ജയരാജന്‍ വീണ്ടും വിവാദ കുരുക്കില്‍; കുടുംബക്ഷേത്ര നവീകരണത്തിന് ചോദിച്ചത് 50 കോടി രൂപയുടെ തേക്ക്

single-img
21 October 2016

 

ep-jayarajan2-1

വിവാദ ബന്ധു നിയമനത്തെ തുടര്‍ന്ന് രാജിവയ്‌ക്കേണ്ടി വന്ന മുന്‍ വ്യവസായി മന്ത്രി ഇ പി ജയരാജനെതിരെ വീണ്ടും വിവാദം. ജയരാജന്‍ മന്ത്രിയായിരിക്കെ തന്റെ കുടുംബ ക്ഷേത്രം നവീകരിക്കാന്‍ വിപണിയില്‍ 50 കോടിയോളം രൂപ വില വരുന്ന തേക്ക് സൗജന്യമായി ചോദിച്ചതിന്റെ രേഖകളാണ് പുതിയതായി പുറത്തുവന്നത്.

കണ്ണൂര്‍ ഇരിണാവ് ക്ഷേത്രത്തിന്റെ നവീകരണത്തിനായാണ് 1200 ക്യൂബിക് മീറ്റര്‍ തേക്ക് സൗജന്യമായി നല്‍കണമെന്ന് ആവശ്യപ്പെട്ട് വനംമന്ത്രിക്ക് ജയരാജന്‍ കത്തെഴുതിയത്. മന്ത്രിയുടെ സ്വന്തം ലെറ്റര്‍പാഡിലായിരുന്നു കത്ത്. കത്ത് ലഭിച്ച വനംമന്ത്രി കെ രാജു ആവശ്യം പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ ഡിവിഷന്‍ ഫോറസ്റ്റ് ഓഫീസര്‍ക്ക് കത്ത് കൈമാറി. ഇരിണാവ് ക്ഷേത്രത്തില്‍ നവീകരണ പദ്ധതികള്‍ നടക്കുന്നുണ്ടോയെന്ന് അന്വേഷിച്ച് ബോധ്യപ്പെട്ട ഫോറസ്റ്റ് ഓഫീസര്‍ കണ്ണൂരിലെ ഏറ്റവും വലിയ ഫോറസ്റ്റ് ഡിവിഷനായ കണ്ണവത്തെ ഡിഎഫ്ഒയെ തേക്കിനെക്കുറിച്ച് അന്വേഷിക്കാന്‍ ചുമതലപ്പെടുത്തുകയും ചെയ്തു.

എന്നാല്‍ ഇത്രയും ഭീമമായ അളവിലുള്ള തേക്ക് കണ്ണവം വനത്തില്‍ ഇല്ലെന്ന ഡിഎഫ്ഒയുടെ മറുപടിയെ തുടര്‍ന്ന് ഇത്രയും വലിയ അളവില്‍ തേക്ക് സൗജന്യമായി നല്‍കാന്‍ ചട്ടം അനുവദിക്കുന്നില്ലെന്ന മറുപടി വകുപ്പ് മന്ത്രിക്ക് നല്‍കുകയായിരുന്നു. കണ്ണവം വനത്തില്‍ ഇത്രയും അളവില്‍ തേക്ക് കണ്ടെത്തിയിരുന്നെങ്കില്‍ വനംവകുപ്പ് സമ്മതം മൂളുകയും തേക്ക് അനുവദിക്കുകയും ചെയ്‌തേനെ.

ജയരാജന്റെ കുംബാംഗങ്ങളും ബന്ധുക്കളുമാണ് കണ്ണവം ക്ഷേത്രത്തിന്റെ ട്രസ്റ്റി അംഗങ്ങള്‍.