Travel

ഈ കാടും കാട്ടാറും..കഥ പറയുകയാണ്..ശ്ശ്ശ്ശശശ്..ഒന്നു ചെവിയോര്‍ക്കൂ പ്രകൃതിയുടെ സംഗീതം കേള്‍ക്കാം..

unnamedfപകുതി മൂടിയ പാതയും പതഞ്ഞൊഴുകുന്ന പുഴയ്ക്കും കനത്ത കാടിനും ഇടയില്‍ വന്യതയെ പകുത്ത് മുന്നോട്ടു പോകുന കാട്ടുപാതയിലൂടെ ഞങ്ങള്‍ നടന്നു..കാടറിയണം കനവറിയണം…ഇന്നലകളിലേക്കൊന്നു നടക്കണം…എന്നതിനപ്പുറം ഹൃദയം കൊണ്ട് കണ്ട കാഴ്ചയായിരുന്നു…ആറളം വന്യജീവിസങ്കേതം നല്‍കിയത്..
അതെ ആ നിശബ്ദതയില്‍ നിന്നാണ് ഞാനും ചീവീടുകളുടെ ശബ്ദം കേള്‍ക്കാന്‍ തുടങ്ങിയത്.

 

എവിടെയോ വെച്ച മറന്നു പോയതൊക്കെ തിരിച്ച് കിട്ടിയ യാത്ര..നിശബ്ദതയാണ് ഈ കാട്.ഈ യാത്രയെ എനിക്ക് കവിതയാക്കാനും കഥയാക്കാനും കഴിയുന്നില്ല..അനുഭവത്തിന്റെ വെളിച്ചത്തില്‍ ഈ യാത്രയെ ഞാന്‍ കുറിച്ച് വെക്കുന്നു.യാത്രകള്‍ എന്നും വല്ലാത്തൊരു അനുഭവമാണ് സമ്മാനിക്കുക.മീനമാസത്തിലെ പൊള്ളുന്ന വെയിലിലായിരുന്നു ആറളത്തിലേക്കുള്ള യാത്ര..സൂര്യകിരണങ്ങള്‍ കാടിനെ ചുംബിച്ചു കൊണ്ടേയിരിക്കുന്നു..

unnamfed

ഏത് കഠിന ഹൃദയനെയും കവിയാക്കുന്ന മനോഹരമായ കാഴ്ച. ഓരോ മരങ്ങളും മറ്റൊന്നിനു അതിരിട്ടുകൊണ്ട് അങ്ങ് നീലാകാശാതോളം ചെന്നെത്തിയിരിക്കുന്നു.പ്രകൃതി അതിന്റെ കനകകാന്തി മുഴുവനും ചേര്‍ത്ത് പ്രതിഷ്ഠിച്ച കാട്

പത്ത് പന്ത്രണ്ട് കിലോമീറ്ററുകളോളം കാടിന്റെയുള്ളിലേക്കുള്ള യാത്ര മറക്കാനാവാത്ത നിമിഷങ്ങളായിരുന്നു..രാവിലെ എട്ട് മണിയോടെ പ്രഭാത ഭക്ഷണം കഴിച്ച് ഞങ്ങള്‍ നടക്കാന്‍ തുടങ്ങി..ആദ്യമൊക്കെ ഒന്നിച്ച് നടന്നു..കാടിന്റെ വിശാലതയില്‍ പിന്നെ ഞങ്ങള്‍ ഒറ്റപ്പെട്ട് നടക്കാന്‍ തുടങ്ങി..പഠനയാത്രയായതത് കൊ്ണ്ട് തന്നെ പോകുന്ന വഴികളിലെ ഓരോന്നിനെകുറിച്ചും പഠിച്ചു..പക്ഷികള്‍ ഞങ്ങളെ വരവേറ്റു..മറ്റു ചിലര്‍ ശബ്ദമുണ്ടാക്കി ഭയപ്പെടുത്തി..കാട്ടിലേക്കുള്ള ഞങ്ങളുടെ സാന്നിദ്ദ്യമറിഞ്ഞതോടെ മലയണ്ണാല്‍ മരത്തിലൂടെ ഓടിച്ചാടി നടക്കുകയാണ്…വിവരം മറ്റുള്ളവരെ അറിയിക്കാന്‍.കാട്ടിലെ ജീവജാലങ്ങള്‍ക്ക് ഞങ്ങളുടെ മനസ്സ ്കീഴ്‌പ്പെടുത്താന്‍ കഴിഞ്ഞു.കുട്ിക്കുരങ്ങന്‍മ്മാര്‍ ഓടിച്ചാടി നടക്കുന്നു..കുസൃതി കാട്ടുന്നു..ചിത്ര ചിറകുള്ള ചിത്ര ശലഭങ്ങള്‍ ഒളി കണ്ണാല്‍ ഒളിഞ്ഞു നോക്കുന്നു..വേനലായത് കൊണ്ട് തന്നെ ഇലകള്‍ പൊഴിഞ്ഞ വഴികളായിരുന്നു.കയറ്റങ്ങളും ഇറക്കങ്ങളും ഒക്കെയുള്ള കാട്.ചൂട് ഇടയ്‌ക്കൊക്കെ മനസ്സിനെ കീഴ്‌പ്പെടുത്തുന്നുണ്ടായിരുന്നു..അപ്പോഴൊക്കെ കാട്ടിനുള്ളിലൂടെയൊഴുകുന്ന കാട്ടരുവികള്‍ ആശ്വാസമായിരുന്നു.ഇത്രയധികം പക്ഷികള്‍ ഇവിടെയുണ്ടൊ എന്നു പോലും ചിന്തിച്ചാണ് ഞങ്ങളുടെ യാത്ര.കൂറ്റന്‍ മരങ്ങളുള്ള ഭീകരമായ കാടാണ് ആറളം..കാടിന്റെ ഹൃദയമറിഞ്ഞുള്ള ഒരു യാത്രയായിരുന്നു ഇത്. രാമചന്ദ്രന്‍ മാഷിന്റെ നേതൃത്വത്തില്‍ നടന്ന ആറളംയാത്ര വാക്കുകള്‍ക്കപ്പുറത്തെ അനുഭവമാണ് സമ്മാനിച്ചത്.
unnamedകാട്ടില്‍ സഞ്ചരിക്കുമ്പോള്‍ സംസാരിക്കരുത്. നിറമുള്ള വസ്ത്രങ്ങള്‍ ധരിക്കരുത്. നിശ്ചിത പാതകള്‍ വിട്ടു പോകരുത്. നിശബ്ദമായിരിക്കണം എന്നൊക്കെയുള്ള ഉപദേശങ്ങള്‍ കേള്‍ക്കുമ്പോള്‍ ഞാന്‍ സ്വല്‍പ്പ ംഅഹങ്കരിച്ചു…ഈ ചിട്ടകള്‍ എനിക്കറിയാം എന്ന ഭാവത്തോടെ..ഞാനും കാടിന്റെ മകള്‍ ആണെന്ന അഹങ്കാരത്തോടെ..സത്യം പറഞ്ഞാല്‍ കാട് ഞാന്‍ ശരിക്കും അറിഞ്ഞിരുന്നില്ല എന്നത് ഞാനറിഞ്ഞത് ഈ യാത്ര കഴിഞ്ഞ് തിരിച്ചിറങ്ങുമ്പോഴാണ്.
മനുഷ്യമനസ്സിനെ ശാന്തമാക്കുവാന്‍ ഉതകുന്നതെന്തോ കാടുകളിലൂടെയുള്ള യാത്രകള്‍ തരുമെന്ന് ഞാന്‍ മനസ്സിലാക്കിയത് ഈ യാത്രയിലൂടെയാണ്. അശാന്തിയുടെ പര്‍വ്വം ഒഴി…ഒഴിഞ്ഞതുപോലെ, ഒരു സാന്ത്വനം, അനിര്‍വചനീയമായ ഒരനുഭൂതി എന്നൊക്കെ തോന്നിച്ച യാത്ര .

ദൂരെ എവിടെ നിന്നോ ഒരു മലയണ്ണാന്‍ തന്റെ സാന്നിധ്യമറിയിച്ചു കൊണ്ട് കൂകി വിളിച്ചു.സിഗ്‌നല്‍ ബോയ് എന്നാണത്രേ മലയണ്ണാന്‍ അറിയപ്പെടുന്നത്. ക്രൂര മൃഗങ്ങളില്‍ നിന്നും പാവപ്പെട്ട മൃഗങ്ങളെ അപായ സൂചന നല്‍കി രക്ഷപ്പെടുതുവാനാണ് ഇങ്ങനെ വിളിക്കുന്നതെന്ന് സുഷാന്ത് സര്‍ പറഞ്ഞു. ഒടുവില്‍ ഞങ്ങള്‍ നിശബ്ദതയുടെ ആ സുന്ദരഭൂമി എത്തിച്ചേര്‍ന്നു. ഇടതൂര്‍ന്ന വനങ്ങളിലൂടെയുള്ള യാത്ര അത്ഭുതങ്ങളിലേക്കാണ് ഞങ്ങളെ എത്തിച്ചത്.

കാടിന്റെ ഭംഗിയും കുളിര്‍മയും ആസ്വദിക്കാന്‍ താല്പര്യമുണ്ടെങ്കില്‍ ആറളം കാട്ടിലൂടെ യാത്രചെയ്യാം.കാട് നീണ്ടു നീണ്ടു കിടന്നു. പച്ചപ്പുകള്‍ നിറഞ്ഞ്, പകുതി മൂടിയ പാതയും. പതഞ്ഞൊഴുകുന്ന പുഴയ്ക്കും കനത്ത കാടിനും ഇടയില്‍ വന്യതയെ പകുത്ത് മുന്നോട്ടു പോകുന കാട്ടുപാതയിലൂടെ ഞങ്ങള്‍ നടത്തം തുടര്‍ന്നു. യക്ഷിക്കഥകളിലേതു പോലെ സുന്ദരമായ ഒരു സ്ഥലം.
മൗനം പാലിച്ചു കൊണ്ടു നടന്നാലെ കാടിന്റെ സംഗീതം കേള്‍ക്കൂ എന്നാണ് മൊഴി. വഴി നിറയെ പല തരം കിളിനാദങ്ങളാണ്. കാട്ടില്‍ എവിടെയോ ഒരു ചൂളം വിളി ചൂളകാക്കയാണത്.
ഒരുപാട് മൃഗങ്ങളെയൊന്നും കാണാന്‍ കഴിഞ്ഞില്ലെങ്ങിലും കടുവ പുലി കാട്ടുപോത്ത് അങ്ങനെയെല്ലാ മൃഗങ്ങളും ഉള്ള കാടാണെന്ന് അറിയാന്‍ കഴിഞ്ഞു.ഒറ്റകൊമ്പനെ കണ്ടു,പക്ഷികള്‍ ചിത്രശലഭങ്ങള്‍ കുരങ്ങന്‍മാര്‍ മലയണ്ണാന്‍ നിരവധി മൃഗങ്ങള്‍
ഇവയൊന്നും എനിക്ക് കൗതുകമല്ല.. കാരണം ഞാന്‍ ഒരു വയനാട്ടുകാരിയാണ്..

ചീങ്കണ്ണിപ്പുഴയെ കുറിച്ച് പറയാതിരിക്കാനാവില്ല.. ചാലക്കുടിപുഴയുടെ തീരത്തൂടെ ഒരുപാട് തവണ ഞാന്‍ സഞ്ചരിച്ചിട്ടുണ്ട്.എങ്കിലും ചാലക്കുടിപ്പുഴയുടെ ജീവനാഡിയായ ചീങ്കണ്ണിപ്പുഴയെ കുറിച്ച് ഞാന്‍ കേള്‍ക്കുന്നത് ഇപ്പോഴാണ്..പുഴ മരിക്കുന്നു എന്ന് പറഞ്ഞ് നാമെല്ലാം കരയാറുണ്ട്.ശരിക്കും അവള്‍ക്കു നമ്മുടെ കണ്ണീരല്ല, കൈത്താങ്ങാണ് വേണ്ടത്.ചീങ്കണ്ണിപ്പുഴ ഇന്നും സുന്ദരിയാണ് അവള്‍ മരിച്ചിട്ടില്ല.പക്ഷേ മരിക്കാന്‍ തുടങ്ങുന്നു എന്ന യാഥാര്‍ത്ഥ്യം നാം മനസ്സിലാക്കണം.പുഴകളെ സംരക്ഷിക്കണം.ചീങ്കണ്ണിപ്പുഴയുടെ യൗവനം കാത്തു സൂക്ഷിക്കാന്‍ നമുക്ക് കഴിയണം..
ചീങ്കണ്ണിപ്പുഴയോരത്തെ കല്ലിനു പോലും കഥ പറയാനുണ്ടായിരുന്നു.അത്ര മനോഹരമായ പുഴ.കൊടും ചൂടില്‍ നിന്നും രക്ഷ നേടാന്‍ ചീങ്കണ്ണിപ്പുഴയില്‍ കുളിച്ചു.ആറളം യാത്രയില്‍ ചീങ്കണ്ണിപ്പുഴയും ഓര്‍മകളുടെ തെളിനീരുകള്‍ സമ്മാനിച്ചു.പുഴയ്ക്ക് കുറുകെയുള്ള തൂക്കുപാലത്തിലെ സാഹസികമായ യാത്ര മനസ്സില്‍ നിന്ന് ഒരിക്കലും മാഞ്ഞ് പോകാത്തതാണ്.
ബാലകൃഷ്ണന്‍ സാറിന്റെ നേതൃത്വത്തില്‍ നടന്ന ഈ യാത്ര അനുഭവങ്ങള്‍ക്കപ്പുറം അറിവായിരുന്നു….പ്രകൃതിയിലേക്കൊരു മടക്കയാത്ര അനിവാര്യമാണെന്ന ചിന്ത ജനിപ്പിച്ച കാട്.

ചിത്രചിറകുള്ള ചിത്രശലഭങ്ങള്‍ ചിത്രം വരയ്ക്കുന്ന കാട്

കേരളത്തിന്റെ വടക്കേയറ്റത്തുള്ള വന്യജീവിസങ്കേതമാണ് ആറളം വന്യജീവി സംരക്ഷണ കേന്ദ്രം. കണ്ണൂര്‍ ജില്ലയില്‍, തലശ്ശേരിയില്‍ നിന്നും 35 കിലോമീറ്റര്‍ അകലെയും കണ്ണൂര്‍ നഗരത്തില്‍നിന്നും 60 കിലോമീറ്റര്‍ അകലെയുമായാണ് സ്ഥിതി ചെയ്യുന്നത്.
കേരളത്തിലെ ഒരു ചെറിയ വന്യജീവിസങ്കേതമായ ആറളത്തിന്റെ വിസ്തൃതി, 55 ചതുരശ്ര കിലോമീറ്ററാണ്. വന്യജീവിസങ്കേതത്തില്‍ ആന,കാട്ടുപോത്ത്, മ്ലാവ്, കോഴമാന്‍,കാട്ടുപന്നി, കാട്ടുനായ്, കടുവ, വിവിധ തരം കുരങ്ങുകള്‍, കുട്ടിതേവാങ്ക് തുടങ്ങിയവയുണ്ട്. 1984 ല്‍ ആണ് ഈ വന്യജീവിസങ്കേതം രൂപികരിക്കപ്പെട്ടത് ആറളം വന്യജീവി സങ്കേതത്തിന്റെ വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ കാര്യാലയം സ്ഥിതിചെയ്യുന്നത് സമീപ പട്ടണമായ ഇരിട്ടിയിലാണ്. വളപട്ടണം പുഴയുടെ പ്രധാന നീര്‍ച്ചാലായ ചീങ്കണ്ണിപ്പുഴ, ബാവലിപ്പുഴ എന്നിവയുള്‍പ്പെടെ നിരവധി ചെറുതും വലുതുമായ അരുവികളും തോടുകളും ഈ വന്യജീവിസങ്കേതത്തിനുള്ളിലൂടെയും അതിരുകളിലൂടെയും ഒഴുകിയിറങ്ങുന്നു.
വടക്ക് കര്‍ണ്ണാടകസംസ്ഥാനത്തിലെ വനങ്ങള്‍, കിഴക്ക് വയനാട് ജില്ലയിലെ വനങ്ങള്‍, തെക്ക് ആറളം കൃഷിത്തോട്ടം, ചീങ്കണ്ണിപ്പുഴയും, പടിഞ്ഞാറ് ആറളം ഫാം എന്നിവയാണ് അതിരുകള്‍.

വൈവിധ്യമാര്‍ന്ന സസ്യങ്ങള്‍ ആറളത്തിന്റെ പ്രധാന പ്രത്യേകതകളാണ്.40-45 മീറ്റര്‍ വരെ ഉയരമുള്ള വൃക്ഷങ്ങളുടെ മേല്ത്തട്ട്,15-30 മീറ്റര്‍ വരെ ഉയരമുള്ള മധ്യനിര, ചെറുവൃക്ഷങ്ങളും കുറ്റിച്ചെടികളും നിറഞ്ഞ ഭൂനിരപ്പിനോട് ചേര്‍ന്ന അടിക്കാടുകള്‍ എന്നിവയോടു കൂടിയ സമൃദ്ധമായ കാടുകള്‍ ഇവിടത്തെ പ്രത്യേകതയാണ്.
ചീങ്കണ്ണിപ്പുഴയുടെ തീരത്തുകൂടെ ആയിരകണക്കിന് ശലഭങ്ങളാണ് ഈ കാലത്ത് കടന്നുപോകുന്നത്. ഇവ കുടക്മല നിരകളില്‍ നിന്നും പുറപ്പെട്ട് വയനാടന്‍ കാടുകള്‍ വഴി കടന്നുപോകുന്നതായാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഒരു മിനുട്ടില്‍ 40 മുതല്‍ 140 വരെ ആല്‍ബട്രോസ്സ് ശലഭങ്ങള്‍ പുഴയോരത്തുകൂടെ കടന്നു പോയതായി രേഖപ്പെടുത്തിയിട്ടുണ്ട്.
കേരള വനംവകുപ്പിന്റെയും മലബാര്‍ നാച്ച്വറല്‍ ഹിസ്റ്ററി സൊസൈറ്റിയുടെയും മേല്‍നോട്ടത്തില്‍ നടത്തുന്ന് കണക്കെടുപ്പില്‍ 150ൽപ്പരം പക്ഷി ജാതികളെ ഇവിടെ നിന്നും കണ്ടെത്തി. പുതുതായി കണ്ടെത്തിയത് ചരല്‍ക്കുരുവി എന്ന ഒരിനത്തെയാണ്. കേരളത്തില്‍ അപൂര്‍വമായ പാണ്ടന്‍ വേഴാമ്പലിനെയും കണക്കെടുപ്പില്‍ നാലു പ്രദേശത്തു നിന്നും കണ്ടെത്തി. പക്ഷിജാതികളുടെ എണ്ണം 237 ആയി നിജപ്പെടുത്തി
ഭൂമിയുടെ ചിത്രപ്പണികള്‍… പ്രകൃതിയുടെ സൗന്ദര്യവും വര്‍ണമേഘങ്ങളും ആസ്വദിക്കുമ്പോള്‍, ഒരു സ്വപ്നത്തില്‍ നിന്ന് മറ്റൊരു സ്വപ്നത്തിലേക്കുള്ള ദൂരമാവുന്നു…എല്ലാ യാത്രകളും.
യാത്രകള്‍ കണ്ണുകള്‍ കൊണ്ടല്ല അറിയേണ്ടത് ഹൃദയം കൊണ്ടാണ്. ഇത് ഹൃദയം കൊണ്ട് ഞാനറിഞ്ഞ യാത്ര..തിരിച്ചറിവിലേക്കുള്ള യാത്ര..കാട്ടിനുള്ളിലെ വിസ്മയങ്ങളേ തേടിയ യാത്ര..