‘യേ ദില്‍..’ തര്‍ക്കം: സൈന്യത്തെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴയ്ക്കുന്നതില്‍ ആശങ്ക; രാജ് താക്കറെയുടെ നിര്‍ദ്ദേശം തള്ളി സൈന്യം

single-img
23 October 2016

 

 

ae-dil-hai-mushkil_650x400_51477191564

പാക് താരം അഭിനയിച്ച സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കണമെങ്കില്‍ സൈനിക ക്ഷേമനിധിയിലേക്ക് അഞ്ച് കോടി രൂപ നല്‍കണമെന്ന മഹരാഷ്ട്ര നവനിര്‍മ്മാണ്‍ സേന(എംഎന്‍എസ്) നേതാവ് രാജ്താക്കറയുടെ നിര്‍ദ്ദേശത്തില്‍ സൈന്യം ആശങ്ക രേഖപ്പെടുത്തി. മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരും വിരമിച്ച സൈനകരുമാണ് രാജ് താക്കറയുടെ നിര്‍ദ്ദേശത്തെ തള്ളി രംഗത്തെത്തിയിരിക്കുന്നത്.

സൈന്യത്തെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴയ്ക്കരുതെന്ന് അവര്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഇന്നലെയാണ് രാജ് താക്കറെ പാക് താരം ഫവാദ് ഖാന്‍ അഭിനയിച്ച ‘യെ ദില്‍ ഹെ മുശ്കില്‍’ എന്ന ചിത്രം ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കാന്‍ സൈനിക ക്ഷേമനിധിക്ക് അഞ്ച് കോടി രൂപ നല്‍കണമെന്ന നിര്‍ദ്ദേശം മുന്നോട്ട് വച്ചത്. ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ ഈ വ്യവസ്ഥ അംഗീകരിക്കുകയും 28ന് ചിത്രം റിലീസ് ചെയ്യാന്‍ തീരുമാനിക്കുകയുമായിരുന്നു.

ചിത്രത്തിനെതിരെ എംഎഎന്‍സ് വ്യാപകമായി പ്രക്ഷോഭം സംഘടിപ്പിച്ച പശ്ചാത്തലത്തില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് വിളിച്ചു ചേര്‍ത്ത ചര്‍ച്ചയിലാണ് ഒത്തുതീര്‍പ്പായത്. പാക് താരങ്ങള്‍ അഭിനയിച്ച ‘റയീസ്’, ‘ഡിയര്‍ സിന്ദഗി’ എന്നീ ചിത്രങ്ങളും പ്രദര്‍ശനാനുമതി ലഭിക്കണമെങ്കില്‍ അഞ്ച് കോടി രൂപ വീതം നല്‍കണം. എന്നാല്‍ ഈ നടപടിയോട് സൈനിക കേന്ദ്രങ്ങള്‍ ശക്തമായ എതിര്‍പ്പാണ് ഇന്ന് പ്രകടിപ്പിച്ചിരിക്കുന്നത്.

സൈനിക ക്ഷേമനിധിക്ക് സ്വന്തം ഇഷ്ടപ്രകാരമാണ് ഫണ്ട് നല്‍കേണ്ടതെന്നും ആരുടെ കയ്യില്‍ നിന്നും പണം അന്യായമായി ഈടാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും സൈന്യത്തെ രാഷ്ട്രീയത്തില്‍ ഇടപെടുത്തുന്നത് ആശങ്കാജനകമാണെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു. സൈന്യം പൂര്‍ണമായും രാഷ്ട്രീയത്തിന് പുറത്താണ്. സൈന്യത്തെ രാഷ്ട്രീയത്തിലേക്ക് ഇടപെടുത്തുന്നത് തെറ്റാണെന്നും ഒരു സൈനിക വക്താവ് അറിയിച്ചു.

എംഎന്‍എസ് നിര്‍ദ്ദേശത്തെ ഒരിക്കലും പിന്തുണയ്ക്കില്ലെന്ന് മുന്‍ മിലിറ്ററി ലഫ്. ജനറല്‍ സയീദ് അത് ഹസൈന്‍ അറിയിച്ചു. സൈന്യം ഈ അന്യായത്തിന് കൂട്ടുനില്‍ക്കരുത്. ഈ പണം സ്വീകരിക്കുന്നതിലൂടെ സൈന്യം അശുദ്ധ പണം സ്വീകരിക്കുകയാണെന്ന് വൈസ് മാര്‍ഷല്‍ മന്‍മോഹന്‍ ബഹദൂറും പ്രതികരിച്ചു.