പുറത്താക്കപ്പെട്ട മറ്റ് മന്ത്രിമാര്‍. ഇന്ന് രാവിലെ മുഖ്യമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു തീരുമാനം. പാര്‍ട്ടിയുടെ ഭാഗമല്ലാത്ത അമര്‍ സിംഗിനെ പിന്തുണച്ചതാണ് നാല് പേരുടെ പുറത്താക്കലില്‍ കലാശിച്ചതെന്ന് അഖിലേഷ് അറിയിച്ചു. അമര്‍ സിംഗിനെ പിന്തുണയ്ക്കുന്നവര്‍ക്ക് പാര്‍ട്ടിയിലും തന്റെ മന്ത്രിസഭയിലും ഇടമില്ലെന്ന് അഖിലേഷ് വ്യക്തമാക്കി.

നേരത്തെ മുഖ്യമന്ത്രി അഖിലേഷ് യാദവിനെ പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷനാക്കണമെന്ന് ആവശ്യപ്പെട്ട എംഎല്‍എയെ മുലായംസിംഗ് യാദവ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു. അഖിലേഷ് പക്ഷക്കാരനായ ഉദയ് വീര്‍ സിംഗിനെയാണ് ആറുവര്‍ഷത്തേക്ക് പുറത്താക്കിയത്. അഖിലേഷ് യാദവും ശിവ്പാല്‍ യാദവും തമ്മിലുള്ള അധികാരത്തര്‍ക്കമാണ് പാര്‍ട്ടിയിലെ പൊട്ടിത്തെറിയില്‍ കലാശിച്ചത്. ഇപ്പോഴത്തെ ചേരിപ്പോര് വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.