മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് നാല് പേരുടെ സ്വകാര്യ ഭാഗങ്ങളില്‍ പെട്രോള്‍ കുത്തിവച്ചു

single-img
21 October 2016

 

ghaziabad-petrol-victim_650x400_41477018551

മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് രണ്ട് കൗമാരക്കാരുള്‍പ്പെടെ നാല് പേരുടെ സ്വകാര്യഭാഗങ്ങളില്‍ പെട്രോള്‍ കുത്തിവച്ചു. ഡല്‍ഹിക്കടുത്ത് ഘാസിയാബാദിലാണ് സംഭവം.

സംഭവത്തില്‍ സമാജ്‌വാദി പാര്‍ട്ടിയുടെ പ്രാദേശിക നേതാവിന്റെ അനിയനുള്‍പ്പെടെ രണ്ട് പേര്‍ അറസ്റ്റിലായി. ഇവര്‍ക്കെതിരെ പ്രകൃതി വിരുദ്ധ കുറ്റകൃത്യത്തിനുള്ള കേസാണ് എടുത്തിരിക്കുന്നത്. റിസ്വാന്‍ എന്നാണ് സമാജ്‌വാദി പാര്‍ട്ടി നേതാവിന്റെ അനിയന്റെ പേരെന്നാണ് പോലീസ് അറിയിച്ചത്. ഘാസിയാബാദില്‍ പാല്‍ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന ഡയറി നടത്തുന്ന റിസ്വാന്‍ തന്റെ അയല്‍വാസികളായ നാല് പേരും ചേര്‍ന്ന് മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് ഇവരെ കടയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.

സഹീര്‍ ബെയ്ഗ്(17), ഗുല്‍സാര്‍(16), ഫിമോ(25), ഫിറോസ്(25) എന്നിവരാണ് കഴിഞ്ഞ വെള്ളിയാഴ്ച ഡയറിക്കുള്ളില്‍ വച്ച് ആക്രമിക്കപ്പെട്ടത്. മണിക്കൂറുകളോളം ഇവരെ കടയ്ക്കുള്ളിലിട്ട് മര്‍ദ്ദിച്ചതായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ രാകേഷ് പാണ്ഡെ അറിയിച്ചു. റിസ്വാനൊപ്പം ഇയാളുടെ സുഹത്തുക്കളായ അകില്‍, നദീം എന്നിവരുമുണ്ടായിരുന്നു. റിസ്വാന്റെ ബൈക്കില്‍ നിന്നും സിറിഞ്ച് ഉപയോഗിച്ച് പെട്രോളെടുത്ത അക്രമി സംഘം നാല് പേരുടെയും സ്വകാര്യ ഭാഗങ്ങളില്‍ പല തവണ പെട്രോള്‍ കുത്തിവയ്ക്കുകയായിരുന്നു.

റിസ്വാനും അകിലുമാണ് അറസ്റ്റിലായത്. നദീം എന്നയാള്‍ ഒളിവിലാണ്. ഇയാള്‍ക്ക് വേണ്ടി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഇവരുടെ ആക്രമണത്തില്‍ പരിക്കേറ്റ നാല് പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ കൗമാരക്കാരായ സഹീര്‍, ഗുല്‍സാര്‍ എന്നിവരുടെ നില അതീവ ഗുരുതരമാണ്. ഇവര്‍ പൂര്‍ണമായും സുഖപ്പെടാന്‍ നിരവധി ശസ്ത്രക്രിയകള്‍ ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.