കോടതി വിധിച്ചത് ഇരട്ട ജീവപര്യന്തം; ജയില്‍ അധികൃതര്‍ നിഷാമിന് അനുവദിച്ചത് ആഢംബര ജീവിതം; മൊബൈല്‍ സൗകര്യം കൂടാതെ സ്റ്റാര്‍ ഹോട്ടലില്‍ താമസവും

single-img
22 October 2016

 

nisham-596443

ചന്ദ്രബോസ് വധക്കേസില്‍ ഇരട്ട ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ട മുഹമ്മദ് നിഷാം ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ കേസിന്റെ ആവശ്യങ്ങള്‍ക്ക് കൊണ്ടുപോകുമ്പോള്‍ താമസിപ്പിക്കുന്നത് സ്റ്റാര്‍ ഹോട്ടലുകളിലാണെന്നതിനും തെളിവുകള്‍ പുറത്ത്. ബംഗളൂരുവില്‍ നിഷാമിന്റെ പേരിലുള്ള കേസുകളുടെ വിചാരണയ്ക്കായി കൊണ്ടുപോകുമ്പോള്‍ നിഷാമും കൂടെയുള്ള പോലീസുകാരും സ്റ്റാര്‍ ഹോട്ടലില്‍ താമസിക്കുന്നതിന്റെ ബില്ലാണ് ഇ വാര്‍ത്തയ്ക്ക് ലഭിച്ചത്.

ഇന്നലെ നിഷാം ജയിലില്‍ വച്ച് മൊബൈലില്‍ സംസാരിക്കുന്നതിന്റെ ഓഡിയോ മറ്റൊരു മാധ്യമം പുറത്തുവിട്ടിരുന്നു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന നിഷാം രണ്ട് നമ്പരുകളാണ് ഉപയോഗിക്കുന്നതെന്നും വ്യക്തമായിട്ടുണ്ട്. 9746576553, 8769731302 എന്നീ നമ്പരുകളാണ് നിഷാം ഉപയോഗിക്കുന്നത്. ഈ നമ്പരുകള്‍ രണ്ടും കണ്ണൂര്‍ ജയില്‍ ടവറിന്റെ പരിധിയിലാണ് ഉള്ളത്. രണ്ട് തടവുകാരുടെ പേരിലാണ് സിംകാര്‍ഡുകള്‍. എല്ലാദിവസവും വൈകിട്ട് അഞ്ചിനും ആറരയ്ക്കും ഇടയില്‍ നിഷാം ഭാര്യയുമായി സംസാരിക്കുന്നുണ്ടെന്ന് തെളിയിക്കുന്ന തെളിവുകളാണ് പുറത്തുവന്നത്.

ബിസിനസ് കാര്യങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് ഫോണിലൂടെ സംസാരിക്കുന്നത്. ജയിലില്‍ നിഷാമിന് സുഖജീവിതമാണെന്ന് തെളിയിക്കുന്നതാണ് ഈ ശബ്ദരേഖ. ഇതിനിടെയിലാണ് ജയിലിന് പുറത്തുപോകുമ്പോഴും ആഢംബര ജീവിതത്തിന് യാതൊരു കുറവുമില്ലെന്ന രേഖകള്‍ പുറത്തുവരുന്നത്. വിചാരണ തടവുകാരെ പോലും വിചാരണയ്ക്കായി ദൂരെ സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുമ്പോള്‍ അവിടുത്തെ സബ്ജയിലില്‍ പാര്‍പ്പിക്കണമെന്നിരിക്കെയാണ് ശിക്ഷിക്കപ്പെട്ട കുറ്റവാളിയായ നിഷാമിനെ സ്റ്റാര്‍ ഹോട്ടലുകളില്‍ പാര്‍പ്പിക്കുന്നത്.

ഇതിനിടെ ജയിലില്‍ നിന്നും ഫോണ്‍ ചെയ്ത് നിഷാം തങ്ങള്‍ക്ക് നേരെ വധഭീഷണി മുഴക്കിയെന്ന് നിഷാമിന്റെ സഹോദരന്മാരായ അബ്ദുള്‍ നിസാര്‍, അബ്ദുള്‍ റസാഖ് എന്നിവര്‍ പരാതി നല്‍കി. കമ്പനിയിലെ ശമ്പളത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് ഭീഷണി. ആരോപണത്തെക്കുറിച്ച് അന്വേഷിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി തൃശൂര്‍ എസ് പി ആര്‍ നിശാന്തിനി അറിയിച്ചു.