ഗവണ്‍മെന്റ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ല; ബംഗളൂരു ജിഎഫ്ടിഐയില്‍ വിദ്യാര്‍ത്ഥികള്‍ ആറുമാസമായി സമരത്തില്‍

single-img
22 October 2016

wrkng-copy2-1

സ്വപ്നങ്ങളും പ്രതീക്ഷകളും കാറ്റില്‍ പറന്നു പോയ അവസ്ഥയിലാണ് ബംഗളൂരുവിലെ ഗവണ്‍മെന്റ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ(ജിഎഫ്ടിഐ) വിദ്യാര്‍ത്ഥികള്‍. ഇവിടെ പഠിക്കാനെത്തിയ മുഴുവന്‍ പേരും തന്നെ നിരാശരായി മടങ്ങിയിരിക്കുന്നു. ഭാവിയെ കുറിച്ച് വലിയൊരു സ്വപ്നമായി വന്നെത്തിയ നിരവധി പേരാണ് ലക്ഷ്യത്തിലെത്താതെ വഴിയടഞ്ഞ അവസ്ഥയില്‍ നില്‍ക്കുന്നത്.

1949 ല്‍ ലോകബാങ്കിന്റെ സഹായത്തോടെയാണ് ഈ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിക്കുന്നത്. ഒരു കാലത്ത് പ്രശസ്തരായ ഗോവിന്ദ് നിഹലാനി, സത്യ ഹെഡ്ജെ, വി.കെ മൂര്‍ത്തി എന്നിവര്‍ പഠിച്ചിരുന്ന ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അവസ്ഥ ഇന്ന് വളരെ ദയനീയമാണ്. പഠനത്തിനാവശ്യമായ ഉപകരണങ്ങള്‍ വര്‍ഷങ്ങള്‍ പഴക്കം ചെന്നതിനാല്‍ ഉപയോഗ ശൂന്യമായിരിക്കുകയാണ്. മൂന്നു വര്‍ഷത്തെ സിനിമാട്ടോഗ്രാഫിയും സൗണ്ട് റെക്കോര്‍ഡിങ് കോഴ്സുമാണ് ഇവിടെ പഠിപ്പിക്കുന്നത്. ഇതിനു യോഗ്യത പ്ലസ്ടു മതി. പ്രവേശന പരീക്ഷ നടക്കാറേ ഇല്ലെന്നാണ്‌ വിദ്യാര്‍ത്ഥികള്‍ പറയുന്നത്. ഇന്‍സ്റ്റിറ്റ്യൂട്ടിലെത്തുന്നവര്‍ക്ക് നേരിട്ടുള്ള പ്രവേശനമാണ് ഇപ്പോള്‍ നടക്കുന്നത്.

img_1020-1

പ്രതിവര്‍ഷം 14000 രൂപയാണ് ഫീസ് ഇനത്തില്‍ കോളേജില്‍ അടക്കേണ്ടത്. എന്നാല്‍ പഠനത്തിനായി യാതെരു സൗകര്യവും ഇവിടെ ഇല്ലാന്നാണ് വിദ്യാര്‍ത്ഥികളുടെ പരാതി. സംസ്ഥാന സര്‍ക്കാരില്‍ നിന്നും 50 ലക്ഷം രൂപ വര്‍ഷാവര്‍ഷം ലഭിക്കുന്നുണ്ടെങ്കിലും അവ വകമാറ്റി ചെലവഴിച്ചു എന്നാണ് അധികൃതര്‍ പറയുന്നത്. ബാക്കിയുള്ള തുക മറ്റുള്ള സ്വകാര്യ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടുകളിലേക്കാണ് പോവുന്നത്. കാലം മാറുന്നതിനനുസരുച്ച് ആത്യാധുനിക സൗകര്യങ്ങളിലേക്ക് ലോകം എത്തിയിരിക്കുന്നു. എന്നാല്‍ ജി.എഫ്.ടി.ഐയിലെ വിദ്യാര്‍ത്ഥികള്‍ പത്തു പതിനഞ്ചു വര്‍ഷം മുന്നേയുള്ള ഉപകരണങ്ങളിലാണ് ഇപ്പോളും പഠനം നടത്തുന്നത്.

ടെക്നോളജിയുടടെ വളര്‍ച്ചയില്‍ സിനിമയും വളര്‍ന്നു. എന്നാല്‍ നാമവശേഷമായ സിനിമ സംവിധാനങ്ങളാണ് തങ്ങള്‍ ഇപ്പോഴും പഠിക്കുന്നത്. ഇതുവരെ കണ്ടിട്ടില്ലാത്ത പലതുമാണ് തങ്ങള്‍ക്ക് പഠിക്കാന്‍ നല്‍കിയിരുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. പ്രക്ടിക്കല്‍ ക്ലാസുകള്‍ തങ്ങള്‍ക്കു ലഭിക്കാറില്ലെന്നും ലഭിക്കുന്ന തിയറി ക്ലാസുകള്‍ നിലവാരമില്ലാത്തതാണെന്നുമാണ് ഇവരുടെ മറ്റൊരു ആരോപണം. കന്നട പൗരത്വമുള്ളതും സിനിമാട്ടോഗ്രാഫിയിയില്‍ ഡിപ്ലോമ ഉള്ളതുമായ ആര്‍ക്കും ഇവിടുത്തെ അധ്യാപകാരായി ജോലിയില്‍ പ്രവേശിക്കാം. ആവശ്യത്തിന് അദ്ധ്യാപകരില്ലാത്തപ്പോഴും ആവശ്യത്തില്‍ കൂടുതല്‍ സാങ്കേതിക ജീവനക്കാരെ ഇവിടെ നിയമിച്ചിട്ടുമുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.

wrkng-copy-1

അന്യസംസ്ഥാനങ്ങളില്‍ നിന്നും പ്രധാനമായും കേരളത്തില്‍ നിന്നും ഇവിടെ എത്തി പഠിക്കുന്ന നിരവധി കുട്ടികള്‍ പരീക്ഷ എഴുതാന്‍ പോലും കഴിയാതെ വീടുകളിലേക്ക് മടങ്ങി പോയിരിക്കുകയാണ്. അധ്യപക – അനധ്യാപക പിടിപ്പുകേടു കൊണ്ട് സിനിമ കാണുക, സംസാരിക്കുക, നിര്‍മ്മിക്കുക എന്ന കാര്യങ്ങള്‍ അപ്രത്യക്ഷമായിരിക്കുകയാണ്. കൃത്യമായ അധ്യയനം നടക്കുന്നില്ലെങ്കിലും വിദ്യാര്‍ത്ഥികള്‍ക്ക് ഹാജാര്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കണം. ഡിപ്ലോമ സിനിമകള്‍ക്ക് വേണ്ട ഗൃഹപാഠം നടത്തുവാന്‍ ഇത്തരത്തില്‍ അവസരങ്ങളെന്നും ലഭിക്കാറില്ല.

എന്നാല്‍ ഇയര്‍ബാക്ക് ആകുന്നതാണ് സാധാരണക്കാരായ വിദ്യാര്‍ത്ഥികളെ പ്രധാനമായും ബാധിച്ചിരിക്കുന്ന വിഷയം. വ്യത്യസ്തമായ മേഖലയായതു കൊണ്ട് രക്ഷിതാക്കളുടെ പൂര്‍ണ്ണ സമ്മതമില്ലാതെയാണ് വിദ്യാര്‍ത്ഥികള്‍ പലരും കോഴ്സിനെത്തുന്നത്. ഇത്തരത്തില്‍ ഇയര്‍ബാക്ക് ആകുന്നതോടു കൂടി തിരിച്ചു വീട്ടിലേക്ക് പോകാന്‍ കഴിയാതെ മാനസികമായി തളര്‍ന്ന അവസ്ഥയിലാണിപ്പോള്‍ വിദ്യാര്‍ത്ഥികള്‍.

2010 മുതല്‍ 2015 വരെ 113 അഡ്മിഷനുകളാണ് ഇവിടെ നടന്നിട്ടുള്ളത്. എന്നാല്‍ ഒടുവില്‍ അവശേഷിച്ചത് 40-ല്‍ താഴെ വിദ്യാര്‍ത്ഥികള്‍ മാത്രമായിരുന്നു. പോയവരില്‍ മിക്കവരും മടുത്തു നിര്‍ത്തി പോയതും ഇയര്‍ബാക്ക് വാങ്ങി പോയിട്ട് തിരികെ വരാന്‍ പറ്റാത്തവരുമായിരുന്നു. സംസ്ഥാനത്തിനു പുറത്തുള്ള വിദ്യാര്‍ത്ഥികളാണ് പുറത്ത് പോയവരില്‍ പലരും. കഴിഞ്ഞ സെമസ്റ്ററില്‍ അവശേഷിക്കുന്ന 20 വിദ്യാര്‍ത്ഥികളെ കൂടി പുറത്താക്കണമെന്നായിരുന്നു അധികൃതരുടെ ആവശ്യം. എന്നാല്‍ ഇതിനെതിരെ പ്രതിഷേധിച്ചു കൊണ്ടും ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വികസനത്തിനുമായി വിദ്യാര്‍ത്ഥികള്‍ സമരവുമായി രംഗത്തെത്തി. നഷ്ടപ്പെട്ട ക്ലാസുകള്‍ പുനസംഘടിപ്പിക്കണമെന്നും അതിനുശേഷമെ പരീക്ഷ എഴുതുകയുള്ളു എന്നുമായിരുന്നു സമരത്തിന്റെ ഉദേശം. കഴിഞ്ഞ ഏപ്രിലില്‍ തുടങ്ങിയ സമരം ഇന്നും തുടരുകയാണ്. ഗീരിഷ് കാസര്‍വള്ളിയെ പോലുള്ള സംവിധായകരാണ് വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായിട്ടെത്തിയത്.

ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സഹായമില്ലാതെ പഠിച്ചു കൊണ്ട് സമരത്തിന്റെ രൂപം പൊളിച്ചെഴുതാന്‍ ഒരു പറ്റം വിദ്യാര്‍ത്ഥികള്‍ ശ്രമിക്കുയുണ്ടായി അതിനായി ‘പെഡസ്ട്രീയന്‍ പിക്ചേഴ്സ്’ എന്ന സംഘടന സഹായ ഹസ്തവുമായി രംഗത്തെത്തി. ബംഗളൂരുവില്‍ നിന്നുമല്ലാതെ എറാണകുളത്തു നിന്നും ക്ലാസുകള്‍ക്ക് തുടര്‍ച്ച നല്‍കാനായി രാജീവ് രവി, ബി അജിത് കുമാര്‍ തുടങ്ങിയവരുടെ നേതൃത്വം മുന്നിട്ടിറങ്ങി. ഇത് നാളത്തെ ഒരു കൂട്ടം യുവത്വത്തിന്റെ നിലനില്‍പ്പിനുള്ള കൈതാങ്ങാണെന്ന് പറയാം.

സമരങ്ങളെല്ലാം വിജയിക്കില്ലെങ്കിലും തോറ്റു പിന്‍മാറാന്‍ തയ്യാറാവാത്ത വിദ്യാര്‍ത്ഥികള്‍ അവരുടെ അവകാശം മാത്രമാണ് ചോദിക്കുന്നത്. തങ്ങള്‍ക്ക് കരിക്കുലം പറയുന്ന രീതിയില്‍ ക്ലാസുകള്‍ നടത്തി തരുകയും അതിനായി പഠനോപാധികള്‍ വാങ്ങി തരണമെന്നും അതിനുശേഷം പരീക്ഷ എഴുതാന്‍ അവസരമെരുക്കാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതര്‍ തയ്യാറാവണമെന്നുമാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം.

ബംഗളൂരു ഗവണ്‍മെന്റ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ കാലപ്പഴക്കം ചെന്ന ഉപകരണങ്ങള്‍

img_1001-1 img_1002-1 img_1003-1 img_1005-1 img_1007-1 img_1008-1