ഏഷ്യാനെറ്റിലെ പുതിയ നിയമനങ്ങള്‍ സംഘപരിവാറില്‍ നിന്നുമാത്രം മതിയെന്ന് ഉടമയുടെ നിര്‍ദ്ദേശം

single-img
21 October 2016

rajeev-chandrasekhar2

താന്‍ ചെയര്‍മാനായിരിക്കുന്ന ഏഷ്യാനെറ്റ് ന്യൂസ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങളില്‍ സംഘപരിവാറുകാരല്ലാത്ത ആരെയും ജോലിക്കെടുക്കരുതെന്ന് ഉടമയും രാജ്യസഭ എംപിയുമായ രാജീവ് ചന്ദ്രശേഖറിന്റെ നിര്‍ദ്ദേശം. 2005ല്‍ രാജീവ് ചന്ദ്രശേഖര്‍ രൂപംകൊടുത്ത ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജൂപ്പിറ്റര്‍ ക്യാപിറ്റല്‍ എന്ന കമ്പനിയുടെ സിഇഒ അമിത് ഗുപ്തയാണ് രാജീവിന്റെ നിര്‍ദ്ദേശമനുസരിച്ച് തങ്ങളുടെ ഉടമസ്ഥതയിലുള്ള മാധ്യമസ്ഥാപനങ്ങളുടെ എഡിറ്റോറിയല്‍ തലവന്മാര്‍ക്ക് ഇമെയില്‍ ആയി മാനദണ്ഡങ്ങള്‍ അയച്ചിരിക്കുന്നത്.

ഈ മെയില്‍ ന്യൂസ് ലോണ്‍ട്രി എന്ന മാധ്യമത്തിന് ചോര്‍ന്ന് ലഭിച്ചതോടെയാണ് സംഭവം പുറത്തായത്. മലയാളം വാര്‍ത്താ ചാനലായ ഏഷ്യാനെറ്റ് ന്യൂസിനെ കൂടാതെ കന്നട ന്യൂസ് ചാനല്‍ സുവര്‍ണ ന്യൂസ്, വെബ്‌പോര്‍ട്ടലായ ന്യൂസബിള്‍, ദിനപ്പത്രമായ കന്നട പ്രഭ എന്നിവയാണ് ജൂപ്പിറ്റര്‍ ക്യാപിറ്റലിന്റെ ഉടമസ്ഥതയിലുള്ള മാധ്യമങ്ങള്‍.

പുതുതായി തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ രാജ്യത്തെയും സൈന്യത്തെയും അനുകൂലിക്കുന്നവരാകണം, അവരുടെ വാര്‍ത്തകള്‍ കേന്ദ്രസര്‍ക്കാരിനെ അനുകൂലിക്കുന്നതാകണം, ചെയര്‍മാന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തെ അനുകൂലിക്കുന്നവരാകണം, സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് അറിവും അതിനോട് അനുഭാവവും ഉള്ളവരാകണം, ദേശീയതയിലും ഭരണത്തിലും അറിവുള്ളവരാകണം എന്നിങ്ങനെയാണ് നിര്‍ദ്ദേശങ്ങള്‍.

ഏഷ്യാനെറ്റിലെ മാധ്യമപ്രവര്‍ത്തകര്‍ ബിജെപിയോട് അനുഭാവം പുലര്‍ത്തുന്നവരാകണം എന്നാണ് ഈ നിര്‍ദ്ദേശങ്ങളിലൂടെ ലക്ഷ്യമിടുന്നതെന്ന് വ്യക്തമാണ്. രാജ്യസഭയില്‍ രാജീവ് ചന്ദ്രശേഖര്‍ സ്വതന്ത്ര അംഗമായാണ് അറിയപ്പെടുന്നത്. എന്നാല്‍ സാങ്കേതികമായി മാത്രമാണ് ഈ സ്വതന്ത്ര അംഗം എന്ന സ്ഥാനം. ഇക്കഴിഞ്ഞ സെപ്തംബര്‍ 26ന് ബിജെപി നേതൃത്വം കൊടുക്കുന്ന എന്‍ഡിഎ മുന്നണിയുടെ കേരളത്തിലെ വൈസ് ചെയര്‍മാനായി ഇദ്ദേഹത്തെ നിയമിച്ചിരുന്നു. കൂടാതെ മെയില്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് വേണ്ടി ഇദ്ദേഹം സജീവമായി പ്രചരണവും നടത്തിയിരുന്നു.