ദുരിതക്കയത്തില്‍ മുങ്ങിയ പ്രവാസി ജീവിതങ്ങള്‍; പട്ടിണിക്കിടെ താമസസ്ഥലങ്ങളും കത്തിനശിച്ചു

single-img
21 October 2016

 

Fujairah Airport - AIR

ഫുജൈറ: ഫുജൈറ എമിറേറ്റ്സ് എന്‍ജിനീയറിംഗ് കമ്പനിയിലെ ഒരു വിഭാഗം തൊഴിലാളികള്‍ ഭക്ഷണമോ, കിടന്നുറങ്ങാന്‍ ഇടമോ ഇല്ലാതെ ദുരിതത്തില്‍ കഴിയുന്നു. ഒരു നേരത്തെ ഭക്ഷണം പോലും കണ്ടെത്താന്‍ കഴിയാതെ കഷ്ടപ്പെടുന്നതിനിടെ ശനിയാഴ്ച അര്‍ധരാത്രിയുണ്ടായ തീപ്പിടിത്തത്തില്‍ ഇവരുടെ കാരവനുകള്‍ കത്തിനശിക്കുകയും ചെയ്തു. മാസങ്ങളായി പ്രവര്‍ത്തനം നിലച്ച കമ്പനി ജീവനക്കാര്‍ക്ക് ശമ്പളമോ മറ്റു ആനുകൂല്യങ്ങളോ നല്‍കുന്നുമില്ല.

മലയാളികള്‍ ഉള്‍പ്പെടെ നാല്‍പതിലധികം തൊഴിലാളികളാണ് അല്‍ ഹൈല്‍ പ്രദേശത്തെ താമസ കേന്ദ്രത്തിലുള്ളത്. ഈത്തപ്പഴ തോട്ടത്തില്‍ ഒരുക്കിയ താമസ കേന്ദ്രത്തിലെ മൂന്ന് കാബിനുകളാണ് തീപ്പിടിത്തത്തില്‍ നശിച്ചത്. ഇതെ തുടര്‍ന്ന് ഒരു സംഘം തൊഴിലാളികള്‍ ഇപ്പോള്‍ തുറസായ സ്ഥലത്താണ് കിടക്കുന്നത്. ‘ചൂട് അല്‍പ്പം കുറഞ്ഞതുകൊണ്ടാണ് പുറത്ത് കിടക്കാന്‍ സാധിക്കുന്നത്, അല്ലെങ്കില്‍ ഇവര്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായേനെ’- സന്നദ്ധ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.

കൊല്ലം, തിരുവനന്തപുരം സ്വദേശികള്‍ ചേര്‍ന്നായിരുന്നു പെട്രോളിയം റിഫൈനറിയുമായി ബന്ധപ്പെട്ട ഈ കമ്പനി നടത്തിയിരുന്നത്. പിന്നീട് കമ്പനി നഷ്ടത്തിലാകുകയും ചെയ്തു. മറ്റൊരു മലയാളി കമ്പനി ഏറ്റെടുത്തെങ്കിലും തൊഴിലാളികളുടെ പ്രശ്‌നത്തിന് പരിഹാരമായില്ല. ഫുജൈറയിലെ കൈരളി സോഷ്യല്‍ ക്ലബ്, ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ എന്നിവ ഉള്‍പ്പെടെയുള്ള സന്നദ്ധസംഘടനകളാണ് ഇവരുടെ ദുരിതം കണ്ട് കുടിവെള്ളവും ഭക്ഷണവും എത്തിക്കുന്നത്. എന്നാല്‍ ഇങ്ങനെ എത്രകാലം കഴിയുമെന്നതാണ് തൊഴിലാളികളുടെ മുന്നിലുള്ള ചോദ്യം.

ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ദുരിതാവസ്ഥ നേരിട്ട് വിളിച്ചറിയിച്ചെങ്കിലും ഇതുവരെ ആരും തിരിഞ്ഞു നോക്കിയിട്ടില്ലെന്ന് തൊഴിലാളികള്‍ പറയുന്നു. 14 മലയാളികളും മറ്റുള്ളവര്‍ തമിഴ്, ഹൈദരാബാദ്, പഞ്ചാബ് സ്വദേശികളുമാണ്. കഴിഞ്ഞ മൂന്നുമാസമായി തൊഴിലില്ലാതെ കഴിയുന്ന ഇവര്‍ക്ക് മുന്‍മാസങ്ങളിലെ ശമ്പള കുടിശ്ശികയും ലഭിക്കാനുണ്ട്. കമ്പനി ഉടമകളോട് പ്രശ്‌നങ്ങള്‍ അവതരിപ്പിച്ചപ്പോള്‍ നാട്ടില്‍ പോകേണ്ടവര്‍ക്ക് അവരവരുടെ ചെലവില്‍ പോകാന്‍ പാസ്പോര്‍ട്ട് തരാമെന്നായിരുന്നു മറുപടി. ശമ്പള കുടിശിക തരാന്‍ നിര്‍വാഹമില്ലെന്നും അറിയിച്ചു.

തൊഴിലാളികളില്‍ പലരുടേയും വിസയുടെ കാലാവധിയും കഴിഞ്ഞിട്ടുണ്ട്. നാട്ടിലുള്ള കുടുംബങ്ങള്‍ തങ്ങളെ മാത്രം ആശ്രയിച്ചാണ് കഴിയുന്നതെന്ന് തൊഴിലാളിയായ പാലക്കാട് സ്വദേശി റഹീം പറഞ്ഞു.