ചൈനീസ് ഉപകരണങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് ബാബാ രാംദേവിന്റെ ട്വീറ്റ്; ട്വീറ്റ് ചെയ്തത് ചൈനയില്‍ നിര്‍മ്മിച്ച ഐഫോണില്‍ നിന്നും

single-img
21 October 2016

 

baba-ramdev-596247

ഒരു ആവേശത്തിന് കയറി ട്വീറ്റ് ചെയ്തപ്പോള്‍ യോഗ ഗുരു ബാബ രാംദേവ് ശീര്‍ഷാസനത്തില്‍ നില്‍ക്കുമ്പോള്‍ ചിന്തിച്ചിട്ടുണ്ടാകില്ല അതിനുള്ളില്‍ ഇങ്ങനെയൊരു ചതി ഒളിഞ്ഞിരിപ്പുണ്ടെന്ന്. ഇന്ത്യക്കാരെല്ലാം ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് ചെയ്ത ട്വീറ്റാണ് രാംദേവിന് വിനയായത്.

എന്നാല്‍ സ്വാമി രാംദേവ് എന്ന ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ ഇത് ട്വീറ്റ് ചെയ്തതാകട്ടെ ചൈനയില്‍ നിര്‍മ്മിച്ച ഐഫോണില്‍ നിന്നും. രാംദേവിന്റെ ട്വീറ്റിന് ആയിരക്കണക്കിന് ലൈക്കുകളാണ് ലഭിച്ചത്. എന്നാല്‍ അതിനേക്കാള്‍ വേഗത്തിലാണ് ട്വീറ്റ് ചെയ്തത് ചൈനയില്‍ നിര്‍മ്മിച്ച ഐഫോണിലാണെന്ന വാര്‍ത്ത പരക്കുന്നത്.

twitter

‘ചൈന എന്നും നമ്മളെ ചതിച്ചിട്ടേയുള്ളൂ. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നത് ശത്രുവിനെ സഹായിക്കുന്നതിന് തുല്യമാണ്. അതുകൊണ്ട് ദേശസ്‌നേഹമുള്ള എല്ലാ ഇന്ത്യക്കാരും ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കണം’ എന്നായിരുന്നു ബാബാ രാംദേവിന്റെ ട്വീറ്റ്.

എന്നാല്‍ ട്വിറ്ററിലെ വിശദവിവരങ്ങള്‍ അറിയാന്‍ സഹായിക്കുന്ന ട്വീറ്റ് ഡെസ്‌ക് എന്ന ആപ്ലിക്കേഷന്‍ നല്‍കുന്ന വിവരത്തിലാണ് ഈ ട്വീറ്റ് ചെയ്ത ഐഫോണ്‍ ചൈനയില്‍ നിര്‍മ്മിച്ചതാണെന്ന് വ്യക്തമാകുന്നത്. ആപ്പിളിന് വേണ്ടി ഐഫോണുകള്‍ ഡിസൈന്‍ ചെയ്യുന്ന കമ്പനി കാലിഫോര്‍ണിയയിലാണെങ്കിലും അവ നിര്‍മ്മിക്കുന്നത് ഫോക്‌സ്‌കോണ്‍ എന്ന കമ്പനിയുടെ ചൈനയിലെ നിര്‍മ്മാണശാലയിലാണ്.