പാക് സൈനികാക്രമണത്തില്‍ പരിക്കേറ്റ ബിഎസ്എഫ് ജവാന്‍ മരിച്ചു; സൈന്യത്തിന് നല്ല ആശുപത്രിയുണ്ടായിരുന്നെങ്കില്‍ മകന്‍ മരിക്കില്ലായിരുന്നെന്ന് അമ്മ

single-img
23 October 2016

 

വീരമൃത്യു വരിച്ച ഗുര്‍നാം സിംഗിന്റെ അമ്മ ജസ്വന്ത് കൗര്‍

വീരമൃത്യു വരിച്ച ഗുര്‍നാം സിംഗിന്റെ അമ്മ ജസ്വന്ത് കൗര്‍

വെള്ളിയാഴ്ച പാകിസ്ഥാന്‍ റെയ്‌ഞ്ചേഴ്‌സ് ജമ്മു കാശ്മീരിലെ ഹിരാനഗര്‍ മേഖലയില്‍ നടത്തിയ ആക്രമണത്തില്‍ പരിക്കേറ്റ ബിഎസ്എഫ് ജവാന്‍ ഗുര്‍നാം സിംഗ് വീരമൃത്യു വരിച്ചു. ജമ്മുവിലെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു 28കാരനായ ഗുര്‍നാം.

വെള്ളിയാഴ്ച കതുവ ജില്ലയിലെ ഹിരാനഗറില്‍ പാക് സൈന്യം നിയന്ത്രണ രേഖ കടന്ന് നടത്തിയ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തിലാണ് ഗുര്‍നാമിന് പരിക്കേറ്റത്. തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ ഏഴ് പാകിസ്ഥാന്‍ സൈനികരും ഒരു ഭീകരനും കൊല്ലപ്പെട്ടു.

ഗുര്‍നാം സിംഗ്‌

ഗുര്‍നാം സിംഗ്‌

പാക് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഗുര്‍നാമിനെ വെള്ളിയാഴ്ച തന്നെ കതുവ ജില്ലയില്‍ നിന്നും 90 കിലോമീറ്റര്‍ അകലെയുള്ള ജമ്മുവിലെ മെഡിക്കല്‍ കോളേജില്‍ എത്തിച്ചിരുന്നു. അതേസമയം താന്‍ രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്താല്‍ കരയരുതെന്ന് തന്റെ മകന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അതിനാല്‍ താന്‍ കരയില്ലെന്നും ഗുര്‍നാമിന്റെ അമ്മ ജസ്വന്ത് കൗര്‍ അറിയിച്ചു. രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്യുന്ന എല്ലാ സൈനികരുടെയും പേരില്‍ ഞാന്‍ അഭിമാനിക്കുന്നു. അതേസമയം മകന് നല്ല ചികിത്സ കിട്ടിയിരുന്നെങ്കിലെന്ന് താന്‍ ആഗ്രഹിക്കുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

‘അവര്‍ അവനെ ബക്ഷി നഗറിലെ ഈ ആശുപത്രിയിലേക്കാണ് എത്തിച്ചത്. ബിഎസ്എഫിന് സ്വന്തം ആശുപത്രിയും ഡോക്ടര്‍മാരും ഉണ്ടായിരുന്നെങ്കില്‍ എന്റെ മകന്‍ മരിക്കില്ലായിരുന്നു. നമ്മുടെ സൈനികര്‍ക്ക് വേണ്ടി നല്ല ഒരു ആശുപത്രി വേണമെന്ന് ഞാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് അപേക്ഷിക്കുന്നു’. അവര്‍ കൂട്ടിച്ചേര്‍ത്തു.